ഡിസംബർ 05, 2011

നായകന്‍: യുവാവ്(പ്രായം59)


ആദ്യ പ്രദര്‍ശനത്തിന്റെയന്ന് കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും സാമാന്യ പ്രേക്ഷകനെ തീയേറ്ററില്‍ നിന്ന് ഓടിക്കുന്ന എല്ലാ ഫാന്‍സ് (പണിയില്ലാത്ത) അസോസിയേഷന്‍കാര്‍ക്കും കൃതജ്ഞത.ആളുകാണാന്‍ വേണ്ടി തീയേറ്ററിലെത്തിക്കുന്ന പടങ്ങള്‍ ആര്‍പ്പുംവിളിച്ചും, അസ്ഥാനത്ത് കൈയ്യടിച്ചും മറ്റുള്ളവനെ കാണാന്‍ സമ്മതിക്കാത്തവരെ ഫാന്‍സ് എന്ന് പറയാം. അടുത്തകാലത്താണ് ഈ പൊതുശല്യം കൂടിയത്. വാര്‍ധക്യം ഒരു കുറ്റമോ കുറവോ അല്ല. അത് ജീവിതാനുഭവങ്ങളുടെ തെളിവും പ്രഖ്യാപനവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ വാര്‍ധക്യത്തിന്റെ മട്ടുപ്പാവിലെത്തിനില്ക്കുന്നവരെ യാണ് ഈക്കണ്ട കേരളത്തിലെ ഫാന്‍സ് പൊക്കിനടക്കുന്നത്. എന്തിനാണ് പൊക്കിനടക്കുന്നത്. ഒരു പടം ഇറങ്ങിയാല്‍ ഓളം വേണം. താനൊരുസംഭവമാണ് എന്ന് പത്രങ്ങളെഴുതണം. വിവരമില്ലാത്ത ജനം കരുതണം. തന്നെകാത്തിരിക്കുന്ന ജനലക്ഷങ്ങള്‍ ഇപ്പോഴുമുണ്ട് എന്ന് എല്ലാവര്‍ക്കും തോന്നണം. എന്നാലെ അവരുടെ കാര്യം നടക്കൂ, പുതിയ ചാനലിന് ഷെയറും, എസ്റ്റേറ്റും വാങ്ങാന്‍ പറ്റൂ....
മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയ് വിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഭൂതകാലത്തിലെന്നോ ഇതെഴുതുന്നവനും അത്തരം ഒരിഷ്ടമുണ്ടായിരുന്നു. വഴിയില്‍ നഷ്ടപ്പെട്ട ഒരിഷ്ടം.അതുകൊണ്ട് തന്നെ ആ ഇഷ്ടം ഇപ്പോളില്ലാത്തതിനാല്‍ സ്ഥിരബുദ്ധി ഇപ്പോഴും ഉണ്ട് എന്ന് ഞാനുറപ്പാക്കുന്നു.
ഉത്സവത്തിന് പടക്കം പൊട്ടുന്നത് പോലെ ഒന്നൊന്നായി പടമിറങ്ങി പൊട്ടും. മൂന്നാംദിനം മുതല്‍ കാലിയാകുന്ന തീയേറ്ററുകളിലേക്ക് പിറ്റേ ആഴ്ച സൂപ്പറിന്റെ അടുത്ത പടം വരും. ശ്രീനിവാസന്‍ പറഞ്ഞതുമാതിരി പത്തെണ്ണത്തില്‍ ഒരെണ്ണം രക്ഷപെട്ടാല്‍ മതി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പിടിവള്ളിയായി. അല്ലെങ്കില്‍ തന്നെ വിജയിക്കാനായി പടം പിടിക്കുന്നവരാണോ ഈ പരട്ടപടങ്ങളൊക്കെ നിര്‍മ്മിച്ച് വിടുന്നത്.
