മേയ് 20, 2012

ന്യൂസ് ചാനല്‍ മാഹാത്മ്യം



ഏഷ്യാനെറ്റ് ന്യൂസ് നിര്‍ത്തി സീരിയല്‍ സൂപ്പര്‍മാര്‍ക്കറ്റായപ്പോഴും, മനോരമ സീരിയല്‍ വ്യാപാരം തുടങ്ങിയപ്പോഴും സീരിയല്‍ മനസിന് പിടിക്കാത്ത ആണുങ്ങള്‍ പിടിച്ച് നിന്നത് ന്യൂസുകളിലാണ്. പട്ടത്ത് പട്ടിക്കിട്ട് സൈക്കിളിടിച്ചതും, കോഴിക്കോട് മിഠായി തെരുവിലെ തിരക്കിനെക്കുറിച്ചും വരെയുള്ള വാര്‍ത്തകള്‍ കണ്ട് ഒരു വലിയ വിഭാഗം നേരമ്പോക്കുന്നുണ്ട്. രാവിലെ പരപരാ വെളുപ്പിന് കാമറാമാനെയും കൂട്ടി വാര്‍ത്തതേടി പോകുന്ന ന്യൂസ്ഹണ്ടേഴ്‌സ് വൈകിട്ട് ലൈവിലൊക്കെ വിയര്‍ത്ത് കുളിച്ച് നിന്ന് ഒരു വാചകത്തില്‍ തീര്‍ക്കാവുന്ന വാര്‍ത്ത ഒരുമണിക്കൂര്‍ ചര്‍ച്ചക്ക് വേണ്ടി വലിച്ച് നീട്ടി ബ്ബബ്ബബ്ബ വയ്ക്കുന്നത് കേട്ടാല്‍ പഴയ വധുമോഹനായിരുന്നു മെച്ചം എന്ന് തോന്നും. ..ധുമോഹനാരെന്ന് അറിയാത്തവര്‍ അടുത്ത ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വിവരാവകാശപ്രകാരം ഒരു അപേക്ഷകൊടുത്താല്‍ പഴയ രേഖകള്‍തപ്പി അവിടുത്തെ ജോലിക്കാര്‍ ദൂരദര്‍ശന്‍ സീരിയല്‍ ചരിത്രം നിങ്ങള്‍ക്കായി തന്നേക്കും. ശശികുമാര്‍ ഏഷ്യാനെറ്റ് ആലോചിക്കുന്നതിന് മുമ്പേ കല്യാണവീഡിയോ പിടിക്കുന്ന കാമറയില്‍ നാടകം പിടിച്ച് വെട്ടിമുറിച്ച് സീരിയലാക്കി വിറ്റിരുന്ന ദൂരദര്‍ശനിലെ പഴയ ഒരു ലൈസന്‍സിയായിരുന്നു മേപ്പടിയാന്‍.
മണിഷൊര്‍ണൂര്‍ രണ്ട് കൈകൊണ്ട് സീരിയലെഴുതി ഏഷ്യാനെറ്റിനെ പച്ചപിടിപ്പിച്ച് ഏറെ കഴിഞ്ഞാണ് ന്യൂസ് ചാനല്‍ വിപ്ലവം വന്നത്.ഞാന്‍ സാങ്കേതിക വിവരങ്ങള്‍ക്കായി തുടങ്ങിയ ഈ ബ്ലോഗ് ഡിഷ് ആന്റിന അന്യം നിന്നതോടെ ഇമ്മാതിരി എഴുത്ത് എഴുതാന്‍ ഉപയോഗിച്ച് തുടങ്ങിയതുപോലെ മൂനീറ്കാക്ക എന്റര്‍ടെയന്‍മെന്റ് ചാനല്‍ തുടങ്ങാന്‍ പിരിവെടുത്ത് പിന്നെ ചിന്തി്ച്ച് ആലോചിച്ച് രണ്ട് മൂന്ന് വര്‍ഷം തള്ളി ഒരു സുപ്രഭാതത്തില്‍ ഷെയര്‍ഹോള്‍ഡേഴ്‌സിനെ തന്നെ ഞെട്ടിച്ച് ഇന്ത്യാവിഷന്‍ തുടങ്ങിയത് കേരളത്തിലെ ചാനല്‍ ചരിത്രം മാറ്റിയെഴുതി. അതിന് മാത്രം വാര്‍ത്ത ഇവിടെയുണ്ടോ എന്ന് പലരും ചോദിച്ചു. നിവൃത്തിയില്ലാതെ ന്യൂസ് ചാനലാക്കിയതാണെങ്കിലും ഒ.