ഒക്‌ടോബർ 03, 2011

മലയാളത്തിലെ ചാനല്‍ ദുരന്തങ്ങള്‍



മലയാളത്തില്‍ പതിനെട്ടോളം ചാനലുകള്‍ നിലവില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ചാനല്‍ വ്യവസായം വന്‍ മുതല്‍ മുടക്കൊന്നും ആവശ്യമില്ലാത്ത ഒരു മേഖലയായതോടെ നിരവധി ആളുകള്‍ ഇതിന്റെ ആകര്‍ഷണ വലയത്തില്‍ പെട്ടു. പ്രാരംഭദശയില്‍ തന്നെ നിന്നു പോയതും തുടങ്ങിയതിന് ശേഷം പൂട്ടിപ്പോയവയുമായ നിരവധി ചാനലുകള്‍ മലയാളത്തിലുണ്ട്. ഇത്തരത്തിലെ ആദ്യ ചാനല്‍ വികാസവാണി ടെലിവിഷനായിരുന്നു. 1999ല്‍ അനൗണ്‍സ് ചെയ്യപ്പെട്ട ഈ ചാനല്‍ മാധ്യമ രംഗത്തെ പ്രമുഖ വ്യക്തികളെ അണിനിരത്തി പരസ്യകാംപെയിന്‍ വരെ സംഘടിപ്പിച്ചിരുന്നു. 2000 ല്‍ ലോഞ്ചിംഗ് ഡേറ്റ് വരെ പ്രഖ്യാപിച്ച് മുന്നേറിയ ചാനല്‍ പക്ഷേ പിന്നീട് അപ്രത്യക്ഷമായി. പിന്നീട് ഇതു വരെ ആ ചാനലിനെ പറ്റി കേട്ടിട്ടില്ല.
ഇതേ കാലയളവില്‍ തന്നെ കേരളീയനും കര്‍ണാടകയില്‍ മന്ത്രിയുമായിരുന്ന സി.എം ഇബ്രാഹിം നിലാവ് എന്ന പേരില്‍ ഒരു ചാനല്‍ പ്രഖ്യാപിച്ചു. ഇതും പിന്നീട് പിന്‍മാറി.
ദുബായില്‍ നിന്ന് ആരംഭിച്ച എം.ഇ.ടി എന്ന മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ഏതാനും മാസം സംപ്രേഷണം നടത്തി പൂട്ടിപ്പോയ ചാനലാണ്. ഗള്‍ഫ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കപ്പെട്ട ഈ ചാനല്‍ സാമ്പത്തിക പ്രതിസ്ധി മൂലമാണ് നിര്‍ത്തിയത്.ഇതിനിടയില്‍ തന്നെ നിരവധി ചാനലുകള്‍ അനൗണ്‍സ് ചെയ്യപ്പെടുകയുണ്ടായി. ഇ.ടി.വി മലയാളം, ജയ ടി.വി മലയാളം, സീ മലയാളം, സൂര്യ മറൈന്‍ പ്രൊഡക്ട്‌സില്‍ നിന്നുള്ള ചാനല്‍, വിക്ടറി ടെലിവിഷന്‍, ലിയോ ടി.വി തുടങ്ങിയവ പ്രഖ്യാപനത്തിലൊതുങ്ങി. മലയാളത്തില്‍ പൂട്ടിപ്പോയ രണ്ടാമത്തെ ചാനലാണ് ഭാരത് ടി.വി. ഇന്ത്യയിലെ ആദ്യ മള്‍ട്ടി ലിംഗ്വല്‍ ചാനല്‍ എന്ന അവകാശവാദവുമായി വന്ന ചാനല്‍ ഏറ്റവും പരിതാപകരമായ അവസ്ഥയിലായിരുന്നു. എന്തിനു തുടങ്ങി എന്ന് ഉടമസ്ഥന് പോലുമറിയാത്ത അവസ്ഥ. കൃത്യായ മനേജ്‌മെന്റോ, ആശയങ്ങളോ ഇല്ലാത്ത ഈ സംരംഭം കോടികളുടെ നഷ്ടത്തില്‍ കലശിച്ചു. ഇതിന് ശേഷം അടുത്ത കാലത്ത് എസ്.എസ് എന്റര്‍ടെയ്ന്‍മെന്റ് എന്നൊരു ചാനലും പ്രവര്‍ത്തനം തുടങ്ങുകയും നിര്‍ത്തുകയും ചെയ്തു. നാലുവര്‍ഷത്തോളം നിയമക്കരുക്കില്‍ പെട്ട് പോയ ആത്മീയയാത്ര ഇപ്പോള്‍ പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്.
ഒരു ചാനല്‍ തട്ടിപ്പിനും കേരളം 2006 ല്‍ സാക്ഷ്യം വഹിച്ചു. കോഴിക്കോട് കേന്ദ്രമാക്കി ആരംഭിച്ച മനോവ ടെലിവിഷന്‍ എന്ന കമ്പനി ചാനല്‍  അനൗണ്‍സ് ചെയ്യുകയുംവന്‍ തോതില്‍ ഷെയര്‍ പിരിക്കകുകയും ചെയ്തു. ഒരു സുപ്രഭാതത്തില്‍ എം.ഡി പണവുമായി മുങ്ങി. നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ട ഈ സംഭവും കേരളത്തില്‍ ചാനലിന്റെ പേരില്‍ നടന്ന ആദ്യ തട്ടിപ്പാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.