വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജനുവരി 25, 2013

നടന്‍ സിദ്ദിഖ് ചാനല്‍ തുടങ്ങുന്നു



മലയാളത്തിലെ ചാനല്‍ പെരുമഴയിലേക്ക് ഒന്നുകൂടി. നടന്‍ സിദ്ദിഖിന്‍റെ നേതൃത്വത്തിലാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. ചാനല്‍ ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാനല്‍ ഒരു ലൈഫ് സ്റ്റൈല്‍ ചാനലാവും. ആഹാരം, യാത്ര, ഫാഷന്‍, ടെക്നോളജി തുടങ്ങിയ വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ചാനല്‍‌ ഇത്തരത്തിലുള്ള ആദ്യ മലയാളം ചാനലാവും. കാക്കനാട്ടാണ് ചാനല്‍ ആസ്ഥാനം. മാര്‍ച്ചില്‍ പരീക്ഷണ സംപ്രേഷണം ആരംഭിക്കുമെന്ന് ചാനല്‍ വക്താക്കള്‍ പറയുന്നു. ചാനലിന്‍റെ ലോഗോ ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

അടിക്കുറിപ്പ്  - കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മൂന്ന് വര്‍ഷം മുമ്പ് അനൗണ്‍സുചെയ്ത പല ചാനലുകളും ഇപ്പോളും നിദ്രയിലാണ്. ജനപ്രിയയും, രാജ് ന്യൂസുമൊക്കെ നാളെ, നാളെ എന്ന മട്ടില്‍ പോകുന്നു. കേരളകൗമുദി ടെസ്റ്റ് തുടരുന്നു....

ജനുവരി 20, 2013

മാതൃഭൂമി ന്യൂസ് ചാനല്‍ 23 ന്




മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനല്‍ മാതൃഭൂമി  ജനുവരി 23 ന് സംപ്രേഷണം ആരംഭിക്കും. വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഏറെ വ്യത്യസ്ഥതകളുണ്ടാവും എന്നാണ് മാതൃഭൂമിയുടെ അവകാശവാദം. ഇനിയൊരു ചാനലിന് കൂടി മലയാളത്തില്‍ ഇടമുണ്ടോ എന്ന ചോദ്യം അപ്രസക്തമാക്കിയാണ് മാതൃഭൂമി വരുന്നത്. വാര്‍ത്താചാനല്‍ കൂടാതെ ഒരു എന്റര്‍ടെയന്‍മെന്റ് ചാനലും വൈകാതെ മാതൃഭൂമിയുടേതായി തുടങ്ങിയേക്കും. 2013 മലയാളത്തിലെ പത്രങ്ങളുടെ ചാനല്‍ പ്രവേശനത്തിന്റേതാണ്. ഫെബ്രുവരിയില്‍ മാധ്യമത്തിന്‍റെ മീഡിയ വണ്‍ ആരംഭിക്കുന്നു. കേരള കൗമുദിയുടെ ടെസ്റ്റിങ്ങ് ഒന്നരവര്‍ഷത്തോളമായി തുടരുന്നു. മംഗളത്തിനും ചാനല്‍ ബിസിനസില്‍ താല്പര്യമുണ്ട്. ഏതായാലും മാതൃഭമിക്ക് വ്യത്യസ്ഥത പുലര്‍ത്താനാവട്ടെ എന്ന് ആശംസിക്കാം.

ഒക്‌ടോബർ 10, 2012

ഡിജിറ്റലൈസേഷന്‍ വരുന്നു - ഡിഷ് ടി.വി പുതിയ പാക്കേജുമായി എത്തി





നാല് മെട്രോ സിറ്റികളില്‍ ഈ മാസം കേബിള്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കേബിള്‍ വരിക്കാര്‍ സെറ്റ് ടോപ്പ് ബോക്സ് ഉപയോഗിച്ചാലേ ചാനലുകള്‍ ലഭിക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസ് (കണ്ടീഷണല്‍ ആക്സസ് സിസ്റ്റം) എന്ന പേരില്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പുതിയ ഡിജിറ്റലൈസേഷന്‍ പാരയാവുക വലിയ പ്രേക്ഷകരൊന്നുമില്ലാത്ത പേ ചാനലുകള്‍ക്കാണ്. തുടങ്ങുമ്പോളേ പേ ചാനലായി മറ്റ് പാക്കേജുകളില്‍ തിരുകി കയറ്റി വിടുന്ന പരിപാടി എല്ലാ പ്രമുഖ ചാനല്‍ കമ്പനികളും പയറ്റുന്ന അടവാണ്. ഇത്തരക്കാര്‍ക്ക് ഇത് ക്ഷീണം ചെയ്യും. ചിലപ്പോള്‍ പ്രേക്ഷകര്‍ കയ്യൊഴിയുന്ന ചാനലുകള്‍ പേ മോഡില്‍ നിന്ന് ഫ്രീയായി മാറാനും സാധ്യതയുണ്ട്.
ഈ അവസരം മുതലാക്കാന്‍ ആദ്യമിറങ്ങിയിരിക്കുന്നത് ഡിഷ് ടി.വി യാണ്.തങ്ങളുടെ ഡി.ടി.എച്ച് സര്‍വ്വീസില്‍ നാല് മെട്രോ നഗരങ്ങള്‍ക്കായി പ്രത്യേക പാക്കേജുമായാണ് ഇവരുടെ വരവ്. ബേസിക് ചാനല്‍ പാക്കേജായി 70 ചാനലുകള്‍ ഫ്രീയായി നല്കാനാണ് ഇവരുടെ പദ്ധതി. ഈ ബേസിക് പാക്കേജിന് 100 രൂപമാത്രമാവും നിരക്ക്. കേബിള്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി മറ്റ് ഡി.ടി.എച്ച് കമ്പനികളും ഏറ്റുപിടിക്കാനാണ് സാധ്യത. നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും ഇളവുകള്‍ ഓഫര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ആരംഭത്തില്‍ പുതിയ വരിക്കാര്‍ക്ക് മാത്രമാണ് ഡിഷ് ടി.വി ഓഫറെങ്കിലും വൈകാതെ നിലവിലുള്ളവര്‍ക്കും ലഭ്യമായേക്കും. എന്തായാലും ഡിജി്റ്റലൈസേഷന്‍ രാജ്യം മുഴുവന്‍ വന്നാല്‍ ഗുണം ചെയ്യുക പ്രേക്ഷകര്‍ക്കാണ്. പണികിട്ടുക കാണികളില്ലാത്ത പേ ചാനലുകള്‍ക്കും.

