ഡിസംബർ 15, 2011

ക്ലാസിക് എ പടങ്ങള്‍...


മലയാള സിനിമ നാല്‍ക്കവലയിലെത്തി നില്ക്കുകയാണ്. ഏത് വഴിക്ക് പോകണമെന്നറിയാതെ.ഒരു വഴിക്ക് പോയാല്‍ തമിഴന്റെ നാട്ടിലെത്താം. മറ്റൊരു വഴിക്ക് പോയാല്‍ ഹിന്ദിയിലെത്താം.പിന്നൊരു വഴി തെലുങ്കന്റെ അടുത്തേക്കാണ്. സ്വന്തം വഴി തകര്‍ന്ന് കിടക്കുന്നു. അടുത്ത കാലത്ത് പുറത്തിറങ്ങുന്ന സിനിമകള്‍ നോക്കിയാല്‍ ഒരു കാര്യം ഏത് വിവരദോഷിക്കും മനസിലാവും. നമ്മുടെ സംവിധായക പ്രതിഭകളുടെയൊക്കെ ഭാവന വറ്റിത്തുടങ്ങിയിരിക്കുന്നു. പ്രമേയത്തിലും, പുതുമയിലും പുതുതായി ഒന്നുമില്ലാതെ ഇരുപത് വര്‍ഷം മുമ്പത്തെ സെറ്റപ്പിലേക്ക് സിനിമയെ കൊണ്ടു കെട്ടുകയാണ് കാരണവന്‍മാര്‍.
ഒരു കാലത്ത് ജ്വലിച്ച് നിന്ന ശിങ്കങ്ങള്‍ ഇന്ന് പണിയില്ലാതെ വീട്ടിലിരിക്കുന്നു. കഴിവുള്ള ആരെങ്കിലും എഴുതിവച്ച തിരക്കഥയെടുത്ത് സിനിമയാക്കി പ്രശസ്തരായവരാണ് ഇവരെല്ലാം. എം.ടിയും ലോഹിതദാസും എഴുത്ത് നിര്‍ത്തിയതോടെ പെട്ടി പൂട്ടേണ്ടി വന്നവര്‍. ലോഹിതദാസിന്റെ വിയോഗത്തോടെ ഗൗരവമാര്‍ന്ന കുടുംബചിത്രങ്ങള്‍ അവസാനിച്ചു. തനിയാവര്‍ത്തനവും, മാലയോഗവും, ആധാരവുമെടുത്ത സിബി മലയില്‍ ഇന്ന്  ചെറുപ്പക്കാരെ നാടകം കളിപ്പിക്കുന്ന പുതിയ ചിത്രങ്ങള്‍ നോക്കുക. ദയനീയമായ അവസ്ഥ.
അടുത്തിടെ ഇറങ്ങിയ മറ്റ് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ നോക്കുക. ജയരാജിന്റെ നായിക, കമലിന്റെ സ്വപ്‌നസഞ്ചാരി ....അവാര്‍ഡ് പടം ഒന്ന്, ചില്ലറ കിട്ടാനുള്ള പടം ഒന്ന് എന്ന മട്ടില്‍ പടംപിടിക്കുന്ന ഇവരുടെ മിമിക്രി പടങ്ങള്‍.
ഇത്തരം വിഷയദാരിദ്ര്യത്തിന്റെ കാലത്താണ് റീമേക്ക് ഭ്രമം. പുതിയതൊന്നും കയ്യിലില്ല എന്നാല്‍ പിന്നെ പഴയതെടുത്ത് പെരുമാറുക തന്നെ. പക്ഷേ വിചിത്രമെന്ന് പറയട്ടെ സെക്‌സ് ഇമേജുള്ള ചിത്രങ്ങള്‍ക്ക് മാത്രമാണ് മാര്‍ക്കറ്റ്. പണ്ട് മലയാളിയെ ഇക്കിളിയാക്കിയ സിനിമകളൊക്കെ രണ്ടാം വരവിനൊരുങ്ങുകയാണ്. അതിന്റെ മുന്‍ഗാമിയാണ് രതിനിര്‍വ്വേദം. ഇണയും, ഈറ്റയും, അവളുടെ രാവുകളുമൊക്കെ വൈകാതെ വന്നേക്കും. തകര തീര്‍ച്ചയായും വരും. പക്ഷേ കയ്യിലൊന്നും ഇല്ലാത്തവര്‍ അതിന്റെ ലൈംഗിക മാര്‍ക്കറ്റ് മാത്രമാണ് കാണുന്നത്. പത്മരാജന്റെ കഥയിലെ ജീവിതം അതില്‍ മിസ്സാകുന്നു. സെറ്റുമുണ്ടുടുത്ത്, ഫേഷ്യല്‍ ചെയ്ത് അരിയാട്ടുന്ന പുതിയ നായിക. സാരിയഴിക്കാന്‍ വേണ്ടി തയ്പിച്ച പാവാട.
