ഒക്‌ടോബർ 13, 2011

വാര്‍ദ്ധക്യത്തിലെ രതിഭ്രമങ്ങള്‍ ! സിനിമയില്‍

അടുത്തകാലത്ത് മലയാളത്തില്‍ വന്‍പ്രശസ്തി കിട്ടിയ ചിത്രമാണല്ലോ രതിനിര്‍വേദം. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം. പത്മരാജന്റെ സ്വതസിദ്ധമായ തിരക്കഥ. അതിന്റെ റീമേക്കാണ് പുതിയ രതിനിര്‍വേദം. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം കഴിഞ്ഞുപോയ, നിര്‍മാതാവിന് ലാഭം നേടിക്കൊടുത്ത ചിത്രമാണ് ഇത്. പക്ഷേ ഇതുയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ലൈംഗികതയുടെ അതിപ്രസരം, അല്ലെങ്കില്‍ പ്രസരമുള്ള ചിത്രങ്ങള്‍ എന്തുകൊണ്ടാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് തുടര്‍ച്ചയായി റീമേക്ക് ചെയ്യുന്നത്. ഉത്തരം മറ്റൊന്നുമല്ല,. ലൈംഗികത വേട്ടയാടുന്ന കേരളം പോലൊരു നാട്ടിലെ ജനങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ഇടിച്ച് കയറും. നീലത്താമരയുടെ കഥയും മറ്റൊന്നല്ല. എം.ടി യുടെ കഥയിലെ കഥാപാത്രങ്ങളല്ല, രാത്രിയില്‍ കോണിയിറങ്ങി വേലക്കാരിയുമായി സംഗമത്തിന് വരുന്ന നായകനാണ് പുതിയ ചിത്രത്തിന്റെ ഹൃദയം. ആ ഒരു പാട്ട് എത്രത്തോളം ജനപ്രിയമായോ, അത്രത്തോളം തന്നെ നമ്മുടെ കുട്ടികളെ ആകര്‍ഷിച്ചിരിക്കണം നായകന്റെ വികാരപാരവശ്യവും. ഇനി തകരയും, ഇണയും, ഈറ്റയുമൊക്കെ റീമേക്ക് ചെയ്യപ്പെട്ടേക്കാം. അവയിലൊക്കെ മാറുമുഴപ്പിച്ചു നില്ക്കുന്ന നായികമാരെ നമ്മള്‍ക്ക്  പ്രൈം ടൈമില്‍ ടി.വിയില്‍ കാണുകയും ചെയ്യാം. കിന്നാരത്തുമ്പികള്‍ പ്രൈംടൈമില്‍ എയര്‍ ചെയ്ത് ജനത്തെ ഞെട്ടിച്ച ഏഷ്യാനെറ്റ് ചരിത്രം നമ്മള്‍ മറന്നിട്ടില്ലല്ലോ.ലൈംഗികതയും, ലൈംഗികതയുള്ള സിനിമകളും എല്ലാം വേണ്ടത് തന്നെ. മാറ്റി നിര്‍ത്തപ്പെടേണ്ട വികാരമല്ല ലൈംഗികത. അത് മോശമായി കാണേണ്ടതുമല്ല. പക്ഷേ ഇത്തരം സിനിമകളുടെ വക്താക്കളോടും, പ്രദര്‍ശകരോടും ചോദിക്കാനുള്ളത് നിങ്ങള്‍ കുടുംബത്തോടെയാണോ സെക്‌സ് ആസ്വദിക്കാറ് എന്നാണ്. ലൈംഗികത .യാഥാര്‍ത്ഥ്യമായിരിക്കേ തന്നെ അതിന്റെ സ്വകാര്യത നാമെന്താണ് മറന്ന് പോകുന്നത്. രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പിന് ഒരു വികാരമേയുള്ളു ..സെക്‌സ്. ഇറക്കിവെട്ടിയ ബ്ലൗസിലൂടെ കാണുന്ന മാറിടമാണ് ഈ മഹത്തായ സൃഷ്ടിയുടെ സന്ദേശം. സെക്‌സിനെ പകല്‍ നേരങ്ങളില്‍ സ്വീകരണ മുറിയില്‍ ആസ്വദിപ്പിക്കുക എന്ന ഉദ്ദേശവും കാണും. പഴയ സിനിമയും പുതിയതും കണ്ട്ു നോക്കൂ...സൃഷ്ടിയിലെ നുണ ഫീല്‍ ചെയ്യുന്നുണ്ടോ ?