ബി വാനെന്ന സാധനം കയ്യിലുള്ളതിനാല്‍ ഇന്ത്യാവിഷന്‍ അന്നത്തെ ചില പ്രധാന ലാത്തിച്ചാര്‍ജ്ജുകള്‍ ലൈവ് കാണിച്ച് ജനത്തെ കയ്യിലെടുത്തു. കോഴിക്കോട്ടോ മറ്റോ ഡി.വൈ.എഫ് .ഐക്കാരുടെ സമരമുണ്ടെങ്കില്‍ ആളുകള്‍ ഇന്ത്യാവിഷന്‍ വച്ച് മറ്റുള്ളവര്‍ തല്ല്  നോക്കി ആസ്വദിക്കാനിരുന്ന് കൊടുത്തു. തുടര്‍ന്ന് ഒരു മത്സരമായിരുന്നു. ലൈവ് ഒരു തരംഗമായി. വന്നിട്ടിപ്പം ഒ.ബി വാന്‍ ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനവും, ഗള്‍ഫ്‌ഗേറ്റിന്റെ മുടിവില്പനക്കട ഉദ്ഘാടനവും വരെ ലൈവ് വിട്ടു തുടങ്ങിയിരിക്കുന്നു.
വാര്‍ത്തകളുടെ മൊത്തം ക്വട്ടേഷനെടുത്ത മനോരമയും ചാനല്‍ തുടങ്ങി. വൈകുന്നേരമായാല്‍ ചര്‍ച്ചയാണ്. തിരുവനന്തപുരത്തൊക്കെ വൈകുന്നേരമായാല്‍ ഓഫിസ് വിട്ട് വന്നാല്‍ ചിലര്‍ നേരെ ഒരുങ്ങി ഒരു പോക്കാണ് ചാനലിലേക്ക്. ഇവരാണ് സ്ഥിരം പ്രതികരണ വിദഗ്ദര്‍. യോഗ്യതയെന്തെന്ന് ചോദിക്കരുത്. ഇന്ത്യാവിഷന്റെ സ്ഥിരം കൊമേഡിയന്‍ അഡ്വ. ജയശങ്കര്‍, ചില പ്രൊഫസര്‍മാര്‍, സ്വരം കുറഞ്ഞ ഒന്നുരണ്ട് വക്കീലന്‍മാര്‍, പണിയൊന്നും പ്രത്യേകിച്ചില്ലാത്ത ഖദര്‍ധാരികള്‍ ഇവരൊക്കെ ആ സ്റ്റോക്കില്‍ പെടും. ചര്‍ച്ച കസറും, കണ്ടിരിക്കുന്നവന്‍ സ്വയം മറന്ന് പോകും. പാലിലെ വെള്ളത്തിന്റെ കാര്യമായാലും, മുല്ലപ്പെരിയാറിന്റെ കാര്യമായാലും ഇവര്‍സ്ഥിരമായുണ്ടാകും.
മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണോ, യേശുദാസ് താടിവടിക്കണോ എന്നുമാതിരിയുള്ള വിഷയങ്ങളിലൊക്കെ ചര്‍ച്ചയാണ്. പിറ്റേന്നത്തെ പത്രം നോക്കിയാല്‍ തലേന്ന് പറഞ്ഞതൊന്നും കാണില്ല.