ഒക്‌ടോബർ 08, 2012

അകായിയുടെ ടി.വി സ്മാര്‍ട്ട് ബോക്സ്


പഴയ ടെലിവിഷന്‍ സെറ്റുകള്‍ക്ക് പുനര്‍ജ്ജന്മം നല്കുന്ന അകായ് കമ്പനിയുടെ സ്മാര്‍ട്ട് ബോക്സ് വിലപനക്കെത്തി. പഴയ സി.ആര്‍.ടി മുതല്‍ ഏറ്റവും പുതിയ എല്‍.ഇ.ഡി വരെയുള്ളവയില്‍ ഇത് ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 2.3 ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആപ്ലിക്കേഷനുകള്‍ക്കായി നാലു ജി.ബി സ്റ്റോറേജുമുണ്ട്. ടെലിവിഷന്‍ സെറ്റുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്ന ഈ സ്മാര്‍ട്ട് ബോക്സ് ഉപയോഗിച്ച് ഗൂഗിള്‍ ആപ് സ്റ്റോറിലെ ആപ്ലിക്കേഷനുകളും റണ്‍ ചെയ്യാം. ഇന്‍റര്‍നെറ്റ് കണക്ഷന് വേണ്ടി ടു ജി, ത്രി ജി ഡോംഗിളുകള്‍ ഇതില്‍ കണക്ട് ചെയ്യാം. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ രംഗത്ത് അകായിയുടെ എതിരാളി ആംകെറ്റ് ഇവോ ടി.വിയാണ്. ഇതിന് പതിനായിരത്തിനടുത്ത് വില വരുമ്പോള്‍ അകായ് സ്മാര്‍ട്ട് ബോക്സിന് 6590 രൂപ മാത്രമേ വിലയുള്ളു. എച്ച്.ഡി.എം.ഐ പോര്‍ട്ടുള്ള സ്മാര്‍ട്ട് ബോക്സ് ഫുള്‍ എച്ച്.ഡി വീഡിയോ പ്ലേ ബാക്ക് സാധ്യമാക്കും. എ.വി പോര്‍ട്ട്, യു.എസ്.ബി പോര്‍ട്ട്, എസ്.ഡി കാര്‍ഡ് സ്ലോട്ട്, ഹെഡ്സെറ്റ് സോക്കറ്റ് എന്നിവയും ഇതിലുണ്ട്. വയര്‍ലെസ് കീബോര്‍ഡ്, മൗസ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. പഴയ ടെലിവിഷന്‍ സെറ്റുകള്‍‌ ഉപയോഗിക്കുന്നവര്‍ക്ക് ടെലിവിഷനില്‍ തന്നെ കുറഞ്ഞ ചെലവില്‍‌ നെറ്റ് ഉപയോഗം സാധ്യമാക്കാമെന്ന മികവാണ് ഈ പ്രൊഡക്ടിനെ വ്യത്യസ്ഥമാക്കുന്നത്.

ഒക്‌ടോബർ 05, 2012

സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റിലുകളുമായി വണ്‍ ടി. വി




കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാനലാണ് വണ്‍ ടി.വി. കേബിള്‍ ടെലിവിഷന്‍, സാറ്റലൈറ്റ് ചാനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ ടീമാണ് ഈ ചാനലിന് പിന്നില്‍. .. നിലവില്‍ ഡെന്‍നെറ്റ് വര്‍ക്കിലൂടെ കേബിള്‍ ചാനലായാണ് വണ്‍ ടി.വിയുടെ സംപ്രേഷണം. സംഗീത പരിപാടികള്‍ക്ക് പുറമേ വിദേശ, ഹിന്ദി, സിനിമകള്‍ മലയാളം സബ്ടൈറ്റില്‍ നല്കി പ്രദര്‍ശിപ്പിക്കുന്നു എന്നത് ഈ ചാനലിലെ ഒരു പുതുമയാണ്. കേരളത്തില്‍ ഡെന്‍നെറ്റ് വര്‍ക്ക് വേരുപിടിക്കുന്നതേ ഉള്ളു. നിലവില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍,ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഡെന്‍നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

