ജനുവരി 19, 2012

ശ്രീനിവാസനന്റെ സിനിമ പരാക്രമങ്ങള്‍


പത്തിരുപത്തഞ്ച് വര്‍ഷം മുമ്പ് ചാന്‍സ് തേടി മദ്രാസില്‍ അലഞ്ഞ് തിരിഞ്ഞ് പിന്നീട് രക്ഷപെട്ട ഒരു കൂട്ടം നടന്മാരുണ്ട് മലയാളത്തില്‍. അതില്‍ പ്രമുഖനാണ് ശ്രീനിവാസന്‍. അഭിനയിക്കാന്‍ ചെന്ന് തിരക്കഥയെഴുതി പ്രിയദര്‍ശന്റെ സിനിമകളില്‍ കുരങ്ങുകളി നടത്തിയ ശ്രീനിവാസന്‍ പില്ക്കാലത്ത് ഗൗരവമായ തിരക്കഥാ രചനയില്‍ പുതിയ വഴികള്‍ തീര്‍ത്തു. മലയാള സിനിമക്ക് എന്നും ഓര്‍ത്തുവെയ്ക്കാവുന്ന കുറെ ചിത്രങ്ങള്‍. അതിനിടെ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടും സൂപ്പര്‍ഹിറ്റ്. ഹാസ്യത്തിന്റെ ഗൗരവതരമായ മുഖം മലയാളികള്‍ ഇവയില്‍ കണ്ടു. ശ്രീനിവാസനെ സംബന്ധിച്ച മറ്റൊരു പ്രധാന കാര്യം മുന്‍നിര നടന്‍മാരുമായുള്ള ബന്ധമായിരുന്നു. മമ്മൂട്ടിയും, മോഹന്‍ ലാലും ശ്രീനിക്കുവേണ്ടി ഡേറ്റുകള്‍ ലോഭമില്ലാതെ നല്കി.
കടുത്ത വിമര്‍ശനങ്ങളും, പ്രസ്താവനകളും ശ്രീനിവാസന് പുത്തരിയല്ല. അതിന്റെ കൂടെ കുറെ സ്വയം പുകഴ്ത്തലുമുണ്ടാവും. കുറെ കാലം മുമ്പ് അദ്ദേഹം പറഞ്ഞ ഒരു ഡയലോഗാണ്...താന്‍ മലയാള സിനിമക്ക് നല്കിയ സംഭാവനയെന്നത്..നല്ലതല്ലെന്നതിന്റെ പേരില്‍ താന്‍ ചെയ്യാതിരുന്ന അഞ്ഞൂറ് സിനിമകളാണ് ...എന്നതാണ്.
കേള്‍ക്കാന്‍ രസമുണ്ട്. അപ്പോള്‍ പിന്നെ ഈ ഉന്നതകലാകാരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ശ്രീനിസാര്‍ ചെയ്തുകൂട്ടിയതും, എഴതി കൂട്ടിയതുമായ പീറ പ്പടങ്ങളുടെ കണക്ക് ഏത് അക്കൗണ്ടിലെഴുതും. മമ്മൂട്ടിയെ വച്ച് ഭാര്‍ഗ്ഗവചരിതം പോലുള്ള പടമെടുത്തത് ശ്രീനിയാണ്. മോഹന്‍ ലാലിനെ വെച്ച് ഒരു നാള്‍ വരും എഴുതിയതും ശ്രീനിയാണ്. ഇത്ര സിനിമസ്‌നേഹമുള്ള ശ്രീനിവാസന്‍ ഇത്ര പരട്ടപടങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത് മലയാള സിനമയുടെ ഏത് ഭാഗം ഉദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്.
മക്കളെയും മരുമക്കളെയും സിനമാലോകത്ത് കൈപ്പിടിച്ച് കയറ്റി ഞാന്‍ കൊണ്ടുവന്നതല്ല, അവര്‍ സ്വയം വരുന്നതാണ് എന്ന് പറയാന്‍ ശ്രീനിവാസന് ചങ്കൂറ്റമുണ്ട്. കമ്യൂണിസം കരളത്തില്‍ സിനിമയുമായി വ്യഭിചാരം നടത്തിയുണ്ടായ കൈരളിയെന്ന ചാനലിന്റെ തലപ്പത്ത് ഇരിക്കുന്ന സൂപ്പര്‍സ്റ്റാറിനെ അദ്ദേഹം ഒന്നും പറയില്ല. ലോകത്തെ മുഴുവന്‍ തെറിപറയാനും, താന്‍ ഒരു സംഭവമാണ് എന്ന് ആഴ്ചക്കാഴ്ച ടൈം സ്ലോട്ട് തരുന്ന ഇക്കയെ തെറിപറയുന്നതെങ്ങനെ. ഇനി അഥവാ പറയാന്‍ നിര്‍ബന്ധിച്ചാല്‍ കൂളിംഗ് ഗ്ലാസില്‍ ഒതുക്കും. അതിന് പ്രത്യപകാരമായി രണ്ടാണ്ട് കൂടുമ്പോള്‍ ഒരു തറവളിപ്പ് പടം ചെയ്ത് കൊടുത്ത് ഉള്ള ഇമേജ് കളയും. മുഖത്ത് ഭാവവ്യത്യാസമില്ലാതെ ഡയലോഗ് നാമം ചൊല്ലുന്നതുപോലെ പറയുന്ന തന്റെ മകനെ വിമര്‍ശിക്കാന്‍ ശ്രീനിവാസന് എല്ലുറപ്പുണ്ടോ. മകന് സിനിമകിട്ടുന്നത് അച്ഛന്റെ മകനായതുകൊണ്ടല്ലെന്ന് ഇദ്ദേഹത്തിന് പറയാന്‍ പറ്റുമോ.അല്ലെങ്കില്‍ മികച്ച ഭാവപ്രകടനം നടത്തിയ മകന്റെ ഒരു ചിത്രം കാണിച്ചുതരാന്‍ കഴിയുമോ.
