ഏപ്രിൽ 30, 2012

അവതരണവധം ആട്ടക്കഥയും ചാനല്‍ കിലുക്കിക്കുത്തും..



ര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമകൊട്ടകകളും, ഗ്രാമീണ തീയേറ്ററുകളും സജീവമായിരുന്ന കാലത്ത് അവയുടെ സമീപങ്ങളില്‍ പരമ്പരാഗതമായ ചില തൊഴിലുകളും കേന്ദ്രീകരിച്ചിരുന്നു. കിലുക്കികുത്ത്, നാടകുത്ത്, മുച്ചീട്ട് കളി തുടങ്ങിയ നാടന്‍ കലാ രൂപങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചിരുന്നത് മേല്‍ പറഞ്ഞ പ്രദര്‍ശന ശാലകള്‍ക്ക് സമീപമായിരുന്നു. അധ്വാനിച്ചുണ്ടാക്കിയ പണം അല്പം വിനോദത്തിനായി ചെലവഴിക്കാന്‍ വരുന്ന സാധാരണക്കാരനെ ആകര്‍ഷിച്ച് വലയില്‍ വീഴ്ത്തുന്ന കെണികളായിരുന്നു ഇവ. കീശയിലെ കാശുമുഴുവന്‍ പോയവര്‍ക്ക് വണ്ടിക്കൂലി കൊടുത്തുവിടുന്ന ഒരു ധര്‍മ്മശീലവും ഇത്തരം കൈത്തൊഴിലുകാര്‍ക്ക് ഉണ്ടായിരുന്നു.
കാലം മാറിയപ്പോള്‍ ഇത്തരം വംശങ്ങള്‍ അന്യം നില്ക്കുകയും വീഡിയോകോണ്‍, സീടിവി, റിലയന്‍സ്, അണ്ണാച്ചി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ തരാതരം തട്ടിപ്പ് ലോട്ടറികളുമായി രംഗം കീഴടക്കുകയും ചെയ്തു. കൈയ്യനങ്ങാതെ കാശ് എന്നത് ശീലമായിത്തുടങ്ങിയ പലരും അത് പുകവലി പോലെ ആസ്വദിച്ചുതുടങ്ങി. കോഴിക്കോട് അപ്‌സര തീയേറ്ററില്‍ ഉ്ള്ളതിനേക്കാള്‍ ആളുകള്‍ അതിന്റെ സമീപത്തുള്ള രണ്ട് ലോട്ടറിക്കടകളില്‍ ഉള്ള അവസ്ഥ.
കാലം അങ്ങനെ നിരോധനവും, ഒളിച്ച് വില്പനയുമായി പുരോഗമിക്കവേ ചാനലുകള്‍ക്ക് ആശയദാരിദ്യം അനുഭവപ്പെട്ടുതുടങ്ങി. 1500 എപ്പി സോഡുകള്‍ കഴിഞ്ഞ് സ്ത്രീയും, കെ.കെ രാജീവിന്റെ സ്ലോമോഷന്‍ സീരിയലുകളും ക്ലച്ച ്പിടിക്കാതായി. സാധനം കുറഞ്ഞപ്പോള്‍ കച്ചവടക്കാര്‍ കൂടി എന്ന പറഞ്ഞത് പോലെ അച്ചനും,അമ്മക്കും,സകല നോട്ടിസ് സംഘടനക്കും ചാനലായി. കൊണ്ടോട്ടി, തിരുവല്ല, ആലപ്പുഴ, പറശ്ശിനിക്കടവ് തുടങ്ങിയ കേരളത്തിലെ മെട്രോനഗരങ്ങളില്‍ നിന്ന് വരെ ചാനലുകള്‍ തുടങ്ങുന്ന കാലം വന്നു. മേശപ്പുറത്ത് കയറിക്കിടന്ന് ഇരവ് പകല്‍ വാര്‍ത്ത വായിച്ചിരുന്ന കുമാര്‍ വരെ എം.ഡിയും റീഡറുമായി സ്വാതന്ത്രം പ്രഖ്യാപിച്ചു. മതനിരപേക്ഷത, ആശയസ്വാതന്ത്ര്യം,മാധ്യമ ധര്‍മ്മം എന്നിവ റെജീനയില്‍ ഉറപ്പിച്ച ചാനല്‍ അരമനകളിലും, ഞായറാഴ്ചകളിലെ ഇടയലേഖനങ്ങളും തേടിനടന്ന് തങ്ങളുടെ മതനിരപേക്ഷത വീണ്ടും പ്രഖ്യാപിച്ചു. ലോകസേവനത്തിനായി ഡീംഡ് യൂണിവേഴ്‌സിറ്റി നടത്തുന്ന മാലാഖമാര്‍ അണ്ണാച്ചിയുടെ അരയാട്ട് പടം കാണിച്ച് ലൗകിക സുഖങ്ങളുടെ നൈമിഷികത പഠിപ്പിച്ചു.
