നവംബർ 19, 2011

സഭ വരുന്നു ...പുതിയ ചാനലുമായി....


ആധുനിക കാലത്തിന്റെ ഏറ്റവും ശക്തമായ മാധ്യമം ടെലിവിഷനാണെന്ന് ക്രിസ്ത്യന്‍ സഭ പണ്ടേ മനസിലാക്കിയതാണ്. പക്ഷേ വിദ്യാഭ്യാസ രംഗത്തെന്ന പോലെ സേവനം ചെയ്തുവരുമ്പോള്‍ അത് കച്ചവടമായി മാറുന്ന സ്ഥിതിവിശേഷം സഭയെ എന്നും പിന്തുടരുന്നുണ്ട്. ജീവന്‍ ടി.വി അതിനുദാഹരണമാണ്. നല്ലവഴിക്ക് നടത്താന്‍ ആദ്യ കാലത്ത് തന്നെ ഒരു ചാനല്‍ തുടങ്ങിയെങ്കിലും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ചാനല്‍ ചാനലിന്റെ വഴിക്കും സഭ സഭയുടെ വഴിക്കും പോയി. പാതിരിമാരെ തള്ളി മാറ്റി ജ്വല്ലറിക്കാരനും, റിസോര്‍ട്ട് മുതലാളിയുമൊക്കെ ചാനല്‍ തലപ്പത്തെത്തി. വേദാന്തവും, നല്ലവഴിയുമൊക്കെ മാറ്റി വച്ച് ഏഷ്യാനെറ്റും,സൂര്യയും ഒഴിവാക്കിയ സിനിമകളും അണ്ണാച്ചിയുടെ ചൂടന്‍ പാട്ടുകളും പ്രക്ഷേപണം ചെയ്തു തുടങ്ങി.
പക്ഷേ ഇന്നലെ വന്ന ചാനലിനും പുറകില്‍ കിടക്കാനാണ് അതിന്റെ ഗതി. ഷെയര്‍ ഹോള്‍ഡേഴ്‌സ് അത് നേര്‍ച്ചക്കാശായി വിചാരിച്ചതിനാല്‍ കൈരളിയുടെ മുറ്റത്ത് നടന്ന മാതിരി അടിയൊന്നും നടക്കാറില്ല. കെ.ടി.സി യുടെ പടം അവരുടെ തീയേറ്ററില്‍ കാലിയടിച്ച് 150 ദിവസം ഓടുന്നമാതിരി വല്ല വെളുപ്പിക്കല്‍ പരിപാടിയും ഇതുകൊണ്ട് നടക്കുന്നുണ്ടാവും.
സഭയുടെ പരിപാടി ഇങ്ങനെയാണെങ്കില്‍ ബെന്നി പുന്നത്തറയെന്നയാള്‍ പരസ്യവും, പിരിവുമില്ലാതെ ശാലോം തുടങ്ങി ചരിത്രമെഴുതി. ഇടക്കാലത്ത് സഭ പിടിമുറുക്കാന്‍ നോക്കിയെന്ന് കേട്ടെങ്കിലും അത് ഭാഗ്യത്തിന് സംഭവിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ശാലോമിലും സിനിമപ്പാട്ട് വന്നേനെ. കഥ ഇങ്ങനെ പോകുമ്പോഴാണ് കേരളത്തിലെ സഭയുടെ ആസ്ഥാന നവീകരണ കേന്ദ്രമായ പോട്ടയില്‍ നിന്ന് ഡിവൈന്‍ ടെലിവിഷന്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ സംപ്രേഷണാനുമതി ഇല്ലാത്ത ഈ ചാനല്‍ രണ്ടുവര്‍ഷത്തോളമായി പ്രക്ഷേപണം നടത്തുന്നുണ്ട്.
ഈ 20ാം തിയ്യതി ഈ ചാനല്‍ ഇവിടെയും സംപ്രേഷണം ആരംഭിക്കാന്‍ പോകുന്നു. തത്സംബന്ധിയായ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ഗുഡ്‌നെസ് ചാനല്‍ എന്നു പേരായ ചാനലിലുടെയാണ് ഇന്ത്യയില്‍ സംപ്രേഷണം നടത്തുക എന്നാണറിയുന്നത്. 20 ാം തിയ്യതി നാലുമണിക്ക് ഉമ്മന്‍ ചാണ്ടി  ചാനല്‍ സ്വിച്ച് ഓണ്‍ ചെയ്യും.
സാങ്കേതിക വിവരങ്ങള്‍ പിന്നീട് അറിയിക്കാം....
ഇരിക്കട്ടെ ഒരു ചാനലുകൂടി....ആരെങ്കിലുമൊക്കെ നന്നാവട്ടെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.