സെപ്റ്റംബർ 28, 2012

മീഡിയ വണ്‍ ടെസ്റ്റ് ആരംഭിച്ചു



ഓണത്തിന് സംപ്രേഷണം ആരംഭിക്കുവാനിരുന്ന മീഡിയവണ്‍ ചാനല്‍ ഉദ്ഘാടനം നീട്ടിവെച്ചിരുന്നു. ഒടുവില്‍ ചാനലിന്റെ പരീക്ഷണ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. ഇന്റല്‍സാറ്റ് 17 വഴിയാണ് സംപ്രേഷണം.
സാങ്കേതിക വിവരങ്ങള്‍
സാറ്റലൈറ്റ് – ഇന്‍റല്‍സാറ്റ് 17, 66 ഡിഗ്രി ഈസ്റ്റ്
ഫ്രീക്വന്‍സി – 4005
പോളറൈസേഷന്‍ - ഹോറിസോണ്ടല്‍
സിംബല്‍ റേറ്റ് -14400

ഓഗസ്റ്റ് 05, 2012

ചിരിത്തിര വീണ്ടും



അല്പകാലം സംപ്രേഷണം നടത്തി പിന്നീട് നിര്‍ത്തിവെച്ച സണ്‍ നെറ്റ് വര്‍ക്കിന്റെ ചിരിത്തിര എന്ന കോമഡി ചാനല്‍ വീണ്ടും ആരംഭിക്കുന്നു. വീഡിയോ ഓണ്‍ ഡിമാന്‍ഡ് മോഡില്‍ ആവിഷ്കരിച്ച ചിരിത്തിര പിന്നീട് അത്തരം സംവിധാനത്തിലേക്ക് മാറാതെ തുടര്‍ച്ചയായി കോമഡി സീനുകള്‍ മാത്രം പ്രക്ഷേപണം ചെയ്യുകയായിരുന്നു. പിന്നീട് ഇത് നിര്‍ത്തിവെച്ചു. സണ്‍ ഡയറക്ടിന്റെ സര്‍വ്വീസില്‍ മാത്രമാണ് ഈ ചാനല്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും ചിരിത്തിര ആരംഭിക്കുകയാണ്. ആഗസ്റ്റ് 10 മുതല്‍ സണ്‍ഡയറക്ട് ഡി.ടി.എച്ചില്‍ എക്സ്ക്ലുസിവ് ചാനലായി ഇത് ലഭിക്കും. സൂര്യ ആക്ഷന്‍ എന്ന മൂവി ചാനലും സണ്‍ ഡയറക്ടില്‍ ഇപ്പോഴും ടെസ്റ്റ് സംപ്രേഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം മറ്റൊരു മലയാളം മൂവി ഓണ്‍ഡിമാന്‍ഡ് ചാനലും സണ്‍ഡയറക്ടില്‍ ലഭ്യമാണ്. സണ്‍ ഗ്രൂപ്പില്‍ നിന്നുള്ള എച്ച്.ഡി ഫോര്‍മാറ്റില്‍ ആരംഭിക്കുന്ന മൂവി ചാനല്‍ എന്ന് തുടങ്ങുമെന്ന് ഇപ്പോള്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ഡിഷ് വേണ്ട, കേബിള്‍ കണക്ഷന്‍ വേണ്ട വരുന്നു ഡി.ഡി.ബി

ഇന്ത്യയില്‍ ഡി.ടി.എച്ച് വിപ്ലവത്തിനും, കേബിള്‍ ഡിജിറ്റലൈസേഷന്‍ വിവാദങ്ങള്‍ക്കും ശേഷം പുതിയൊരു ടെലിവിഷന്‍ സാങ്കേതിക വിദ്യ ഉടന്‍ പ്രാവര്‍ത്തികമാകും. ഡി.ഡി.ബി എന്ന് അഡ്വാന്‍സ്ഡ് ടി.വി ഓപ്പറേറ്റിങ്ങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഏറെ പുതുമകളും സാങ്കേതിക മികവുമുള്ള പുതുതലമുറ സാറ്റലൈറ്റ് ടെലിവിഷന്‍ ടെക്‌നോളജിയാണ് ഡി.ഡി.ബി.
ഈ ടെക്‌നോളജിയില്‍ സിഗ്നലുകള്‍ റിസീവ് ചെയ്യാന്‍ സെറ്റ് ടോപ് ബോക്‌സ് ആവശ്യമില്ല. 2012 ല്‍ ടെലിവിഷന്‍ ഡിജിറ്റലൈസേഷന്‍ ആരംഭിക്കാനിരിക്കേ ഈ ടെക്‌നോളജിക്ക് ഏറെ വിപണി സാധ്യതകളുണ്ട്. ഇതുവരെ കാണാത്ത ദ്യശ്യ-ശ്രാവ്യ മികവ് ഈ സാങ്കേതിക വിദ്യയില്‍ ലഭ്യമാണ്. ടെലിവഷന്‍ കാണുകയും, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് നടത്തുകയും, ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ 2 ഡി ചാനലുകളെ 3 ഡി യാക്കി മാറ്റാനും സാധിക്കും. ടെലിവിഷന്‍ സോഫ്റ്റ് വെയര്‍ എന്‍ക്രിപ്ഷന്‍ രംഗത്തെ പ്രമുഖരായ ഇര്‍ഡെറ്റോ, ക്ലൗഡ് കംപ്യൂട്ടിങ്ങ് കമ്പനി നിവിയോ, സൗണ്ട് ടെക്‌നോളജി കമ്പനി സ്ട്രാറ്റ, ഫിലിപ്‌സ്, വീഡിയോകോണ്‍ ഡി.ടി.എച്ച് എന്നിവ ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്. പ്രയങ്ക ചോപ്രയാണ് ഡിഡിബി യുടെ ബ്രാന്‍ഡ് അംബാസഡര്‍

