ജൂൺ 27, 2012

മലയാളത്തിലെ നവ സിനിമയും ചില റേപ്പ് ചിന്തകളും


സിനിമയിലെവിടെയാണ് കല എന്ന് പണ്ടൊരാള്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്. സാങ്കേതികതക്കപ്പുറം അതില്‍ കലയുടെ ശതമാനം ആദിവാസിക്ക് ഷുഗറുള്ളയത്രയേ ഉള്ളു. എന്ത് വാദപ്രതിവാദം നടത്തിയാലും അതങ്ങനെ തന്നെയാണ്. അത് ശ്രദ്ധനേടുന്നത് എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതിലെ അളവ് വച്ചാണ്. ഓടിയ സിനിമ കച്ചവടവും, ആരും കാണാനില്ലാത്ത അല്ലെങ്കില്‍ തീയേറ്ററിലേക്ക് സംവിധായകന്‍ വിടുക പോലും ചെയ്യാത്ത ചിത്രം ലോകോത്തരമാകുന്നതും ഇങ്ങനെയാണ്. അടൂര്‍ സ്‌കൂളിന്റെ നിലം നിരങ്ങി ചിത്രങ്ങള്‍ ലോകോത്തരമാകുന്നതും, പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കച്ചവടമാകുന്നതും പല മാനദണ്ഡങ്ങള്‍ കൊണ്ടാണ്. പക്ഷേ അതിന്റെ സാങ്കേതിക വശമൊക്കെ സംവിധായകരൊക്കെ പഠിച്ചു കഴിഞ്ഞു, കഞ്ഞി കുടിക്കാന്‍ രണ്ട് പടം അത് കഴിഞ്ഞ് അവാര്‍ഡിന് ഒരു പടം എന്ന മട്ടിലാണ് മലയാളത്തിലെ പോക്ക്. നാളെ സത്യന്‍ അന്തിക്കാടും, ഷാജി കൈലാസും ആര്‍ട്ട് പടം എടുത്താലും അത്ഭുതം വേണ്ട.

