ജൂലൈ 03, 2012

ചാനലുകളുടെ ഭാവിയും, വര്‍ത്തമാനവും......

അടുത്തകാലം വരെ കേരളത്തില്‍ ചാനല്‍ സംരഭകരുടെ തള്ളിക്കയറ്റമായിരുന്നു. ചാനലുകള്‍ അനൗണ്‍സുചെയ്യുക എന്നത് പല കൊച്ചുമുതലാളിമാരുടെയും ഒരു പ്രസ്റ്റീജ് പ്രശ്‌നമായിമാറി. കൊച്ചിയില്‍ നിന്ന് ഒരു ചാനല്‍ എന്ന് കേള്‍ക്കുന്നതിന്റെ പിറ്റേന്ന് കോഴിക്കോട് നിന്ന് ഒന്ന് എന്ന് കേള്‍ക്കാം. ഈ പറഞ്ഞ പത്രസമ്മേളനമല്ലാതെ പിന്നെയൊന്നും കേള്‍ക്കില്ല. ഇങ്ങനെ മുദ്രാവാക്യം മുഴക്കി പൂട്ടിക്കെട്ടിയ കുറെ ചാനലുകളെപറ്റി മുമ്പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലും, കൊല്ലത്തും അണ്ടി ബിസിനസും, തുണിക്കടയും നടത്തുന്ന സാധാ മുതലാളി മാര്‍ മാത്രമല്ല വന്‍കിടക്കാരും ഇത്തരം ചാനല്‍ ഗീര്‍വാണമടിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം ലൈസന്‍സ് ലഭിച്ച് ഒരു വര്‍ഷത്തിനകം ആരംഭിക്കാത്ത ചാനല്‍ ലൈസന്‍സ് റദ്ദാക്കും,. അങ്ങനെയാണെങ്കില്‍ അനൗണ്‍സ് ചെയ്യപ്പെട്ട പല ചാനലുകളും ഇനി നോക്കുകയേ വേണ്ട. പിന്നെ അടുത്തകാലത്തായി മലയാളിക്ക് ചാനല്‍ ഭ്രമം അല്പം കുറഞ്ഞിട്ടുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വ്വവ്യാപിയാകുന്നതോടെ ചാനല്‍ തരംഗത്തിന്റെ ശക്തി കുറയുന്നതായാണ് കാണുന്നത്.
രാജ് ടി.വിയുടെ ന്യൂസ് ചാനല്‍, സീ ടെലിവിഷന്‍ എന്ന ചാനല്‍, തുടങ്ങിയവയെപ്പറ്റി ഇപ്പോള്‍കേള്‍ക്കാന്‍ പോലുമില്ല. തുടങ്ങിയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് അവര്‍ക്ക് തന്നെ തോന്നുന്നുണ്ടാകും. കൃത്യമായ പ്ലാനിങ്ങും, പ്രോഗ്രാമിങ്ങുമില്ലാതെ തുടങ്ങി എം.ഇ.ടി, ഭാരത് ടി.വി എന്നിവയെപ്പോലെ അകാലചരമമടയുന്നതിനേക്കാള്‍ ഭേദം തുടങ്ങാതിരിക്കുന്നത് തന്നെ.
ഇപ്പോള്‍ കാണുന്നത് മാര്‍ക്കറ്റ് നോട്ടമില്ലാത്ത ചാനലുകളുടെ പെരുക്കമാണ്. അതായത് പരസ്യവരുമാനമൊന്നുമില്ലെങ്കിലും ചാനല്‍ തുടര്‍ന്ന് പോകും. ജീവന്‍, ഡിവൈന്‍, ശാലോം, പവര്‍ വിഷന്‍, യെസ് ഇന്ത്യാവിഷന്‍,ജയ്ഹിന്ദ്  തുടങ്ങിയവയൊക്കെ നോക്കുക. ചില സിനിമ പ്രൊഡ്യൂസര്‍മാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമയെടുക്കുന്നതുപോലെ വൈറ്റാക്കാന്‍ വേണ്ടി ചാനല്‍ നടത്തുന്നവര്‍ ഇന്ത്യയിലുമുണ്ട്.
