ഡിസംബർ 12, 2011

പ്രിഥ്വിരാജെന്താ വന്യമൃഗമോ?


അടുത്തകാലത്തായി സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തിയെന്ന നിലയില്‍ പ്രിഥ്വിരാജിന് ഒന്നാം സ്ഥാനമുണ്ട്. സന്തോഷ് പണ്ഡിറ്റ് വികലമായ ആവിഷ്‌കരണം കൊണ്ടാണ് തെറി കേള്‍ക്കുന്നതെങ്കില്‍ പ്രഥ്വിരാജെന്ന നടന്‍ തെറികേള്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. എല്ലാ സിനിമാനടന്‍മരെയും പോലെ പടത്തില്‍ അഭിനയിക്കുന്നു , ചിലവ പൊട്ടുന്നു, ചിലത് ഓടുന്നു. തികച്ചും സിനിമാറ്റിക്കായ കാര്യങ്ങള്‍. അഹങ്കാരി എന്ന വിശേഷണമാണ് പ്രഥ്വിരാജിന് മിക്കവരും വിശേഷിപ്പിച്ച് കേള്‍ക്കുന്നത്. പക്ഷേ കലാകാരന്‍ ജീവിതത്തില്‍ എന്തുമാകട്ടെ രംഗത്ത് വരുമ്പോള്‍ എങ്ങനെ എന്നേ സാമാന്യ പ്രേക്ഷകന്‍ അന്വേഷിക്കേണ്ടതുള്ളു.
അല്ലാതെ വൈകിട്ടത്തെ പാര്‍ട്ടിക്ക് സ്‌കോച്ചടിക്കുമോ, പെണ്ണുങ്ങള്‍ വിളിച്ചാല്‍ പഞ്ചാരയടിക്കുമോ എന്നൊക്കെ അന്വേഷിക്കാന്‍ ജനത്തിനെന്ത് കാര്യം. അഥവാ അത് പൗരാവകാശത്തില്‍ പെട്ട കാര്യമാണെങ്കില്‍ വേറെയെത്രയോ പുലികള്‍ ഇതിലെ കറങ്ങിനടക്കുന്നു.അവരെയൊന്നും പിടിക്കാതെ ഒരാളെ മാത്രം ഇങ്ങനെ തേജോവധം ചെയ്യാന്‍ മാത്രം കുറ്റമൊന്നും മലയാളസിനിമയോട് ടിയാന്‍ ചെയ്തതായി എന്റെ അറിവിലില്ല. മലയാള സിനിമയിലെ കാമുകന്‍മാര്‍ അമ്പത് കടന്ന് മരം ചുറ്റലൊക്കെ നിര്‍ത്തി വാഹനത്തില്‍ യാത്ര ചെയ്ത് തുടങ്ങി. നടുവിളക്കി ഡാന്‍സ് ചെയ്യാനാവാത്ത സ്ഥിതിയിലേക്കാണ് പോക്ക്. മൊത്തത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഈ അവസ്ഥയുണ്ട്. പക്ഷേ തമിഴിലും മറ്റും പുതുതലമുറ അരങ്ങ് കീഴടക്കുന്ന  സ്ഥിതിയാണ്. മലയാളത്തില്‍ പക്ഷേ അബദ്ധത്തിലെങ്ങാനും ഏതെങ്കിലും യുവ രക്ഷപെട്ടാലായി. പ്രഥ്വിരാജനെതിരെ വെറുതെയോ, കാര്യമായോ പ്രവര്‍ത്തിക്കുന്നവരോര്‍ത്തുനോക്കുക കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷത്തിനിടെ മലയാളത്തില്‍ പൗരുഷമുള്ള ഒരു പുതുമുഖം വന്നത് ഇയാള്‍ മാത്രമാണ്. നെയ്യും, പാലും കൂട്ടിയുണ്ടാക്കിയ ഉണ്ണിക്കുട്ടന്‍മാര്‍ പഞ്ചാരപ്പടങ്ങളും, കോമഡിയുമായി ഒതുങ്ങുമ്പോള്‍ ഒന്നട്ടഹസിക്കാനും, ആക്രോശിക്കാനും പ്രഥ്വിരാജൊക്കെയേ ഉള്ളു.
പ്രത്യക്ഷത്തിലുള്ള ഒരാളോടുള്ള താല്പര്യക്കുറവ് ഒരു കാരണമായി കരുതാമെങ്കിലും ഇത്രയും സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ ആസൂത്രിതമെന്നേ കരുതാനാവു. പലരും അവരറിയാതെ തന്നെ ഇതില്‍ പങ്കാളികളാകുന്നു. ഇതിന്റെ പിന്നില്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെന്ന് തന്നെ മനസിലാക്കണം. പുതിയ ആളുകളെ രംഗത്ത് വരാനനുവദിക്കാതെ സിനിമ മൊത്തം കയ്യടക്കി വെക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ ആക്രോശമൊക്കെ നടത്തുന്നത് നെറ്റിലെ യുവത്വമാണെങ്കില്‍ ആരാണ് നിങ്ങളുടെ റോള്‍ മോഡല്‍ എന്നു കൂടി പറയണം. വാര്‍ദ്ധക്യം രണ്ടിഞ്ച് കട്ടിയില്‍ ക്രീ തേച്ച് മറച്ച് ആവാത്ത ഡാന്‍സും കൂത്തും നടത്തുന്ന വല്യപ്പനോ.
സിനിമയുടെ മൂല്യങ്ങളൊക്കെ നഷ്ടപ്പെട്ട ഈ കാലത്ത് (പണ്ട് അങ്ങനൊന്നുണ്ടായിരുന്നോ ?) ആഴ്ച തോറും പഴയ സംവിധായക പുലികള്‍ പടച്ച് വിടുന്ന സിനിമകള്‍ക്കിടക്ക്് പഥ്വിരാജിനെപ്പോലുള്ളവര്‍ ഒരാശ്വാസമാണ്. കുറെപ്പേര്‍ക്കെങ്കിലും. തങ്ങളുടെ കാലം കഴിയും മുമ്പേ മക്കളെ സിഹാസനത്തിലിരുത്തുന്ന രാഷ്ട്രീയക്കാരുടെ രീതി സിനിമയില്‍ ചെലവാകണമെന്നില്ല. ആദ്യ പടം റിലീസാവും മുമ്പേ പുതിയ മൂന്നുപടം കിട്ടുന്നത് ഏതായാലും ജനം കണ്ടിട്ടോ, ആരാധകരുണ്ടായിട്ടോ അല്ലല്ലോ. അങ്ങനെ ഭരണകൈമാറ്റം വരുമായിരുന്നെങ്കില്‍ നസീറിന്റെ മകനൊക്കെ എവിടെ.
പണ്ഡിറ്റിനെ തല്ലിയൊതുക്കാന്‍ നോക്കി സ്വന്തം വില കളഞ്ഞവര്‍ പ്രഥ്വിരാജിനെ ഇനിയും വിട്ടിട്ടില്ല. പഴയ വന്യജീവിതത്തിന്റെ ബാക്കിപത്രം നമ്മളില്‍ ഇപ്പോഴും കിടക്കുന്നു. ഒരിരയെ നമുക്ക് എപ്പോഴും വേണം. കൊന്നു തിന്നാനല്ല..വേട്ടയാടി രസിക്കാന്‍...അത് വലിയ മൃഗങ്ങളാണെങ്കില്‍ കൂടുതല്‍ രസകരം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.