കേരളത്തില്‍ വിക്ടേഴ്‌സ് എന്നൊരു ചാനലുണ്ട്. കെ.യു ബാന്‍ഡില്‍ 24 മണിക്കൂര്‍ സംപ്രേഷണം നടത്തുന്ന കേരള ഗവണ്‍മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ ചാനലാണ് ഇത്. കുട്ടികള്‍ക്ക് പഠനസഹായത്തിനായി ആശ്രയിക്കാവുന്ന ചാനല്‍ എന്നതാണ് ഇതിന്റെ ഉദ്ദേശം. വിജ്ഞാന പ്രദമായ, പഠന സഹായികളായ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു എന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഐ.ടി മേഖല അത്യാവശ്യമെന്നല്ല, നല്ലപോലെ പണം തട്ടാനായി ഉപയോഗിക്കാവുന്ന ഒരു മേഖലയായി അധികാരികള്‍ തിരിച്ചറിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. അത് തിരിച്ചറിഞ്ഞ അന്ന് മുതല്‍ ഐ.ടി എന്നത് പുതിയൊരു വെള്ളാനയായി മാറുകയും ചെയ്തു. ഇപ്പോള്‍ കേരള ഗവണ്‍മെന്റ് കഴിഞ്ഞ സര്‍ക്കാരിന്റെ ഐ.ടി അറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട അഴിമതിയും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദന്റെ മകനുമായി ബന്ധപ്പെട്ട വിവാദവും കൂടെയുണ്ട്.
സ്വതന്ത്ര സോഫ്റ്റ് വെയറായ ലിനക്‌സ് ആണ് ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠനാവശ്യത്തിനുപയോഗിക്കുന്നത്. സ്‌പേസ് എന്നൊരു കമ്പനിയാണ് ഇതിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. സായിപ്പിന്റെ സൃഷ്ടിയില്‍ IT@School എന്ന് ലോഗിന്‍ സ്‌ക്രീന്‍ ഫിറ്റ് ചെയ്തതല്ലാതെ മറ്റെന്തെങ്കിലും സ്‌പേസ് ചെയ്തതായി അറിവില്ല. ഇതു കൂടാതെ സമ്പൂര്‍ണ്ണ കായിക ക്ഷമത പോലുള്ള സോഫ്റ്റ് വെയര്‍ അഭ്യാസങ്ങള്‍ സര്‍ക്കാരിന്റെ ചില്ലറയൊന്നുമല്ല തിന്നുതീര്‍ത്തത്. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റിന്റെ പേരില്‍ അടിച്ചുമാറ്റപ്പെട്ടത് കോടികളാണ്. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്ന പേരില്‍ അപേക്ഷഫോം പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഉണ്ടാക്കി നല്കിയതിന് ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് വരെ ആരോപണം ഉണ്ട്. മറ്റൊരു മേഖല കംപ്യൂട്ടര്‍ അനുബന്ധ സാധനങ്ങളുടെ വിപണനമാണ്. സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യലാണ് മുഖ്യപരിപാടി. ആവശ്യമുള്ളതോ ആവശ്യമില്ലാത്തതോ.? ഒരിടക്ക് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വിതരണം ചെയ്ത ഹാന്‍ഡികാമുകള്‍ക്ക് കണക്കില്ല. ഇരുപത്തായ്യിരം വിലവരുന്ന ഇവ ഇന്ന് ഏതവസ്ഥയിലാണ് എന്ന് ആര്‍ക്കെങ്കിലുമറിയുമോ. ആദ്യത്തെ ആവേശത്തില്‍ സിനിമ പിടിക്കാനിറങ്ങിയവര്‍ ഇപ്പോള്‍ ഒതുങ്ങിയിട്ടുണ്ടാവും. മാതൃഭൂമി ആഴ്ചപ്പത്ിപ്പില്‍ പ്രസിദ്ധീകരിച്ച 'സിനിമകാണാത്ത സിനിമക്കാര്‍' എന്ന് ലേഖനം നമ്മള്‍ വായിക്കേണ്ടതാണ്.
വിക്ടേഴ്‌സ് ചാനല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ കാണുന്നുണ്ടോ, സ്‌കൂളുകളില്‍ ഉദ്ഘാടനമല്ലാതെ മറ്റെന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് ആര് അന്വേഷിക്കാന്‍.ദൂരദര്‍ശന്‍ പോലും കൊടുക്കാത്ത പ്രതിഫലമാണേ്രത ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കുന്നത്. റേറ്റിംഗും പരസ്യവുമൊന്നും പ്രശ്‌നമല്ലാത്തതിനാല്‍ ആരെയും പേടിക്കേണ്ട. ഹരിത വിദ്യാലയം റിയാലിറ്റി ഷോ എന്ന പേരില്‍ സ്‌കൂളുകള്‍ക്ക് വേണ്ടി നടന്ന ആദ്യ റിയാലിറ്റി ഷോയും കോടികള്‍ പൊടിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് പത്ത് ലക്ഷവും, രണ്ടാം സ്ഥാനത്തിന് അഞ്ചും പ്രോത്സാഹനമായി ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളും നല്കി. നാനൂറിന് മേലെ വിദ്യാലയങ്ങളുള്ള കേരളത്തില്‍ ഷോയില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചത് നൂറ്് സകൂളുകള്‍ . പങ്കെടുത്തത് എണ്‍പതില്‍ താഴെ. ഈ ഷോക്ക് വേണ്ടി പൊടിച്ച കോടികളുടെ കണക്കുകൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്വേഷിച്ചിരുന്നെങ്കില്‍. പൊതു മേഖലയില്‍ മൂത്രപ്പുര പോലുമില്ലാത്ത സ്‌കൂളുകള്‍ ഇപ്പോഴും നിലനില്ക്കുമ്പോഴാണ് ഈ റിയാലിറ്റ് ഷോകള്‍. ഐ.ടി എന്നാല്‍ എന്തെന്നറിയാത്ത ഭരണ കര്‍ത്താക്കള്‍ ഭരിക്കുന്നിടത്ത് ഇതിനപ്പുറം നടക്കും. വിദ്യാഭ്യാസ മേഖല നല്ലൊരു പണം ചെലവഴിക്കപ്പെടുന്ന ഏരിയ ആയതിനാല്‍ ഇതുണ്ടാവും. ഇതൊക്കെ മനസിലാകണമെങ്കില്‍ സാമാന്യ വിദ്യാഭ്യാസവും അല്പം ഇംഗ്ലീഷുമൊക്കെ അറിയണം. അറിയാത്ത വകുപ്പ് മക്കളെ ഏല്പപിക്കുന്ന നാട്ടില്‍ ഇതിനപ്പുറവും നടക്കുമെന്ന് വിശ്വസിക്കാതെ വയ്യ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.