റേറ്റിംഗ് നിലനില്പിന്റെ പ്രശ്‌നമായതിനാല്‍ മലയാളിയെ വീഴ്ത്താന്‍ കോടികളുമായി ചാനലുകള്‍ രംഗത്തുവന്നു. ലോട്ടറിയെടുത്ത് കുത്തുപാളയെടുത്തവന്‍ ചാനലിലെ കോടീശ്വരന്‍, കയ്യില്‍ ഒരു കോടി, ഡീല്‍ ഓര്‍ നോ ഡീല്‍, ദാണ്ടെ നിങ്ങള്‍ക്കും കിട്ടും കോടി, ഇന്നാ പിടിച്ചോ ഒന്നേ മുക്കാല്‍(വൈകാതെ വന്നേക്കും) തുടങ്ങിയ പരിപാടികള്‍ കണ്ട് .....മൂര്‍ഛ നേടി.
ബ്രൂസിലിയെ കേരളത്തില്‍ നിന്ന് തുരത്തിയ, വാക്കുകള്‍ക്ക് അറക്കവാളിന്റെ കരുത്തുണ്ടെന്ന് തെളിയിച്ച ഗോപിയാശാന്റെ കളരിയാണ് ഇപ്പോള്‍ ഏഷ്യാനെറ്റില്‍. ഉപ്പുമാങ്ങയുണ്ടാക്കാന്‍ ഉപ്പ് കൂടാതെ എന്ത് വേണം, മാരുതി 800 എന്ന പേരിലുള്ള അക്കം ഏത് തുടങ്ങിയ ബൗദ്ധിക വ്യായാമങ്ങള്‍ നടത്തി കേരളീയരുടെ അറിവ് അളക്കുന്നപരിപാടിയാണ് ഇത്. മംമ്ത മോളുടെ കയ്യിലെ കാശ് ഇതില്‍ മുങ്ങി പോയെന്ന് തോന്നുന്നു.
പൂജ്യം എന്ന പറയുന്നതിന് പൂൂൂൂൂൂൂൂൂൂഝ്യംംംം എന്ന പറയുന്ന ആ റിയലിസ്റ്റിക് രീതി ...ഹോ... ഹോളിവുഡില്‍ എങ്ങാനും ജനിക്കേണ്ടിയിരുന്നു.
കെട്ടിലും മട്ടിലും ഹൈക്വാളിറ്റിയുള്ള ഈ ഇന്റര്‍നഷണല്‍ പരിപാടിയുടെ ചോദ്യങ്ങള്‍ എഴുതുന്നവനെ സമ്മതിക്കണം. ആദ്യത്തെ ചോദ്യങ്ങള്‍ മാത്രം.
വരുന്നവനൊക്കെ ഒരു ലക്ഷം മിനിമം കൊടുക്കണമെങ്കില്‍ അത് കാശായി ആദ്യം തന്നെ കൊടുത്താല്‍ പ്രേക്ഷകന് അല്പം ബുദ്ധി സ്ഥിരത കിട്ടും.
മേശപ്പുറത്ത് കാശെടുത്ത് വച്ച ചൂതാട്ടം നടത്തുന്ന പരിപാടികള്‍ അധികാരികളൊന്നും കാണുന്നില്ലെന്ന് തോന്നുന്നു....
ഒരു കോടി രൂപ മേശപ്പുറത്ത് വച്ച് .....കര്‍ത്താവേ എനിക്കിത് പോയല്ലോ എന്ന വിലപിച്ച് ആരെങ്കിലും മാനസികരോഗികളായോ എന്ന് അന്വേഷിച്ച് നോക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കോടീശ്വരനില്‍ വന്ന പോലീസുകാരന് പാര്‍ലമെന്റിന്റെ ഭാഗമല്ലാത്തത് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത് രാജ്യസഭ എന്നാണ്. ഇത്തരമൊരു പോസ്റ്റിലിരിക്കുന്ന ഇമ്മാതിരി ആളൊക്കെ എങ്ങനെ പോലീസില്‍ കയറി. മിക്കവാറും പി.എസ്.സി പരീക്ഷയെന്ന് കേട്ടിട്ട് പോലുമുണ്ടാവില്ല. ഞാനായിരുന്നു മന്ത്രിയെങ്കില്‍ അപ്പോള്‍തന്നെ സസ്‌പെന്‍ഷന്‍ കൊടുത്തേനെ.......

ഇനി വരാന്‍ പോകുന്ന കാശുകളി എന്താണെന്ന് ആര്‍ക്കറിയാം

ഞാന്‍ ദേ പോയി................ദാ വന്നൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.