നവംബർ 02, 2011

സീരിയല്‍ ദൈവങ്ങളേ ഇവരെ കാത്തുകൊള്ളണേ ....

 പത്തുപതിനാല് കൊല്ലം മുമ്പ് ആഴ്ചപ്പതിപ്പിലെ പൈങ്കിളി നോവലുകള്‍ ദൃശ്യവത്കരിച്ച് ടെലിവിഷന്‍ രംഗത്തേക്ക് വന്നതാണ് മനോരമ. അന്ന് വലിയൊരു പ്രസ്ഥാനമായിരുന്നു ആഴ്ചപ്പതിപ്പുകള്‍. വ്യാഴാഴ്ചകളുടെ സായാഹ്നങ്ങളെ ആവേശത്തിന്റെയും, കണ്ണുനീരിന്റെയും കാറ്റിലും, കടലിലും ആഴ്ത്തുന്ന നേവലുകളായിരുന്നു നിറയെ.
ടി.വി അപ്പോഴും അപൂര്‍വ്വ വസ്തുവായിരുന്നു ഉള്‍നാടുകളില്‍. ഞായറാഴ്ചകളില്‍ നാലുമണിക്ക്, ടി.വിയുള്ള ഭവനങ്ങളില്‍ സമീപവാസികള്‍ ഒരുമിച്ചു കൂടി. ദൂരദര്‍ശന്റെ ഗ്രെയ്ന്‍സ് ഇരമ്പുന്ന സ്‌ക്രീനില്‍ തെളിയുന്ന സിനിമക്കായി കാത്തിരുന്നു. ചില ദിനങ്ങളില്‍ ഓവര്‍ ടു ഡെല്‍ഹി എന്ന് കാണിച്ച് ജനലക്ഷങ്ങളുടെ പ്രാക്കും, തെറിയും ഏറ്റുവാങ്ങി ക്രൂരദര്‍ശന്‍ എന്ന ദേശിയ ചാനല്‍. ദൂരദര്‍ശന് അതിന്റേതായ രീതികളുണ്ടായിരുന്നു. വെള്ളക്കുപ്പായം ധരിച്ച് സ്‌കൂള്‍കുട്ടികളെപ്പോലെ നിന്ന് കുറെ കാര്‍ന്നോന്‍മാര്‍ ലളിതഗാനം പാടും. ഇടക്കിടക്ക് ന്യൂസ് റീലിനെ ഓര്‍്മ്മിപ്പിക്കുന്ന ഫില്ലറുകള്‍ കാണിക്കും, പിന്നെ റാന്തല്‍ വിളക്കിന്റെ പടത്തിന് മുന്നില്‍ ഇന്ററപ്ഷന്‍ റിഗ്രറ്റഡ് എന്നോ തടസം എന്നോ എഴുതിക്കാണിക്കും. അക്കാലത്ത് മലയാളം പരിപാടികളില്‍ ഏറ്റവും അധികം സമയം ചെലവിട്ടിരുന്നത് ഈ തടസത്തിനായിരുന്നു.
ആറുമണി മുതല്‍ സീരിയല്‍ തുടങ്ങും. മധുമോഹനെന്ന മിനിസ്‌ക്രീനിലെ മമ്മൂട്ടിയായിരുന്നു അന്ന് സീരിയല്‍ രാജാവ്. ദൂരദര്‍ശനെ മൊത്തത്തില്‍ ടെണ്ടര്‍ വിളിച്ചെടുത്ത് നാടകം നടത്തിയിരുന്ന ആ ടി.വി കലാകാരന്‍ ഇന്ന് എവിടെയാണോ ആവോ? അക്കാലത്ത് തിരുവന്തപുരത്ത് ചെന്ന് മൂന്ന് പേരോട് സംസാരിച്ചാല്‍ അതില്‍ ഒരാള്‍ സീരിയല്‍ പ്രവര്‍ത്തകനായിരിക്കും എന്നൊരു ചൊല്ലുണ്ടായിരുന്നു. ഇപ്പോള്‍ അത് സീരിയലല്ല, ചാനലാണ്.
ഈ സമയത്താണ് മനോരമ ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. തങ്ങളുടേതായ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ സീരിയലുകള്‍ നിര്‍മ്മിച്ച് വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. അല്ലെങ്കിലും മലയാളിയുടെ മനശാസ്ത്രം അരച്ച് കലക്കി കുടിച്ച മാത്തുച്ചായന്‍ പൈങ്കിളി വ്യവസായത്തില്‍ വിജയിച്ചില്ലെങ്കില്‍ പിന്നെ ആര് വിജയിക്കും. ശരിക്ക് പറഞ്ഞാല്‍ മനോരമക്ക് വാര്‍ത്തയേക്കാള്‍ ചേരുക പൈങ്കിളിയാണ്. അതുകൊണ്ട് തന്നെയാണ് മനോരമ വായനക്കാര്‍ ദശലക്ഷം ഉണ്ടായിട്ടും മനോരമ ന്യൂസ് തുടങ്ങിയിട്ട് ഇതു വരെയും ബ്രേക്ക് ഈവന്‍ ആകാത്തത്. സിനിമാതാരങ്ങളെ.യും, അക്കാലത്തെ പ്രമുഖ സംവിധായകരെയുമൊക്കെ അണിനിരത്തി നിരവധി സീരിയലുകള്‍ മനോരമ സംഭവങ്ങളാക്കി തീര്‍ത്തു. തപസ്യ പോലുള്ള സീരിയലുകള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
മനോരമ ആഴ്ചപ്പതിപ്പ് ഉള്ളിടത്തോളം കാലം മഴവില്ലിന് അന്നത്തിന് മുട്ടുവരില്ല. ഇനിയിപ്പോള്‍ ഏഴുത്തുകാരില്‍ നിന്ന് സാറ്റലൈറ്റ് റൈറ്റ് എന്ന് പറയുമ്പോലെ സീരിയല്‍ റൈറ്റുകൂടി വാങ്ങാം. രണ്ടിനെയും കൂട്ടിക്കെട്ടി നാട്ടുകാരെ ഒരു വഴിക്കാക്കാം. അല്ലെങ്കിലും മനോരമ എന്റര്‍ടെയന്‍മെന്റ് ചാനല്‍ തുടങ്ങിയത് താമസിച്ചാണ്. ഇടിഞ്ഞുപോയ ആഴ്ച്ചപ്പതിപ്പിന്റെ സര്‍ക്കുലേഷന്‍ കണക്കുകള്‍ നോക്കി ആകുലപ്പെടുന്ന മുതലാളിമാര്‍ക്ക് സീരിയലില്‍ പിഴക്കാന്‍ തരമില്ല. വെണ്ടവിത്തും, ചീരവിത്തും നല്കി സര്‍ക്കുലേഷന്‍ പിട്ിച്ചു നിര്‍ത്തുന്നവര്‍ക്ക് വരുമാനത്തിന് മറ്റൊരു വഴി വേണ്ടത് തന്നെ.
ഇനിയിപ്പോള്‍ ചാനല്‍ പ്രേക്ഷകരുടെ കൊഴിഞ്ഞ് പോക്കിന്റെ കാലമാണ്. വീട്ടമ്മമാര്‍ സൂര്യ, ഏഷ്യാനെറ്റ്് വിട്ട് മഴവില്ലില്‍ വന്ന് ചേരും. ശ്രീകണ്ഠന്‍നായരോളം വരില്ല ബ്രിട്ടാസ്....സീരിയലിന്റെ കാര്യത്തിലെങ്കിലും. ഫാരിസ് അബൂബക്കറോടോ, സന്തോഷ് പണ്ഡിറ്റിനോടോ അഭിമുഖത്തിന് പറ്റും ബ്രിട്ടാസ്. ഏഷ്യാനെറ്റിനെ സീരിയല്‍ നെറ്റാക്കിയ ശ്രീകണ്ഠന്‍ നായര്‍ക്ക് മഴവില്ലിനെ സീരിയല്‍ വില്ലാക്കാനാവട്ടെ. വകതിരിവും, പരിസരബോധവും ഇല്ലാത്ത രഞ്ജിനിമോളെയും,  കുട്ടിച്ചാത്തന്മാരെയും വിട്ട് നമുക്ക് മഴവില്ലില്‍ പാവിരിച്ച് കിടന്നുറങ്ങാം. സീരിയല്‍ ഇഷ്ടപ്പെടാത്ത പരശതം ആണുങ്ങള്‍ക്ക് കഷ്ടം എന്നേ പറയേണ്ടൂ. അവര്‍ ന്യൂസ് അവറും, പി.സി ജോര്‍ജ്ജിന്റെ തെറിയും, നികേഷ് കുമാറിന്റെ ലവലില്ലാത്ത ചോദ്യങ്ങളും കേട്ട് ആനന്ദപുളകിതരാകട്ടെ.
ജയ് മഴവില്ല്...ജയ് മെഗാ സീരിയല്‍.....