ജൂലൈ 29, 2012

റിലയന്‍സ് ത്രില്‍

റിലയന്‍സും, ആര്‍.ടി.എല്‍ എന്ന കമ്പനിയും ചേര്‍ന്ന് പുതിയ ചാനലുമായി വരുന്നു. ഇന്ത്യയിലെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലായിരിക്കും ഇത്. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത വിദേശ കണ്ടന്റുകളാണ് ഈ ചാനലില്‍ പ്രദര്‍ശിപ്പിക്കുക. 2012-13 ആദ്യ പാദത്തില്‍ ചാനല്‍ ലോഞ്ച് ചെയ്യും. ബിഗ് ആര്‍.ടി.എല്‍ ഗ്രൂപ്പ് പല വിദേശ കണ്ടന്റ് പ്രൊവൈഡര്‍മാരുമായും കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. ആക്ഷന്‍ റിയാലിറ്റി, ത്രില്ലര്‍, റെസ്ലിങ്ങ്, സ്പോര്‍ട്സ്, ലേറ്റ് നൈറ്റ് എന്‍റര്‍ടെയ്ന്‍മെന്റ് ഷോകള്‍ ഇതിലുണ്ടാവും. കൂടാതെ ഹോളിവുഡ് ആക്ഷന്‍ മൂവികളും ഹിന്ദിയില്‍ കാണിക്കും. ചാനല്‍ ആദ്യം ലോഞ്ച് ചെയ്യുക റിലയന്‍സിന്റെ ഡി.ടി.എച്ച് സര്‍വ്വീസായ ബിഗ് ടി.വിയിലാണ്. നിലവില്‍ അമേരിക്കന്‍ ബ്രോഡ്കാസ്റ്ററായ സി.ബി.എസുമായി സഹകരിച്ച് റിലയന്‍സ് സി.ബി.എസ് പ്രൈം, സി.ബി.എസ് സ്പാര്‍ക്ക്, സി.ബി.എസ് ലവ് എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതില്‍ സ്പാര്‍ക്ക് യൂത്ത് ഓറിയന്റഡ് ചാനലാണ്.

ജൂലൈ 22, 2012

ഒളിംബിക്സ് ദൂരദര്‍ശനില്‍



ദേശിയ ചാനല്‍ ദൂരദര്‍ശന്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള തയ്യറെടുപ്പുകളിലാണ്.27 ന് തുടങ്ങുന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി ദൂരദര്‍ശന്‍ ചെലവിടുന്നത് 310 മില്യണാണ്. ഇതില്‍ 4 മില്യണ്‍ ടെലികാസ്റ്റ് ലൈസന്‍സ് ഫീസിനത്തിലാണ്. മറ്റ് പ്രൊവൈഡേഴ്സിനെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്കാണ് ദൂരദര്‍ശന്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നത്. ഡി.ഡി സ്പോര്‍ടിസില്‍ ഫുള്‍ ടൈം കവറേജുണ്ടാകും. ദുരദര്‍ശന്‍ നാഷണലില്‍ ഉദ്ഘാടനവും, സമാപനവും ലൈവ് കാണിക്കും. അമ്പത് പേരടങ്ങുന്ന ടെക്നിഷ്യന്‍, പ്രസന്റേഴ്സ് സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. അതേ സമയം ഇ.എസ്.പി.എന്‍ സ്റ്റാറിലും ലൈവുണ്ടാകും.

ജൂലൈ 21, 2012

ഏഷ്യാനെറ്റ് മുവീസ് ഡി.ടി.എച്ചുകളില്‍

എഷ്യാനെറ്റ് മുവീസ് മിക്കവാറും എല്ലാ കേബിള്‍ നെറ്റ് വര്‍ക്കുകളിലും ലഭ്യമായിട്ടുണ്ട്. വരും ദിനങ്ങളില്‍ മിക്ക ഡി.ടി.എച്ച് സര്‍വ്വീസുകളിലും ചാനല്‍ ലഭ്യമാകും. വീഡിയോകോണ്‍ ഡി2എച്ച് സര്‍വ്വീസാണ് ആദ്യമായി ഏഷ്യാനെറ്റ് മുവീസ് നല്കിതുടങ്ങിയത്. എയര്‍ടെല്ലില്‍ 598 ചാനല്‍ നമ്പറിലാവും ഏഷ്യാനെറ്റ് മൂവിസ് വരിക. ഒരാഴ്ചക്കുള്ളില്‍ ചാനല്‍ ലഭിച്ചുതുടങ്ങും. റിലയന്‍സ് ബിഗ് ടി.വിയില്‍ 876 ചാനല്‍ നമ്പറില്‍ വൈകാതെ മൂവീസ് ലഭിച്ചു തുടങ്ങും. ഡിഷ് ടി.വി, ടാററ സ്കൈ എന്നിവയില്‍ എന്ന് ലഭ്യമാകുമെന്ന് അറിവായിട്ടില്ല. ഏഷ്യാനെറ്റ് മുവീസ് ഇപ്പോള്‍ ഫ്രീ ടു എയറായാണ് സംപ്രേഷണം നടത്തുന്നതെങ്കിലും വൈകാതെ തന്നെ പേ ഫോര്‍മാറ്റിലേക്ക് മാറ്റിയേക്കും.