മലയാളത്തില്‍ അവസാനമായി പ്രക്ഷേപണം ആരംഭിച്ച ചാനല്‍ ദര്‍ശനയാണ്. കേരളത്തിലെ ആദ്യ മുസ്ലിം ചാനല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കോഴിക്കോട് നിന്ന് ഏതാനും മാസം മുമ്പ് തുടങ്ങിയ ചാനല്‍ പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകളുണ്ട്. അരമണിക്കൂര്‍ ടെലിഫിലിം പോലും പിടിച്ചിട്ടില്ലാത്തവര്‍ ചാനല്‍ പ്രൊഡ്യൂസര്‍മാരായി പടച്ച് വിടുന്ന കാഴ്ചകള്‍ സഹിക്കാനൊന്നും ഇനി ആളെ കിട്ടില്ല. അതൊക്കെ ദൂരദര്‍ശന്‍ യുഗം അവസാനിച്ചതോടെ തീര്‍ന്നു. റിമോട്ടെന്ന ആയുധത്തില്‍ വിരലിരിക്കുന്നിടത്തോളം ഏഷ്യാനെറ്റിന്റെയും, സൂര്യയുടെയുമൊക്കെ സൈക്കോളജിയെ വെട്ടാന്‍ പുത്തന്‍കൂറ്റുകാര്‍ക്കാവില്ല എന്നത് കാലം തെളിയിച്ചതാണ്. പൈങ്കിളിയുടെ കുത്തകയുള്ള മനോരമ മഴവില്ല് തുടങ്ങി, ശ്രീകണ്ഠന്‍ നായരെ എം.ഡിയാക്കിയിട്ടും പാടുപെടുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ.
പത്തുവര്‍ഷത്തോളം കളരിയില്‍ പയറ്റിയ കൈരളിക്ക് പോലും സീരിയലില്‍ കാലിടറുന്നത് എത്ര വട്ടം കണ്ടു.
ഇനി വരുമെന്നുറപ്പുള്ളത് മാധ്യമത്തിന്റ മീഡിയ വണ്‍ ആണ്. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ചാനല്‍ വ്യവസായത്തിലും തങ്ങളെ സഹായിക്കുമെന്ന് മാധ്യമം കടുത്തതോതില്‍ വിശ്വസിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ ആശയപ്രചാരണം മറച്ച് വെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഈ പത്രത്തിന്റ ചാനല്‍ വാഗ്ദാനം മൂല്യധിഷ്ഠിതം എന്നാണ്. അടുത്തിടെ ആയുര്‍വേദ മരുന്നുകളിലെ തട്ടിപ്പിനെക്കുറിച്ച് മാധ്യമം ഒരു ഫീച്ചര്‍ ചെയ്തിരുന്നു. അത് കഴിഞ്ഞ് ഏതാനും ആഴ്ചകഴിഞ്ഞിതേയുള്ളു മീഡിയ വണ്ണിന്റ പരസ്യത്തില്‍ കണ്ടു കേരളത്തിലെ പ്രമുഖ ആയുര്‍വേദ തട്ടിപ്പുകാരന്റെ പരസ്യം. ഇനിയിപ്പോള്‍ ആയുര്‍വേദ മരുന്നുകളിലെ തട്ടിപ്പിനെക്കുറിച്ച് ചാനല്‍ പരിപാടി കാണിക്കുകയും, അതിനിടക്ക് ഈ പരസ്യം കാണിക്കുകയും ചെയ്ത് മാധ്യമം തങ്ങളുടെ മാധ്യമ ധര്‍മ്മം പുലര്‍ത്തുകയും ചെയ്യുമോ എന്ന് കാണാം.

NB:മാതൃഭൂമി വൈകാതെ ആരംഭിച്ചേക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.