3 അഭിപ്രായങ്ങൾ:

  1. Is this content is copied from http://www.keralatimes.com/?p=4833. It looks similar....

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ എന്റെ സ്വന്തം അഭിപ്രായം എഴുതിയതാണ് സുഹൃത്തെ. പക്ഷെ താങ്കളുടെ കമന്റ് വായിച്ച് ഞാന്‍ സൈറ്റ് നോക്കി. ഞാന്‍ ആദ്യമായാണ് ഈ സൈറ്റ് കാണുന്നത്. എന്റെ മാറ്റര്‍ അതേ പടി അടിച്ചുമാറ്റിയിരിക്കുന്നു.ഞാനെഴുതിയത് നവംബര്‍ 2 ന് 6 മണിക്ക് കേരളടൈംസില്‍ നവംബര്‍ 3 നാലുമണി....താങ്ക്‌സ് ഫോര്‍യുവര്‍ ഇന്‍ഫര്‍മേഷന്‍........

    മറുപടിഇല്ലാതാക്കൂ
  3. കയ്യില്‍ കാശും തലയില്‍ മൂളയുമുള്ള ബിസിനസ്കാരന്‍ പൈങ്കിളി വിറ്റും പാവലം വിറ്റും സീരിയല്‍ വിറ്റും കൂടുതല്‍ പണമുണ്ടാക്കും. അതവന്‍റെ മിടുക്ക്. അസൂയ നന്നല്ല.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.