ജൂലൈ 20, 2012

ജയ് മലയാളം - പുതിയ ചാനല്‍



പുതിയൊരു മലയാളം ചാനല്‍ കൂടി മലയാളത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നു. തമിഴ്നാട് കേന്ദ്രമാക്കിയ ഗൗദ കമ്മ്യൂണിക്കേഷന്‍സിന്റെ ജയ് മലയാളം എന്ന ചാനലാണ് പുതുതായി വരുന്ന ചാനല്‍. നിലവില്‍ ടെലിവിഷന്‍ രംഗത്തില്ലാത്ത ഇവര്‍ നാല് ചാനലുകളുമായാണ്. രംഗപ്രവേശം നടത്താനൊരുങ്ങുന്നത്. ജയ് മലയാളം, ജയ് തമിഴ്, ജയ് കന്നട, ജയ് തെലുഗ് എന്നിവയാണ് ഇവ. ഹിന്ദി ചാനല്‍ ഇ.ആര്‍ .എ ന്യൂസ് അക്വയര്‍ ചെയ്താണ്  ജയ് മലയാളം ആരംഭിക്കുന്നത്. ഇന്റല്‍സാറ്റ് 17 വഴിയാകും പ്രക്ഷേപണം.

നിലവില്‍ മലയാളത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ട പല ചാനലുകളെക്കുറിച്ചും വിവരമിലല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഒരു കൊല്ലം മുമ്പ് ടെസ്റ്റ് സംപ്രേഷണം ആരംഭിച്ച കേരള കൗമുദി ചാനല്‍ എപ്പോള്‍ ലോഞ്ച് ചെയ്യും എന്നതിനെപ്പറ്റി വിവരമില്ല. കെ. മുരളീധരന്‍ ആരംഭിക്കാനിരുന്ന ജനപ്രിയയുടെ അവസ്ഥയും അതു തന്നെ. ജനപ്രിയയുടെ വെബ്സൈറ്റ് പോലും നാളുകളായി ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണ്. പക്ഷേ ചാനലിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട് നാളേറെയായി. തൃശൂരില്‍ നിന്ന് ആര്‍ .എസ്.എസ്. ആഭിമുഖ്യത്തിലുള്ള ജനം ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാനലിന്റെ സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 

ജൂലൈ 19, 2012

ചാനല്‍ വി മ്യൂസിക്ക് ഉപേക്ഷിക്കുന്നു


സാറ്റലൈറ്റ് ടെലിവിഷന്‍ ഇന്ത്യയില്‍ വേരുപിടിച്ചകാലത്ത് ഏറ്റവും പ്രേക്ഷകരുണ്ടായിരുന്ന വിദേശ മ്യൂസിക് ചാനലുകളായിരുന്നു വി ചാനലും, എം.ടി.വിയും. വന്‍ലാഭം നേടിയിരുന്ന ഈ ചാനലുകള്‍ യുവത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു. എന്നാല്‍ ചാനലുകളുടെ പ്രളയത്തില്‍ മ്യൂസിക് ചാനലുകള്‍ പെരുത്തപ്പോള്‍ കാലിടറിയവരുടെ ഗണത്തിലേക്ക് ഇവയും മാറി. വലിയ മുതല്‍ മുടക്കൊന്നും കൂടാതെ മ്യൂസിക് ചാനലുകള്‍ തുടങ്ങാമെന്ന് വന്നതോടെ ആ മേഖലയില്‍ കടുത്ത മത്സരമായി. തുടര്‍ന്ന് വി ചാനല്‍ സംഗീത പരിപാടികള്‍ കുറച്ച് മറ്റ് പരിപാടികള്‍ക്ക് പ്രാധാന്യം നല്കിത്തുടങ്ങി. എം.ടി.വിയും ഇതേ പാതയിലാണ്. ചാനല്‍ വി ഇപ്പോള്‍ സംഗീത പരിപാടികള്‍ നിര്‍ത്തി പൂര്‍ണ്ണമായും യൂത്ത് ഓറിയന്റഡാകാനുള്ള നീക്കത്തിലാണ്. ഇതുവഴി കൂടുതല്‍ പ്രേക്ഷകരെയും, വരുമാനവും കമ്പനി ലക്ഷ്യമിടുന്നു. അങ്ങനെ ഒരു കാലത്ത് ഓളം സൃഷ്ടിച്ചിരുന്ന സംഗീത പരിപാടികളും, അവതാരകരും ഓര്‍മ്മയായി മാറുകയാണ് ചാനല്‍ വിയെ സംബന്ധിച്ച്. 