പിന്നൊരു കാര്യം തീയേറ്ററുകള്‍ സൈലന്റ് വാലിയിലെ കുരങ്ങിന്റെ അവസ്ഥയിലായ ഈ കാലത്ത് അടൂരിന്റെയൊക്കെ സിനിമകൂടി കാണിച്ചാല്‍ ഉള്ളത് കൂടി പൂട്ടിപ്പോകും. അത് കാണിക്കാതിരിക്കാന്‍ അദ്ദേഹവും തന്നാലാവും വിധം ശ്രമിക്കുന്നുണ്ട്. കാര്യമെന്തായാലും സിനിമ വലിയൊരു വിഭാഗം ജനങ്ങളുടെ വിനോദോപാദി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും ചില പടങ്ങള്‍ക്കെങ്കിലും ആളുകള്‍ തള്ളിക്കയറുകയും മറ്റുള്ളവരെ അത് കാണാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നത്.
മലയാളത്തിലെ കാരണവന്‍മാരുടെ പടങ്ങള്‍ തൃശൂര്‍പൂരം പോലെ തകര്‍ത്ത് പൊട്ടിയിട്ടും മീഡിയ പബ്ലിസിറ്റി വഴി അവര്‍ തൂണുപോലെ നില്ക്കുന്നത് സിനിമയുടെ ഒരു ബലമാണ്. കാരണം ഇന്ന് രാജാവായിരിക്കുന്നവന്‍ താളെ തെണ്ടിയും മറ്റന്നാള്‍ ചക്രവര്‍ത്തിയുമാകാനിടയുണ്ട്.
പറഞ്ഞ് വന്നത് റേപ്പിനെപ്പറ്റിയാണ്. മലയാളത്തില്‍ നവ സിനിമ വേരു പിടിക്കുകയും ആയിരത്തൊന്ന് തവണ കണ്ട സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമകള്‍ യുവാക്കളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്തിറങ്ങുകയും അവ ശ്രദ്ധനേടുകയും ചെയ്യുന്ന കാലമാണ് ഇത്. റിയലിസ്റ്റിക് രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇവയില്‍ പുതുമയുമുണ്ട്. എന്നാല്‍ സിനിമയില്‍ റിയലിസ്റ്റിക് സ്വഭാവം നല്കുന്നതിന് സെക്‌സ് ഒരു പ്രധാന ഘടകമാണെന്നത് ആരും മറക്കുന്നില്ല. എത്രത്തോളം സെക്‌സ് കത്രിക വീഴാതെ കാണിക്കാമോ അത്രത്തോളം കാണിക്കും എന്നൊരു നില വന്നതായി തോന്നുന്നു. ചാപ്പ കുരിശിലും, ഇപ്പോള്‍ 22 ഫിമെയിലിലും ആവര്‍ത്തിച്ചുകാണുന്ന ഒരു സ്വഭാവമാണിത്. ഇംഗ്ലീഷ് ചിത്രങ്ങളുടെ ചുവട് പിടിച്ചെടുക്കുന്ന ഇത്തരം ചിത്രങ്ങളില്‍ ഹോട്ട് സീനുകള്‍ വിദഗ്ദമായി സംവിധായകര്‍ ചേര്‍ക്കുന്നുണ്ട്. കഥാ പശ്ചാത്തലത്തില്‍ സത്യമായി നില്ക്കുകയാണല്ലോ ഇതിന്റെ ലക്ഷ്യം. ചുണ്ടുകടിക്കലും തുണി വലിച്ച് പറിക്കലും പണ്ടേ സിനിമയിലുണ്ട്. എം.എന്‍ നമ്പ്യാരും, ബാലന്‍ കെ നായരും ബലാത്സംഗം ചെയ്ത് അവശരായിപ്പോയ നമ്മുടെ പ്രിയ വില്ലന്‍മാരാണ്. ഉയരങ്ങളില്‍ പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ തന്നെ നായകനും വില്ലനും സ്ത്രീ വേട്ടക്കാരനുമായിരുന്നു.
സെക്‌സിന്റെ കാര്യത്തിലും, പച്ചയായ ഡയലോഗിന്റെ കാര്യത്തിലും ഒരു തുറന്ന കാഴ്ചപ്പാട് മലയാളത്തിലും വന്നുകഴിഞ്ഞു. ഫാമിലിയായി കാണുന്ന ചിത്രങ്ങളിലും നല്ല നാടന്‍ തെറികള്‍ കേള്‍ക്കേണ്ടുന്ന അവസ്ഥ. പണ്ട് യാത്ര എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു ജയില്‍ സീനില്‍ ഒരു തടവ്കാരന്‍ പോലീസിനെ മൈരേ...എന്ന് വിളിക്കുന്ന സീനുണ്ട്. അക്കാലത്ത് ചെറിയതോതില്‍ ഒരു വിവാദമായിരുന്നു അത് എന്നാണ് ഓര്‍മ്മ.
നവതരംഗം എന്നാല്‍ കാര്യങ്ങള്‍ പച്ചക്ക് പറയുന്ന ശൈലിയാണ്. ഇംഗ്ലീഷില്‍ ഏത് എന്നോ വന്നു കഴിഞ്ഞു. ഫോണ്‍ബൂത്തും, പാരാനോര്‍മല്‍ ആക്ടിവിറ്റിയും, കണ്ടംഡും കാവ്ചവെച്ചത് അതാണ്. കഥയിലെ സംഭവങ്ങളിലെ ആദിമധ്യാന്തയാഥാര്‍ത്ഥ്യം. പക്ഷേ അത് നമ്മുടെ സിനിമയില്‍ വരുമ്പോള്‍ കിടപ്പറസീനിലും, റേപ്പിലും, സെക്‌സ് ടോക്കിലും ഒതുങ്ങുന്നു. സ്വകാര്യതകളില്‍ പങ്ക് വെയ്ക്കുന്നത് പുരപ്പുറത്ത് കയറി നിന്ന് വിളിച്ച് പറയുന്നതിന്റെ, കേള്‍ക്കുന്നതിന്റെ ആനന്ദമാകാം അത്. മൊബൈലിന്റെ നീല തരംഗം അവസാനിക്കുമ്പോള്‍ സിനിമയില്‍ അതേ ശൈലിയില്‍ ആളെ കിട്ടുമോ എന്ന പരീക്ഷണമാകാം ഇവ.
ഹാസ്യ നടന്‍, വില്ലന്‍ നടന്‍ എന്നൊക്കെ പറയും പോലെ റേപ്പ് നടന്‍ എന്ന പദവിയിലേക്ക് ഫഹദിന് പുറകേ ആരെങ്കിലും വരാം. സിനിമയില്‍ അവസാനിക്കാത്ത ഒരേയൊരു തരംഗം സെക്‌സാണ്. അത് പലരൂപങ്ങളില്‍ വേഷം കെട്ടുകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് സിനമയില്‍ ഇടം നേടാനാകാതെ മൂംബൈയ്ക്ക് വണ്ടി കയറി കാമസൂത്രയില്‍ കസര്‍ത്ത്കാട്ടി പബ്ലിസിറ്റി നേടിയ മേനോത്തി മധ്യവയസിന്റെ ചീര്‍ത്ത ശരീരവുമായി രതിനിര്‍വേദം, കയം തുടങ്ങിയ സെമി കമ്പി പടങ്ങളിലൂടെ കേരളത്തില്‍ വീണ്ടും പേരെടുത്തത്. എന്തോ ഭയങ്കര കലാമൂല്യം എന്ന ലേബലില്‍ വരുന്ന ഈ തരം ചിത്രങ്ങള്‍ കൂടുതലായി ഒന്നും മുന്നോട്ട് വെയ്ക്കുന്നില്ല. മുന്‍നിരക്കാര്‍ ചെയ്യുന്നതിനാല്‍ അത് ക്ലാസ്. ഷക്കീല റേഞ്ചില്‍ പോയാല്‍ മറ്റേപടം എന്ന ക്ലാസിഫിക്കേഷന്‍ മാത്രം.
മാറ്റങ്ങള്‍ നല്ലത് തന്നെ...എന്നിരുന്നാലും സിനിമയുടെ മൊത്തം സെറ്റപ്പ് അങ്ങനെയായാല്‍ കൊള്ളാമെന്ന് തോന്നുന്നു. ഫെമിനിസ്റ്റ് എന്നൊക്കെ ബ്രാന്‍ഡ് ചെയ്ത് സിനമയിറക്കി ഇന്റര്‍നെറ്റില്‍ സിനിമ പ്രവര്‍ത്തകര്‍ തന്നെ കാഴ്ചക്കാരുമായി തെറിബഹളം ഉണ്ടാക്കുന്ന കാഴ്ച ഇവിടെയേ കാണൂ. എന്തായാലും സന്തോഷ് പണ്ഡിറ്റിന് തല്ക്കാലം ആശ്വാസമായി. അടുത്ത പടം പുറത്തിറങ്ങും വരെ. അതുവരെ ജാക്കിയും, കോട്ടയംകാരത്തിയും, നഴ്‌സുമാരുടെ വിദേശ സ്വപ്‌നങ്ങളും ചര്‍ച്ചചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.