സമീപകാലം വരെയും വിഷയദാരിദ്ര്യം പറഞ്ഞ് കേട്ടിരുന്നത് സാഹിത്യ,സിനിമ മേഖലകളിലായിരുന്നു. എന്നാലിപ്പോളത് ടെലിവിഷനെ വല്ലാതെ ബാധിച്ചിരിക്കുന്നുവെന്നാണ് തോന്നുന്നത്. സിനിമയും, സിനിമപ്പാട്ടും ഫോണ്‍ ഇന്‍പ്രോഗ്രാമുമായി കാലം കഴിച്ചിരുന്ന ചാനലുകള്‍ റിയാലിറ്റി ഷോകളെ ഇത്ര പ്രണയിച്ച് തുടങ്ങിയിട്ട് കാലം അധികമൊന്നുമായില്ല. സീരിയലുകളുടെ തനിയാവര്‍ത്തനം കണ്ടുമടുത്ത വീട്ടമ്മമാര്‍ വിട്ടു പോകുന്നോ എന്ന് സംശയിച്ചാകണം പുതിയ റിയാലിറ്റി ഷോകളുടെ വരവ്. ഇതിനൊരു തുടക്കം മലയാളത്തിലുണ്ടാക്കിയത് സ്റ്റാര്‍സിങ്ങറാണ്. പക്ഷേ ഒരു വിജയം കണ്ടാല്‍ പിന്നെ അതിനെ പിന്തുടരുന്ന സൂപ്പര്‍താര ചിത്രങ്ങളുടെ അതേ ഗതി ഇതിനുമുണ്ട്. തെറിയെത്രകേട്ടാലും നന്നാവാത്ത ചില പിള്ളേരേപ്പോലെ.
സീരിയല്‍ ഏര്‍പ്പാടില്‍ തുടക്കം മുതല്‍ പരാജയം ഏറ്റുവാങ്ങിയ ചന്തുവിന്റെ സ്വന്തം ചാനല്‍ പയറ്റാത്ത വിഷയങ്ങളില്ല. മിമിക്രി, പാട്ട്, കവിത, ഡാന്‍സ്,മാപ്പിളപ്പാട്ട് എന്നുവേണ്ട മറ്റുള്ളവന്‍ ആലോചിക്കുന്നതിന് മുമ്പേ എല്ലാമെടുത്തു പയറ്റുന്നു കൈരളി. പക്ഷേ സീരിയല്‍ കച്ചവടം പോലെ പലതും ഏശുന്നില്ലെന്നത് പരമാര്‍ത്ഥം.
മൊത്തം റിയാലിറ്റിഷോകളുടെ എണ്ണമെടുക്കാന്‍ നേരമില്ലാത്തതിനാല്‍ ഞാനതിന് തുനിയുന്നില്ല. പാട്ടും, ഡാന്‍സുമൊക്കെ പഴകിത്തുടങ്ങി.പുതിയ വിഷയങ്ങള്‍ വേണം. പാചകത്തിനൊക്കെ വലിയ പ്രേക്ഷകരില്ല. ടെര്‍മിനേഷനും കരച്ചിലുമാണ് റിയാലിറ്റിയുടെ അളവ് കോല്‍. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റിനെ തൊട്ട് തലയില്‍ വയ്ക്കണം. ലൈറ്റ്‌ബോയ് വരെ വാവി്ട്ട് നിലവിളിക്കും. പണ്ട് ആകാശദൂത് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ ചെന്നാലുള്ള അവസ്ഥ. കഥയുടെ സെറ്റപ്പാണെങ്കില്‍ വിനയന്‍ പടത്തിന്റെ മാതിരി.
അച്ചന്മാരും, മൊല്ലാക്കമാരുമൊക്കെ ചാനല്‍ നടത്തുന്നകാലത്ത് അമ്മയുടെ ചാനലും ഉണ്ട്. ആത്മീയം വേറെ കച്ചവടം വേറെ എന്നതാണ് ആപ്തവാക്യം. സീരിയലും, നല്ല ചൂടന്‍ ഡാന്‍സും പാട്ടുമുള്ള അണ്ണാച്ചിപ്പടവുമൊക്കെ പ്രൈംടൈമില്‍ കാണിക്കും. മനസിന് കിട്ടുന്ന ആനന്ദമാണല്ലോ മനുഷ്യനെ മനുഷ്യാക്കുന്നത്. അതു കൊണ്ട് പ്രൈംടൈമില്‍ വേദാന്തമില്ല. അല്പം എന്റര്‍ടെയ്ന്‍മെന്റ് മാത്രം. മുലകൂടി മാറാത്ത കുട്ടികള്‍ വന്ന് സില്‍ക്ക് സ്മിതയും, അല്‍ഫോന്‍സയും നടത്തുന്ന സകല അക്രോബാറ്റ്‌സും, അരക്കെട്ടിളക്കലും നടത്തി കയ്യടി വാങ്ങും. അത് കണ്ട് ആബാലവൃന്ദം കയ്യടിക്കും. വല്യമ്മമാരുടെ മനസ് നിറയും. നേരെ ചൊവ്വേ അണ്ടര്‍വെയര്‍ ധരിക്കാനറിയാത്ത കുഞ്ഞുമക്കളെ അല്പവസ്ത്രം ധരിപ്പിച്ച് ആടാന്‍ പറഞ്ഞ് വിടുന്ന അമ്മമാരെ സമ്മതിക്കണം. പ്രായം കുറയും തോറും കാണികള്‍ കൂടുകയും ചെയ്യുന്നതായാണ് നിരിക്ഷണം..