ജൂലൈ 16, 2012

കേരള ഫിലിംചേംബറും മൂവി ചാനല്‍ തുടങ്ങുന്നു



സിനിമാചാനലാവും ഇനി കേരളത്തിലെ പുതിയ ചാനല്‍ തരംഗം. ഏഷ്യാനെറ്റ് മൂവി ചാനല്‍ തുടങ്ങിയതോടെ കേരള ഫിലിം ചേംബറും ഇത്തരമൊരു നീക്കത്തിന് സ്പീഡ് കൂട്ടുകയാണ്. നിര്‍മ്മാതാവിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സാറ്റലൈറ്റ് ചാനലുകള്‍ വേരുപിടിച്ച ആദ്യകാലത്ത് സിനമകളുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും, സൂര്യയുമൊക്കെ സ്വന്തമാക്കിയത് 99 വര്‍ഷത്തെ കാലാവധിക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ കാലാവധി കുറച്ചത്. ചേംബര്‍ ചാനല്‍ തുടങ്ങിയാല്‍ മലയാളത്തിലെ എല്ലാ പുതുതായി ഇറങ്ങുന്ന ചിത്രങ്ങളും പ്രീമിയര്‍ ഷോ ചേംബറിന്റെ ചാനലിലാവുമത്രെ. പിന്നീട് ഇവ മറ്റ് ചാനലുകള്‍ക്ക് കൈമാറും. ആശയം നല്ലതാണെങ്കിലും ഇത്തരം ഒരു നീക്കം പണ്ട് തമിഴില്‍ ഭാരതിരാജ നടത്തി കൈപൊള്ളിച്ചതാണ്‌
 തമിള്‍തിരൈ എന്ന പേരില്‍ ചാനല്‍ തുടങ്ങി ടെസ്റ്റ് സംപ്രേഷണം നടത്തിയ കമ്പനി നിര്‍മ്മാതാക്കളെ ഒരുമിപ്പിച്ച് ചാനല്‍ നടത്താനാണ് ലക്ഷ്യമിട്ടത്. പക്ഷേ സണ്‍ പോലുള്ള വമ്പന്‍മാരുടെ മുന്നില്‍ സംഭവം പാളിപ്പോയി. തുടര്‍ന്ന് ചാനലിന് ഇന്ത്യന്‍ സംപ്രേഷണത്തിന് ലൈസന്‍സും പോയി. കാലങ്ങള്‍ക്ക് ശേഷം ടി.ബി.ഒ (തമിള്‍ ബോക്‌സ് ഓഫിസ്) എന്ന പേരില്‍ വിദേശത്ത് നിന്ന് സംപ്രേഷണം തുടങ്ങിയ ചാനല്‍ ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ചാനലും, സിനമ നിര്‍മ്മാണവും ഒരുമിച്ച് കൊമ്ടുപോകാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ക്ക് അത് ഗുണം ചെയ്യും. പക്ഷേ 10 കൊല്ലം മുമ്പ് സിനിമ നിര്‍മ്മാണത്തിന് ഇറങ്ങിതിരിച്ച ഏഷ്യാനെറ്റ് ശിവം, മേഘമല്‍ഹാര്‍ തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ നിര്‍മ്മിച്ച് സിനിമനിര്‍മ്മാണം പൂട്ടിക്കെട്ടി.
ഏഷ്യാനെറ്റ് മുവിസിന് മുമ്പേ മുവി ചാനല്‍ പ്ലാന്‍ ചെയ്ത സൂര്യയുടെ സൂര്യ ആക്ഷന്‍ എന്ന ചാനല്‍ സണ്‍ ഡി.ടി.എച്ചില്‍ ഇപ്പോഴും പരീക്ഷണ ദശയിലാണ്.

ജൂലൈ 08, 2012

ഇന്ത്യയില്‍ വിദേശ ചാനലുകള്‍ പെരുകുന്നു

അടുത്തകാലത്തായി വന്‍വര്‍ദ്ധനവാണ് ചാനലുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇതില്‍ പലതും ടെക്‌നിക്കല്‍, പ്രോഗ്രാം ക്വാളിറ്റി പാലിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ചാനല്‍ ആരംഭിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഗ്യാരണ്ടി തുകയും, ചാനല്‍ നടത്തിപ്പിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇതില്‍ പെടും.എന്നിരുന്നാലും ചാനല്‍ പെരുപ്പം തെല്ലും കുറഞ്ഞിട്ടില്ല. ഒട്ടേറെ ചാനലുകള്‍ അനുമതി കാത്തിരിക്കുന്നു. ഇതിനൊപ്പം തന്നെയാണ് വിദേശ ചാനലുകള്‍ ഇപ്പോള്‍ ധാരാളമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് സംപ്രേഷണം നടത്തുന്ന ചാനലുകള്‍ മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാന്‍ കപ്പാസിറ്റിയുള്ള ഒരു ഡി.ടി.എച്ച് കമ്പനിയും നിലവിലില്ല. ട്രാന്‍സ്‌പോണ്ടറുകള്‍ അപര്യാപ്തമായിരിക്കേ പുതിയ ചാനലുകള്‍ ആഡ് ചെയ്യാന്‍ ജനപ്രിയമല്ലാത്തവ നീക്കം ചെയ്യുകയാണ് നിലവില്‍ ഡി.ടി.എച്ച് കമ്പനികള്‍ ചെയ്യുന്നത്.