ടി.പി ചന്ദ്രശേഖരന്‍ വധം കത്തിനില്ക്കുന്ന ഈ സമയത്ത് സാംസ്‌കാരിക ഇടത് പക്ഷ പ്രതികരണ വിദഗ്ധരെയൊന്നും കാണാനില്ല. ആഫ്രിക്കയിലെ മനുഷ്യാവകാശ ധ്വംസനത്തിനും, അന്റാര്‍ട്ടിക്കയിലെ താപനത്തിനും എതിരെ പ്രതികരിക്കുന്ന എഴുത്തറിയുന്നവരും എഴുത്തറിയാത്തവരുമായ നായ്ക്കന്‍മാരെയൊന്നും ഈ കേസില്‍ കണ്ടില്ല. സിംഹവാലന്‍ കുരങ്ങിന്റെ രോമം കൊഴിഞ്ഞാല്‍ കവിതയെഴുതി നിലവിളിക്കുന്ന, സില്‍ക്ക് സ്മിതആത്മഹത്യ ചെയ്തപ്പോള്‍ കവിതാസമാഹാരം ഇറക്കിയ കേരളത്തിലെ പ്രബുദ്ധ.............ജാതികളൊന്നും ഈ കേസില്‍ ഇടപെട്ടില്ല. നാല് കൊല്ലം കഴിയുമ്പോള്‍ ഏതെങ്കിലും കൗണ്‍സിലില്‍ കയറി ഭരിക്കാന്‍ കിട്ടുന്ന അവസരം ഏതോ ഒരുത്തന്‍ ചത്തതിന് പ്രതികരിച്ച് കളയണോ.
ഇപ്പോള്‍ ചര്‍ച്ച സാംസ്‌കാരിക നായകര്‍ ആര് , അവര്‍എല്ലാത്തിലും പ്രതികരിക്കണോ എന്നൊക്കെയാണ്. വേണമെങ്കില്‍ ഒരു സമ്മേളനം നടത്തി ഇവ നിശ്ചയിച്ച് ഓരോത്തര്‍ക്കും അവരവരുടെ പ്രതികരണ മേഖല വകതിരിച്ച് കൊടുക്കാം.
പട്ടിയുടെ വരിയെടുക്കുന്നതിനെതിരെ, ആനക്ക് ഗാര്‍ഡ് ഓര്‍ണര്‍ നല്കണോ, വരയാട് ചാകുമ്പോള്‍ കവിതയെഴുതണോ, മനുഷ്യനെ കൊല്ലുമ്പോള്‍ മൗനപ്രാര്‍ത്ഥന നടത്തണോ എന്നൊക്കെ........

സകലരേയും പിടിച്ച് കാമറയിലാക്കി കോമഡി നടത്തുന്ന പൊളിട്രിക്‌സ് എന്ന ഇന്ത്യാവിഷന്‍ പരിപാടിയും ട്രൗസര്‍ കീറിയനിലയിലാണ്. ഒന്ന് പച്ച പിടിച്ച് വരുമ്പോഴേക്കും പുതിയ ചാനല്‍ വരും. പണി പഠിച്ച് വന്ന പിള്ളേരെല്ലാം കൂടി  അവിടേക്ക് ചാടും. പൊളിട്രിക്‌സ് ആശാനും ചാടി. ഇനി മാതൃഭൂമി ചാനലില്‍ കാണാം എന്ന് പറഞ്ഞാണോ അങ്ങേര് പോയതെന്ന് അറിയില്ല. വാര്‍ത്തകള്‍ക്ക് മൂര്‍ച്ച  കൂട്ടാന്‍ മഞ്ഞപ്പത്രനിലാവരത്തിലേക്ക് പോകുന്ന ചാനല്‍ ഇനി ഏറെ വിയര്‍ക്കേണ്ടിവരും.
മോഹന്‍ലാല്‍ ചിത്രത്തിലെ എന്‍എഫ് വര്‍ഗ്ഗീസിന്റെ ഡയലോഗ് പോലെ ...ജനിപ്പിച്ച് തന്തക്കോ വേണ്ട...
(ഇതുവരെ വായിച്ചവര്‍ക്കായി.....കോഴിക്കോട്ട് ചാനല്‍ തുടങ്ങാനായി പണം പിരിച്ച് ഒടുവില്‍ നാടുവിട്ട് ഒരു മുന്‍ ചാനല്‍ എം.ഡിയെ ഈയുള്ളവന്‍ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കണ്ടുപിടിച്ചു. അതും യാദൃശ്ചികമായി....അതാരെന്നും എന്തെന്നും അറിയാന്‍ എനിക്ക് എഴുതാന്‍ നേരം കിട്ടും വരെ കാത്തിരിക്കുക...ഞാന്‍.ദാ പോയി ദേ വന്നു)

2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.