മോഹന്‍ലാലൊക്കെ മലയാളിയുടെ മനസില്‍ ഒരോര്‍മ്മയാണ്. എന്നോ കണ്ടിഷ്ടപ്പെട്ട മുഖം. മോഹന്‍ലാലിനെ ഇഷ്ടമാണ് എന്ന് പറയുന്നവരോട് ഒരു ചിത്രത്തെപ്പററി ചോദിച്ചു നോക്കൂ...താളവട്ടം എന്നോ ചിത്രം എന്നോ സ്ഫടികം എന്നോ പറയും. കഴിഞ്ഞ പത്തുവര്‍ഷം അവരുടെ ചിന്തയില്‍ പോലും കാണില്ല. അജീര്‍ണ്ണം ബാധിച്ച ശരീരവും വികാരങ്ങള്‍ തെളിയാന്‍ ബദ്ധപ്പെടുന്ന മുഖവുമായി ഇവര്‍ ഇപ്പോള്‍ പെടുന്ന പാടുകാണുമ്പോള്‍ സഹതാപം തോന്നുന്നു. സത്യന്‍ അന്തിക്കാടിനേപ്പോലുള്ള വളര്‍ച്ചയില്ലാത്ത മനസുമായി കഥപടക്കുന്നവരുടെ സിനിമകളിലെ ലാലിന്റെ കോപ്രായങ്ങള്‍ ആരെ ചിരിപ്പിക്കും. പഴയ മോഹന്‍ലാലിനെ പുതിയ മോഹന്‍ലാല്‍ വികൃതമായി അനുകരിക്കുന്നു. മമ്മൂട്ടിയെപ്പറ്റി പറയുന്നേയില്ല. സൂപ്പര്‍താരങ്ങളുടെ പ്രതിഫലമല്ല അവരുടെ സിനിമകളാണ് മലയാള സിനിമയുടെ പ്രശ്‌നം എന്നാണ് പറയേണ്ടത്. ആര്‍ക്കോ വേണ്ടി പടച്ചുവിടുന്ന കോമാളിത്തരങ്ങള്‍. ഈ കോമാളിത്തരങ്ങളുടെ ബാക്കിപത്രമാണ് സന്തോഷ് പണ്ഡിറ്റ് സിനിമ.
ഫാന്‍സുകാരൊക്കെ അത്ര ശക്തരാണെങ്കില്‍ എന്തേ ഇക്കണ്ടപുലികളുടെ പടങ്ങളൊക്കെ ഒരാഴ്ചകൊണ്ട് നാടുവിടുന്നു. ഫാന്‍സുകാരെ എന്ന് വിലക്കെടുക്കാന്‍ തുടങ്ങിയോ അന്ന് സൂപ്പറുകളുടെ വിലയും നഷ്ടപ്പെട്ടു.
അല്പം മെച്ചമുള്ള ഒരു പടം ഇറങ്ങിയാല്‍ ഏഴയലത്ത് വരാത്തവരാണ് ആ ഫാന്‍സ്. പണ്ട് വാനപ്രസ്ഥം ഇറങ്ങിയ കാലത്ത് മോഹന്‍ലാല്‍ പറഞ്ഞു എന്നെ ഇഷ്ടപ്പെടുന്നവര്‍ ഒരു തവണ വീതം ഈ പടം കണ്ടാല്‍ മുടക്ക് മുതല്‍ തിരിച്ച് കിട്ടും എന്ന്. നടന്നില്ല...പൈസ മുഴുവന്‍ വെള്ളത്തില്‍ പോയി...പകരം അവാര്‍ഡ് കിട്ടി. അതിനാണല്ലോ ഈ റിസ്‌ക്.
ചാനല്‍ റൈറ്റ് കണ്ട് പടം പിടിക്കുന്നവരേ ഈ പോക്ക് പോയാല്‍ ചാനലുകള്‍ പോലും നിങ്ങളെ തിരിഞ്ഞ് നോക്കില്ല.
ആകാത്ത, ചേരാത്ത വേഷങ്ങള്‍ ചെയ്ത് ദയവായി ഞങ്ങളെ ഉപദ്രവിക്കരുത്. തീയേറ്ററില്‍ പോയില്ലെങ്കിലും പാട്ടും, കഷ്ണവും കാണിച്ച് ചാനലുകള്‍ ഞങ്ങളെ കൊല്ലുകയാണ്.....പ്ലീസ്...ഇനിയെങ്കിലും അല്പം പ്രായത്തിനൊപ്പമുള്ള ബുദ്ധി കാണിക്കൂ.....

2 അഭിപ്രായങ്ങൾ:

  1. കമന്റ് അടിക്കുമ്പോള്‍ വേര്‍ഡ്‌ വെരിഫികേഷന്‍ ചോദിക്കുന്നു.അത് കമന്റ് അടിക്കാന്‍ വരുന്നവരെ അതില്‍ നിന്നും പിന്‍ തിരിപ്പിക്കും .ചില സെട്ടിങ്ങ്സിലൂടെ നമുക്കിത് ചേഞ്ച്‌ ചെയ്യാന്‍ സാധിക്കുന്നതാണ്.കൂടുതല്‍ അറിയുവാന്‍
    http://shahhidstips.blogspot.com/2012/04/blog-post_29.html
    ഈ ലിങ്ക് വിസിറ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.