ഇതിനെയൊക്കെ ചര്‍ച്ചക്ക് വെച്ച് 9 മണിയുടെ വാര്‍ത്ത സെക്‌സ് കഥയാക്കുന്ന ചാനലുകള്‍. രതിനിര്‍വ്വേദത്തിന്റെ ചാനല്‍ പ്രാധാന്യം കണ്ടാല്‍ ഇതെന്തോ ക്ലാസിക്കാണെന്ന് തോന്നും. ഞരമ്പ് രോഗികളേറെയുള്ള കേരളത്തില്‍ ഇനി ഇതിന്റെ കുറവേ ഉള്ളു.
ഇന്റര്‍വ്യുവില്‍ നായകന്‍ പറയും നായികയോടടുത്ത് പെരുമാറാന്‍ കഴിഞ്ഞത് കൊണ്ട് രംഗങ്ങളില്‍ നല്ല പോലെ അഭിനയിക്കാന്‍ കഴിഞ്ഞു എന്ന്. അഭിനയം എന്നുദ്ധേശിക്കുന്നത് കെട്ടിപിടുത്തവും ഉരുമ്മലുമാണ്. ഇനിയിപ്പോള്‍ സംവിധായകരും ലീഡിങ്ങ് നിര്‍മ്മാതാക്കളും ഈ വഴിയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നതെങ്കില്‍ കുറച്ച് കാലമായി പണിയില്ലാതിരിക്കുന്ന ഷക്കീല, മറിയ എന്നിവരെയൊക്കെ വച്ച് ക്ലാസിക് പടങ്ങള്‍ എടുക്കൂ എന്നാണ് ഒരെളിയ നിര്‍ദ്ധേശം. മാതൃഭൂമിയില്‍ ഇരുപത് പേജ് ആത്മകഥ വന്ന സ്ഥിതിക്ക് ഷക്കീല ബുദ്ധി ജീവി മണ്ഡലത്തിവും വിരാജിക്കേണ്ടവളാണ്. സില്‍ക്ക് സ്മിതക്ക് വേണ്ടി കവിതാസമാഹാരം ഇറക്കിയവര്‍ പിന്തുണക്കുക. അല്ലാതെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുന്ന എക്‌സ് സെക്‌സ് മോഡലുകളേയേ പറ്റൂ എന്നുണ്ടോ?
ക്ലാസിക് പടങ്ങളില്‍ പാര്‍ശ്വവല്കരിക്കപ്പെട്ടവര്‍ക്കും കിട്ടട്ടെ ഒരിടം.
ഷക്കീലയെ വിളിക്കൂ ..മലയാള സിനമയെ രക്ഷിക്കൂ എന്നും പറയാം.

2 അഭിപ്രായങ്ങൾ:

  1. റി മേക് ചെയ്തതില്‍ ഇക്കിളി പടങ്ങള്‍ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  2. കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നു. ഇതു കമന്റ് അടിക്കാന്‍ എത്തുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.ഇതിനു നമുക്ക് പരിഹാരം ഉണ്ടാക്കാം.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ഈ ലിങ്ക് വിസിറ്റ് ചെയ്തു വായിച്ചു മനസ്സിലാക്കൂ.. കമന്റ് അടിക്കാരെ സഹായിക്കൂ..

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.