കഴിഞ്ഞ ദിവസം ഒരിന്റര്‍വ്യുവില്‍ ശ്രീനിവാസന്‍ പറയുന്നത് കേട്ടു കേരളത്തിലെ പ്രേക്ഷകര്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത്് എന്നാണോ താന്‍ മനസിലാക്കിയത്്, അതാണ് ഈ ചിത്രത്തില്‍ താന്‍ നല്കുന്നത് എന്ന്്.
കേരളത്തിലെ ജനം ആഗ്രഹിക്കുന്നത് നല്കാനും, അതില്‍ നിന്ന് ലാഭം കിട്ടാനും ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ശ്രീനിവാസന്‍ പഴയ ചെന്നൈ പട്ടണത്തിലെ ആ തെരുവുകളില്‍ പോയി നോക്കിയാല്‍ മതി. കേരളത്തിലെ ജനം ആഘോഷിച്ച ചില മുഖങ്ങള്‍ ഇപ്പോഴും അവിടെ കാണും...ഭാഷാ ഭേദമില്ലാതെ മാര്‍ക്കറ്റും കി്ട്ടും.
ഒരു മികച്ച ആശയം ശ്രീനിവാസനില്‍ നിന്ന് കണ്ടാല്‍ പിന്നീട് കാണുന്ന കുറെ പടങ്ങള്‍ വെറും തറകളായിരിക്കുമെന്ന് ഉറപ്പാണ്.
ഉദയനാണ് താരത്തിന്റെ അവസാനഭാഗങ്ങളില്‍ ശ്രീനിവാസന്‍ നടത്തിയ കോമാളി വേഷംകെട്ടല്‍ ജനം അത്രക്കങ്ങ് ആസ്വദിച്ചുവെന്ന് അദ്ദേഹം കരുതുന്നുണ്ടോ?
വിമര്‍ശനമായിക്കൊള്ളൂ സാര്‍...പക്ഷേ ഇത്തരം ചിത്രങ്ങളൊക്കെ ഏത് സീരിയല്‍ എഴുത്തുകാരനും ഉണ്ടാക്കാം.
ജനത്തിന്റെ കാശടിച്ചെടുക്കാന്‍ അന്യനെ തെറിപറഞ്ഞ് രസിപ്പിക്കുന്നത് അത്ര മികവല്ല. അല്ലെങ്കില്‍ അതിലൊരു അനുഭവമുണ്ടാകട്ടെ...
മോഹന്‍ലാലിനെ വിമര്‍ശിക്കൂ...അതിനരു സിനിമയുടെ നിലവാരം കൂടി നല്കൂ...
അല്ലെങ്കില്‍ കൈരളിയുടെ സ്റ്റുഡിയോയില്‍ പോയി കിടിലന്‍ ഒരിന്റര്‍വ്യൂ നല്കൂ...
പലര്‍ക്കും ഗുണം ചെയ്യും.
അല്ലാതെ കൂടെ നിന്ന് ചവറുപടം ഇറക്കി ..പിറ്റേന്ന് കൂടെയുണ്ടായിരുന്നവരെ തെറി പറയുന്ന ഒരു നാള്‍ വരും ടെക്‌നിക് അത്ര ഭൂഷണമല്ല.
താങ്കള്‍ക്കും പ്രായം കൂടുകയാണ്.
മുഖം ഇടക്ക് കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്. ചങ്ങാതിമാരുടെ മുഖത്ത് എപ്പോഴും നോക്കിയാല്‍ കാണുന്നത് സ്വന്തം മുഖമാവില്ല ചിലപ്പോള്‍...
ജനം ശ്രീനിവാസനെ ഇഷ്ടപ്പെടുന്നു.....പക്ഷേ ശ്രീനിവാസനെ സഹിക്കാന്‍ ജനത്തിന് സൗകര്യമുണ്ടാവില്ല.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.