ഒക്‌ടോബർ 02, 2011

ജീവന്‍ ടി.വി യുടെ ഗതികേട്‌



മതപുരോഹിതന്‍മാര്‍ ഒരു സ്ഥാപനം തുടങ്ങിയാല്‍ അതിലില്ലാത്തത് മനുഷ്യത്വമാവും. കാരണം എന്തിനും കച്ചവടം കാണുന്ന വിഭാഗമാണ് പുരോഹിത വര്‍ഗ്ഗം. പ്രത്യേകിച്ച് കത്തോലിക്ക പുരോഹിതന്മാര്‍. സ്വാശ്രയകോളേജ് പ്രശ്‌നത്തില്‍ നാറാവുന്നതിനപ്പുറം നാറിയിട്ടും വിട്ടുകൊടുക്കാതെ കലഹിക്കുന്ന ഇവര്‍ വിശ്വാസികളില്‍ ജനിപ്പിക്കുന്ന അമ്പരപ്പ് അവര്‍ക്ക് മാത്രം മനസിലാവുന്നില്ല.
ഡിവൈന്‍ ചാനലുകള്‍ ഇന്ത്യയില്‍ വേരൂന്നി തുടങ്ങുന്ന കാലത്താണ് ഒരു ക്രിസ്ത്യന്‍ ചാനല്‍ എന്ന ആശയം കേരളത്തിലെ ക്രൈസ്തവ പുരേഹിതന്‍മാര്‍ക്കിടയില്‍ ഉടലെടുക്കുന്നത്. 'നമ്മുടെ മക്കള്‍ അശ്ലീലം കാണാതിരിപ്പാനും, ദൈവ സന്നിധിയില്‍ നിന്ന് വഴി തെറ്റ് പോകാതിരിക്കാനും ചാനലില്ലാതെ ഇനി പറ്റില്ല ' എന്നായിരുന്നു അന്നത്തെ ഇടയലേഖനം. ആ സമൂഹത്തിലുള്‍പ്പെട്ട ഒരാളെന്ന നിലയില്‍ ആ വളര്‍ച്ചയും, വഴി പിഴക്കലും കാണാനുള്ള ഭാഗ്യം മറ്റേതൊരു ക്രിസ്ത്യാനിയെയും പോലെ ഞാനും നേടി.
ഏറ്റവും എളുപ്പത്തില്‍ നടത്താവുന്ന പരിപാടി പണപ്പിരിവായത് കൊണ്ട് അതാരംഭിച്ചു. സ്വന്തമായി ഉണ്ടായിരുന്ന പത്രം അന്യജാതിക്കാരന് ഈട് കൊടുത്ത ബിഷപ്പുള്ള ഗ്രൂപ്പില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. വിദേശത്തുള്ളവരെയും, സ്വദേശത്തുള്ളവരെയും ഞെക്കിപ്പിഴിഞ്ഞ് കുറെ കോടികള്‍ സമ്പാദിച്ചു നേതൃത്വം. ഒരു വര്‍ഷത്തോളം കഴിഞ്ഞ് ടെസ്റ്റ് സംപ്രേഷണം ആരംഭിച്ചു. അന്നത്തെ പരസ്യം കണ്ട ആരെങ്കിലും ഉണ്ടോ ? മലയാളത്തിലിറങ്ങിയ സകല സിനിമകളുടെയും കട്ടിംഗ് കാണിച്ച് അതിലെ തിന്മകള്‍ ചൂണ്ടിക്കാണിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പരിപാടി. അതും കഴിഞ്ഞ് രണ്ട് വര്‍ഷത്തോളം മൗനമായിരുന്നതിന് ശേഷം ഏഷ്യാനെറ്റിന്റെ ട്രാന്‍സ്‌പോണ്ടര്‍ ഷെയര്‍ ചെയ്ത് സംപ്രേഷണം തുടങ്ങി. വേദപാഠ പുസ്തകത്തിന്റെ കവറിലെ പടം പോലെ കൈ കയ്യിനെ തൊടുന്ന ചിത്രം. വിളഞ്ഞ കറ്റകള്‍. സീരിയലും മറ്റും തുടക്കത്തില്‍ ജീവന്‍ ടി.വി സംപ്രേഷണം ചെയ്തിരുന്നു. പക്ഷേ ക്രമേണ പിടിവിട്ടു. മുന്നോട്ട് പോകാനാവാത്ത സ്ഥിതിയിലെത്തിയപ്പോള്‍ സ്വാഭാവികമായും ചാനല്‍ സ്വകാര്യ വ്യക്തികളിലെത്തി. പരിപാടികളില്‍ ആദ്യന്തം മാറ്റം വന്നു. ഇന്ന് ആരെങ്കിലും ജീവന്‍ ടി.വി കാണുന്നുണ്ടോ? അല്ലെങ്കില്‍ സിനിമാപ്പാട്ടും, ഡപ്പാകൂത്തുമല്ലാതെ അതിലെന്തുണ്ട്. മുടക്ക് മുതലിന് പോലും തുമ്പില്ലാതാക്കിയ ഈ പ്രസ്ഥാനം ഇന്ന് നിലനില്ക്കുന്നത് ചില സ്വകാര്യവ്യക്തികളുടെ താല്പര്യത്തിന് കീഴിലാണ്. വരവ് ക. ചെലവ് ക. വാര്‍ഷിക കണക്കുള്ള ചാനലിനെ പൈസ കൊടുത്ത് ഷെയര്‍ വാങ്ങിയ അച്ചായന്‍മാര്‍ വരെ മറന്ന് പോയി.
ഇതേ സമയത്താണ് ബെന്നി പുന്നത്തറയെന്ന വ്യക്തി പരസ്യം ഒന്നു പോലുമില്ലാതെ ശാലോം തുടങ്ങുന്നത്. ഇന്ന് ലോകമെങ്ങും പ്രേക്ഷകരുള്ള ശാലോം ടി.വി ക്ക് മികച്ച സാങ്കേതിക നിലവാരവും പരിപാടികളില്‍ പുതുമയുമുണ്ടെന്ന് അന്യ മതസ്ഥര്‍ പോലും സമ്മതിക്കുന്നു. വിശ്വാസികളുടെ പണം കട്ടെടുക്കാന്‍ മാര്‍ഗ്ഗം തേടി നടക്കുന്ന ഈ പുരോഹിതന്മാരെ ശാലോം ടി.വിയില്‍ ട്രെയിനിങ്ങിന് വിട്ടുകൂടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.