ഒരു കോടി മുടക്കി ഒന്നേകാല്‍ കോടി കിട്ടുന്നത് നല്ല ബിസിനസാണ്. പക്ഷേ ലാഭം നേടാന്‍ മാത്രമെങ്കില്‍ എന്തിനാണ് ഈ സെക്‌സ് മൂവി വ്യാപാരം. ഇത് കലയല്ല. വെറും വ്യാപാരമാണ്.
കാമസൂത്രയുടെ പരസ്യത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച് പേരെടുത്ത നടി ഇന്ത്യയൊട്ടാകെ അഭിനയിച്ച് ഒടുവില്‍ മാതൃഭാഷയില്‍ മടങ്ങിയെത്തി. മധ്യവയസിന്റെ ശരീരപുഷ്ടി ഉള്ളത് കൊണ്ട് അത്യാവശ്യം സംവിധായകര്‍ക്കൊക്കെ മറ്റാരെയും തിരഞ്ഞ് പോകേണ്ടതില്ല ചേച്ചിയാക്കാന്‍. അല്ലെങ്കിലും അഗമ്യഗമനത്തിനും, സ്വവര്‍ഗ്ഗത്തിനുമൊക്കെയാണല്ലോ സിനിമയില്‍ ഇപ്പോള്‍ ഡിമാന്‍ഡ്. അഭിനയമോ, കഥയോ അല്ല വസ്ത്രങ്ങളുടെ വിടവിലൂടെ കാണുന്ന ശരീരമാണ് സിനിമയുടെ സൗന്ദര്യം.
പത്തിരുപത് വര്‍ഷം സിനിമയെടുത്തിട്ടും, വാര്‍്ദ്ധക്യം ബാധിച്ചിട്ടും ഒരു ഹിറ്റ്, അല്ലെങ്കില്‍ അനുഭവം നല്കുന്ന ഒരു സിനിമ നല്കാനാവാത്ത ഒരു സംവിധായകന്റെ പരാക്രമം കൂടിയാണ് ഈ സിനിമയെന്നാണ് എന്റെ പക്ഷം. ക്ഷണക്കത്ത്, ഒറ്റയാള്‍ പട്ടാളം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, ശേഷം (അവാര്‍ഡ് പടം !), ഇവര്‍ (first movie used steady cam in malayalam),കണ്ണെഴുതി പൊട്ടും തൊട്ട് (ഹോ..!), ഒടുക്കം ലാലേട്ടന്റെ കോമഡി ആഭാസം ഒരു നാള്‍ വരും....പിന്നെ രതിനിര്‍വ്വേദം. അക്കാദമിയൊക്കെ ഏത് സിനിമയറിയാത്തവനും ഭരിക്കാം, പക്ഷേ നല്ലൊരു സിനിമ എടുക്കാന്‍ അല്പം വിഷമമാണ്.
എനിക്കൊരു ഹിറ്റ് താ എന്റെ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കുന്ന നമ്മുടെ ചില സംവിധായക കാര്‍ന്നോന്‍മാരുടെ അവസ്ഥ തന്നെ. പേര് ഇനിഷ്യല്‍ മാറ്റിയിട്ടും, കൗമാരക്കാരെ നായകരാക്കിയിട്ടും ക്ലച്ച് പിടിക്കാത്ത നമ്മുടെ സംവിധായകര്‍ക്ക് ഇതു തന്നെ ഇനി മാര്‍ഗ്ഗം.
സിനിമകള്‍ ഇറങ്ങട്ടെ, സെക്‌സും പ്രണയവും എല്ലാം വിഷയമാകട്ടെ. അല്ലാതെ പഴയ ചിത്രങ്ങളിലെ സെക്‌സ് അളന്ന് അവയെ വീണ്ടും നിര്‍മ്മിച്ച് സെക്‌സ് വ്യാപാരം നടത്തുകയല്ല വേണ്ടത്.
എന്റെ വിഷമം അതല്ല, അടുത്ത ഓണത്തിനോ ക്രിസ്തുമസിനോ നട്ടുച്ചക്ക് ടി.വി കാണുമ്പോള്‍ കേള്‍ക്കാം ' ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം രതിനിര്‍വ്വേദം'  എന്ന്. പിന്നെ സമൃദ്ധമായ പിന്നാമ്പുറവും, മുന്നാമ്പുറവും കാണിക്കുന്ന സ്‌ക്രീന്‍ സ്റ്റില്ലും.
വല്ല പെണ്‍വാണിഭക്കാരനും സ്‌പോണ്‍സര്‍ ചെയ്യാതിരുന്നാല്‍ ഭാഗ്യം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.