വിദേശ ചാനലുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്നത്. പ്രത്യേകിച്ച് മെട്രോകളില്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ഡസണോളം ഇംഗ്ലീഷ് ചാനലുകള്‍ പ്രക്ഷേപണം ആരംഭിച്ചു. റിലയന്‍സ് മനേജ്‌മെന്റിന് കീഴിലുള്ള സി.ബി.എസ്  ലൗ, സി.ബിഎസ് പ്രൈം,തുടങ്ങിയ ചാനലുകളും, ഫോക്‌സ് സീരിസിലെ ചാനലുകളും, ബിബിസിയില്‍ നിന്നുള്ള പുതിയ ചാനലുകളും പുതുതായി ലോഞ്ച് ചെയ്തു. ബിബിസി മൂന്ന് ചാനലുകള്‍ അടുത്തിടെ ആരംഭിച്ചു. ബിബിസി കിഡ്‌സും ആരംഭിച്ചിട്ടുണ്ട്. സ്റ്റാറിന്റെ ഫോക്‌സ് ആക്ഷന്‍ മുവിസ് ഇന്ത്യയിലെ ആദ്യ ഹോളിവുഡ് ആക്ഷന്‍ മൂവി ചാനലാണ്. ഗ്രാനഡ ടി.വി എന്ന ചാനലും അടുത്തിടെ തുടങ്ങിയിരുന്നു. അതുപോലെ ഇംഗ്ലീഷ് കോമഡി ചാനല്‍ കോമഡി സെന്‍ട്രല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോഞ്ച് ചെയ്തു.

 റിലയന്‍സില്‍ നിന്നുള്ള പുതിയ ആക്ഷന്‍ ചാനല്‍ ത്രില്‍ വൈകാതെ ആരംഭിക്കും. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത ആക്ഷന്‍ സീരിസ് പ്രോഗ്രാമുകളാവും ഇതില്‍ ഉണ്ടാവുക.
മൂവി ചാനലുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സീ സ്റ്റുഡിയോ, പിക്‌സ്, ലൂമിയര്‍, യു.ടി.വി വേള്‍ഡ് മുവീസ്, മുവീസ് നൗ, എന്നീ  ചാനലുകള്‍ കൂടാതെ എം.ജി.എം, സ്റ്റാര്‍മുവീസ്, എച്ച്.ബി.ഒ, ടി.സി.എം, വാര്‍ണര്‍ ബ്രദേഴ്‌സ്, ഫോക്‌സ് ആക്ഷന്‍ മുവീസ്, വി 18, ഹാള്‍മാര്‍ക്ക് ,ടി.എന്‍.ടി  എന്നിവയും പ്രക്ഷേപണം നടത്തുന്നുണ്ട്.

ജൂലൈ 04, 2012

ഏഷ്യാനെറ്റ് മുവീസ് ജൂലൈ 15 മുതല്‍..............



ഏഷ്യാനെറ്റില്‍ നിന്നുള്ള പുതിയ മുഴുവന്‍ സമയ മൂവി ചാനല്‍ ജൂലൈ 15 ന് ആരംഭിക്കും. മലയാളത്തിലെ ആദ്യ മൂവി ചാനലായിരിക്കും ഇത്. സണ്‍ ടി.വിയുടെ മൂവി ചാനലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏഷ്യാനെറ്റ് മുവീസ് പേ ചാനലാണ്. തങ്ങളുടെ കൈവശമുള്ള പഴയതും, പുതിയതുമായ വന്‍ ചലച്ചിത്ര ശേഖരം പുതിയ ചാനലില്‍ ഉപയോഗിക്കുന്നത് വഴി ചാനല്‍ രംഗത്ത് കൂടുതല്‍ സ്വാധിനമുറപ്പിക്കാന്‍ ഏഷ്യാനെറ്റിനാവും.
അതേ സമയം കൈരളി രണ്ട് പുതിയ ചാനലുകള്‍ കൂടി ആരംഭിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൈരളി അറേബ്യ, കൈരളി ആരോഗ്യം എന്നീ ചാനലുകള്‍ക്ക് പെര്‍മിഷന്‍ ലഭിച്ചിട്ടില്ല. നാല് വര്‍ഷത്തോളമായി പറഞ്ഞ് കേള്‍ക്കുന്ന രാജ് ന്യുസ് ഈ വര്‍ഷം ഓണത്തിന് ആരംഭിക്കുമെന്നാണ് അവസാന വാര്‍ത്ത.


മാർച്ച് 11, 2012

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ബിസിനസ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ബിസിനസ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു. ഇംഗ്ലീഷിലാണ് ചാനല്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
കേരളത്തിലെ ദ്യശ്യമാധ്യമങ്ങള്‍ ബിസിനസ് മേഖലക്ക് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കണ്ടെത്തല്‍. ബിസിനസ് സംബന്ധമായ പരിപാടികള്‍ തീരെ കുറവും, അതാകട്ടെ കാഴ്ചക്കാരില്ലാത്ത സമയത്തുമാണ്. പണി പൂര്‍ത്തിയാകുന്ന മറൈന്‍ ഡ്രൈവിലെ കേരള ട്രേഡ് സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17 ചിങ്ങം 1 ന് രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ നിര്‍വ്വഹിക്കുന്നതോടെ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. KCCI എന്ന് തന്നെയാവും ചാനലിന്റെ പേര്. പുതിയ ചാനല്‍ സംബന്ധിച്ച് മറ്റ് ചാനലുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഫെബ്രുവരി 04, 2012

സ്ത്രീകള്‍ക്കായി ഒരു മലയാളം ചാനല്‍


ഇന്ത്യയിലെ തന്നെ വനിതകള്‍ക്കായുള്ള ആദ്യ ചാനല്‍ മലയാളത്തില്‍. വിനോദ,വിജ്ഞാന,ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് ചാനല്‍ വരുന്നത്. സഖി എന്ന പേരിലാണ് ചാനല്‍ അവതരിപ്പിക്കുന്നത്. സഖി ടെലിവിഷന്‍ കമ്യൂണിക്കേഷന്‍ ലിമിറ്റഡാണ് കമ്പനി. നാല് ഭാഷകളില്‍ കൂടി ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.
സീരിയലുകള്‍ക്കപ്പുറം സ്ത്രീശാക്തീകരണത്തിന് ലക്ഷ്യം വച്ചായിരിക്കും പ്രവര്‍ത്തനം.
സിനമാനടി ശാരദയാണ് രക്ഷാധികാരി. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ സി.ഇ.ഒ ആണ്. ഫെബ്രുവരി 8ന് ചാനല്‍ പ്രവര്‍ത്തനോദ്ഘാടനം നടക്കും. ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും.