പറഞ്ഞ് വന്നത് കുടുംബകലഹം റിയാലിറ്റി ഷോയെപറ്റിയാണ്. ആയ കാലത്ത് സിനിമയില്‍ അര്‍മാദിച്ച് കുടുംബം കുട്ടിച്ചോറാക്കിയ നടിമാരൊക്ക ഇപ്പോള്‍ ടി.വിയിലുണ്ട്. ചാനലുകള്‍ക്ക് പ്രത്യേക റിസര്‍ച്ച് വിങ്ങുണ്ടെന്ന് തോന്നുന്നു ഈ നടിമാരെ കണ്ടു പിടിക്കാന്‍. ആരാന്‍ തല്ല് കൂടുന്നതും, തെറി പറയുന്നതും കാണാന്‍ മലയാളിക്ക് പ്രത്യേക സന്തോഷമാണ്. പ്രത്യേകിച്ച അയല്‍വക്കത്തെ കുടുബകലഹം. മറ്റുള്ളവന്റെ ദാമ്പത്യജീവിതത്തിലെ രഹസ്യങ്ങളൊക്കെ പച്ചക്ക് കേള്‍ക്കുക രസമുള്ളപരിപാടിയാണ്. വന്ന് പറയുന്നതോ അറിയപ്പെടാത്ത സാധാരണക്കാര്‍. അപ്പോള്‍ പിന്നെ ആര്‍ക്കും പരാതിയില്ല. സീരീയലിനെക്കാള്‍ പച്ചയാണ് സംഗതി. പരസംഗംവും, വിഷം കൊടുക്കലും, കരച്ചിലും, ഏങ്ങലടികളുമൊക്കെ നേരിട്ട് കേള്‍ക്കുമ്പോളുള്ള സുഖം....എന്റെ ദൈവമേ ഇത്തരം പരിപാടി ദിവസം മുഴുവനും കാണിച്ചിരുന്നെങ്കില്‍...സീരിയലൊക്കെ പോയി തുലയട്ടെ...
ആരാന്റെ കണ്ണീരു വിറ്റ് കാശാക്കുന്ന ഈ പരിപാടിക്ക് എന്ത് സാമൂഹ്യ നന്മയാണ് ചെയ്യാന്‍ കഴിയുക എന്ന് ഏതെങ്കിലും വിശുദ്ധര്‍ പറഞ്ഞ് തന്നാല്‍ നന്നായിരുന്നു ...
ലോകത്തിന് മുന്നില്‍ എല്ലാം വിളിച്ച് പറഞ്ഞിട്ട് ഇക്കണ്ട ആളുകളൊക്കെ എന്തു നേടി എന്നു കൂടി അറിഞ്ഞാല്‍ വളരെ നല്ലത്. സിനിമയില്‍ വേഷം കെട്ടിയവരെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തെ നേതാക്കളായി വയ്ക്കുന്ന നമ്മുടെ മനോരോഗികളായ ആചാര്യന്‍മാര്‍(രാഷ്ട്രീയമോ, മതമോ.....)ക്ക് എന്നാണ് നേരെ ചൊവ്വേ ബോധം വെക്കുക.
സായിപ്പിനെ കോപ്പിയടിക്കുന്ന ചാനലുകള്‍ ബിഗ് ബ്രദര്‍, ചീറ്റേഴ്‌സ് ഒക്കെ കണ്ട് കോപ്പിചെയ്തിരുന്നെങ്കില്‍....വി നീഡ് സംതിങ്ങ് ഹോട്ട് എന്ന് പറയുന്ന യുവത്വത്തിന് അല്പം ആശ്വാസായേനെ. മൊബൈലിന്റെ ഇത്തിരി ചതുരത്തില്‍ നിന്നുള്ള ഒരു മോചനവും.
അതുകൊണ്ട് കുടുംബകലഹം പതിവാക്കിയവര്‍ ശ്രദ്ധിക്കുക...ഭാര്യ ചാനലില്‍ വിളിച്ചാല്‍ അവര്‍ വന്ന് ചിലപ്പോള്‍ പൊക്കിക്കൊണ്ട് പോകും. പോയില്ലെങ്കില്‍ കേസാകും. പരിപാടിയെ പിന്തുണക്കാന്‍ സര്‍ക്കാര്‍ വിഭാഗവുമുണ്ട്. ചെറിയ കണ്‍സള്‍ട്ടിംഗ് റൂമിലല്ല....ലോകം മുഴുവന്‍ കാണുന്ന ഭൂഗോളത്തിന്റെ മകളിലാണ് നിങ്ങള്‍ ഇരിക്കേണ്ടി വരിക...
പിന്നെ ഒരു ചാനലും നിങ്ങള്‍ക്ക് കാണേണ്ടി വരില്ല......നാടുവിടേണ്ടിവരും...
NB. ഇതില്‍ പങ്കെടുത്താല്‍ ചില്ലറവല്ലതും തടയുമോ ആവോ....ഉവ്വെങ്കില്‍ ഗതിയില്ലാത്ത പാവങ്ങള്‍ ഒന്ന് ട്രൈചെയ്യൂ....ഭാര്യയുമായി ഒരഡ്ജസ്റ്റ്‌മെന്റില്‍......പൈസ കിട്ടേണ്ടതാണ് ഒന്നുരണ്ട് മണിക്കൂര്‍ ജനത്തെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതല്ലേ.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.