ഡിസംബർ 17, 2011

കൈരളി കേരളത്തോട് പറയുന്നത്.


സാധാരണക്കാരന്റെ കൂടെ നില്ക്കുന്ന പാര്‍ട്ടി എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയ സങ്കല്പം.. സാധാരണക്കാരനെന്നാല്‍ അടിസ്ഥാന വര്‍ഗ്ഗം. പക്ഷേ കാലത്തിന്റെ ഗതിമാറ്റം വന്നപ്പോള്‍ പാര്‍ട്ടി ഹൈടെക്കായി. പത്തും പതിനഞ്ചും നിലകളില്‍ പാര്‍ട്ടി ആസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉയര്‍ന്നു. അടിസ്ഥാന വര്‍ഗ്ഗം എന്നത് പ്രസംഗത്തിലൊതുങ്ങുന്ന പഴമൊഴിയായി.
ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ കുത്തക  (?) മാധ്യമങ്ങളെ നിലം പരിശാക്കി തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം മീഡിയ മേഖലയില്‍ സ്ഥാപിക്കാനാണ് കൈരളി തുടങ്ങിയത്. പാര്‍ട്ടി ചാനലെന്നും, അല്ലെന്നും മാറി മാറി പ്രസ്താവിക്കുമ്പോഴും അതങ്ങനെ തന്നെ ആയിരുന്നു. സാധാരണക്കാരന് വേണ്ടിയുള്ള ചാനല്‍. ഈ കാലത്തെ സാധാരണക്കാരന് മാധ്യമങ്ങളില്‍ നിന്ന് എന്താണ് വേണ്ടത് എന്നത് മറ്റൊരു ചോദ്യം. എന്തായാലും എന്റര്‍ടെയ്ന്‍മെന്റ് എന്നതാണ് അന്തിമ ഉത്തരം. ചാനലുകളെല്ലാം മൂല്യബോധം എന്ന വാക്ക് തുടക്കത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്ത് മൂല്യ ബോധം? കച്ചവടമെന്നതില്‍ കവിഞ്ഞ് യാതൊന്നും ചാനല്‍ വ്യവസായത്തിലില്ല. സീരിയലായാലും, സഹതാപ കണ്ണീരായാലും അതങ്ങനെ തന്നെ. അതിപ്പോള്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയും, പഞ്ചനക്ഷത്ര ഹോസ്പിറ്റലും നടത്തുന്ന ആള്‍ദൈവമായാലും, തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയായാലും.
രാഷ്ട്രീയം ഏതൊക്കെ മേഖലകളില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു എന്നു കൂടി ഇവ കാണിച്ച് തരുന്നു. സൂപ്പര്‍സ്റ്റാര്‍ ചാനല്‍ ചെയര്‍മാനാകുന്നു. സിനിമ സമരം നടക്കുമ്പോള്‍ കഞ്ഞികുടിക്കാന്‍ സീരിയലിലഭിനയിക്കുന്നവരെയും, ഗാനമേളയില്‍ പാടുന്നവരെയും വിലക്കും. പക്ഷേ ചാനലിന്റെ ചെയര്‍മാനെ ആരും തൊടില്ല. മീഡിയ ദൈവമെന്ന് ഇത്തരക്കാരെ വിശേഷിപ്പിക്കാം.
കള്ളപ്പണക്കാരെ തപ്പി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിനിമയിലും, കോര്‍പ്പറേറ്റ് മേഖലയിലും, ചാനലിലും വന്‍തോതില്‍ സാമ്പത്തിക വെട്ടിപ്പുകള്‍ നടത്തുന്നവരില്‍ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏഴോളം പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ കേരളത്തില്‍ നിന്നാവില്ലെന്ന് ആരു കണ്ടു. കള്ളപ്പണം വെളുപ്പിക്കാനുള്ള സിനിമകഴിഞ്ഞാല്‍ അടുത്ത മാര്‍ഗ്ഗമാണ് ചാനല്‍. വരും ദിനങ്ങളില്‍ ആ കഥകളും പത്രത്തില്‍ വായിക്കാം.
ഏഷ്യാനെറ്റ് പേചാനലായപ്പോള്‍ മുദ്രാവാക്യം വിളിച്ച് സമരം ചെയ്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. കേരളം പോലൊരു നാട്ടില്‍ സീരിയല്‍-റിയാലിറ്റി ഷോ സൗജന്യമായി കാണുന്നത് ജന്മാവകാശമാണത്രേ. രണ്ടാമത്തെ സമരം ഏഷ്യാനെറ്റ് മര്‍ഡോക്ക് ഏറ്റെടുത്തപ്പോഴാണ്. ഏഷ്യാനെറ്റ് എന്താ കേരളത്തിന്റെ പൊതുമുതലോ വില്‍ക്കരുതെന്ന് പറയാന്‍. എണ്ണമില്ലാത്ത പൊതുമേഖലാസ്ഥാപനങ്ങള്‍ താഴിട്ട് പൂട്ടിച്ചവരാണ് ചാനലിനെതിരെ സമരം ചെയ്തത്. അതും കഴിഞ്ഞ് പാര്‍ട്ടി ചാനലിന്റെ ഡയറക്ടര്‍ നേരെ നടന്ന് ചെന്ന് സായിപ്പ് മുതലാളിയുടെ ചാനലില്‍ ചേര്‍ന്നു. ആരെങ്കിലും മുദ്രാവാക്യം വിളിച്ചതായി അറിവില്ല.
ഇനിയിതാ കൈരളി പേ ചാനലാകുന്നു. അതിനെതിരെ ആര്‍ സമരം ചെയ്യും.
കാലിടറുന്ന ചാനലാണ് കൈരളി. ഇടക്കാലത്ത് നേടിയ  മാര്‍ക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രോഗ്രാം റേറ്റിങ്ങ് കുത്തനെ താഴുന്നു. പീപ്പിളാണെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ തന്നെ കണ്ടാലായി. സൂപ്പര്‍ സ്റ്റാറിന്റെ യൂത്ത് ചാനലിന്റെ കാര്യം പറയാതിരിക്കയാണ് ഭേദം. അല്ലെങ്കിലും മുന്‍ പറഞ്ഞപോലെ റേറ്റിംഗില്ലല്ലോ കാര്യം...അതിപ്പം ആളുകണ്ടാലും ഇല്ലെങ്കിലും അതങ്ങനെ നടക്കും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.