(കുറിപ്പ്... അനൗണ്‍സു ചെയ്യപ്പെട്ട ചാനലുകള്‍ നിലവില്‍ വന്ന ചാനലുകളുടെ ഇരട്ടി വരും. വരും, ഇതാ വരുന്നു, ദാ വന്നു, കണ്ടില്ല എന്ന മട്ടില്‍ ഒട്ടേറെ ചാനലുകള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനുവരി 26 ന് തുടങ്ങുമെന്ന് പരസ്യം നല്കിയ സീ ടെലിവിഷനെപ്പറ്റി അറിവില്ല. രാജ് ന്യൂസ് നിദ്ര തുടരുന്നു. കലാരഞ്ജിനിയെന്ന ചാനല്‍ സ്വപ്‌നമായി അവശേഷിക്കുന്നു. ഈ ചാനലിന് രാജസേനന്‍ പടത്തിന്റെ ഗതിയാകാതിരുന്നാല്‍ ഭാഗ്യം.........)

ജനുവരി 29, 2012

സുരേഷ് ഗോപി മിനിസ്‌ക്രീനിലേക്ക്


പ്രമുഖതാരങ്ങളെല്ലാം മിനിസ്‌ക്രീനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവരാണ്. മോഹന്‍ലാല്‍ സീരിയല്‍ നിര്‍മ്മിച്ചിരുന്നു. മമ്മൂട്ടിയാണെങ്കില്‍ ചാനല്‍ മുതലാളിയാണ്. മുകേഷ് പരിപാടി അവതാരകന്‍. അങ്ങനെ മലയാളത്തിലെ ഭൂരിപക്ഷം താരങ്ങളും അഭിനയത്തിനും അല്ലാതെയും ടെലിവിഷന്‍ മാധ്യമത്തെ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്രകാലമായിട്ടും ഈ മേഖലയില്‍ പ്രവേശിക്കാത്ത ഒരു നടനായിരുന്നു സുരേഷ് ഗോപി. നിര്‍മ്മാണ മേഖലയില്‍ താല്പര്യങ്ങളില്ലാത്തതും, സീരിയല്‍ അഭിനയം യോജിക്കാത്തതിനാലും ടെലിവിഷനില്‍ നിന്ന് മാറിനിന്ന സൂരേഷ് ഗോപി കോടീശ്വരന്‍ റിയാലിറ്റി ഷോയിലൂടെ മലയാളം ചാനലിലെ അവതാരകനാകുന്നു. ഏഷ്യാനെറ്റാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാളം പതിപ്പ് ആദ്യം വന്നത് സൂര്യയിലാണ്. മുകേഷായിരുന്നു അവതാരകന്‍. ഇപ്പോള്‍ സ്റ്റാറിന്റെ കീഴിലുള്ള ഏഷ്യാനെറ്റില്‍ വൈകാതെ പരിപാടി ആരംഭിക്കും. റിലയന്‍സ് ഗ്രൂപ്പിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് പരിപാടി നിര്‍മ്മിക്കുന്നത്.

ജനുവരി 06, 2012


സണ്‍ ടി.വിയില്‍ നിന്ന് നാല് ആക്ഷന്‍ ചാനലുകള്‍
സണ്‍ ടിവി നാല് ആക്ഷന്‍ ചാനലുകള്‍ ലോഞ്ച് ചെയ്തു. സണ്‍ ആക്ഷന്‍, സൂര്യ ആക്ഷന്‍,ജെമിനി ആക്ഷന്‍, സൂര്യന്‍ ടി.വി (കന്നട) എന്നിവയാണ് ഇവ. ഇവയുടെ പ്രത്യേകത പരസ്യങ്ങളില്ല എന്നതാണ്. ഇതാദ്യമായാണ് ഇത്രയും ആഡ് ഫ്രീ ചാനലുകളുടെ ലോഞ്ചിംഗ്. പേ ഫോര്‍മാറ്റിലുള്ള ഇവ നിലവില്‍ സണ്‍ ഡി.ടി.എച്ചില്‍ മാത്രമേ ലഭിക്കു.
ആക്ഷന്‍ ഗണത്തില്‍ പെട്ട ചാനലുകള്‍ പെരുകുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ചാനല്‍ രംഗത്തെ പുതിയ ട്രെന്‍ഡ്. യുടിവി ആക്ഷന്‍ തെലുങ്ക് പതിപ്പ് അടുത്തിടെ ആരംഭിച്ചിരുന്നു. സ്റ്റാറിന്റെ ആക്ഷന്‍ ചാനല്‍ വൈകാതെ ആരംഭിക്കും.