ഡിസംബർ 07, 2011

ചാത്തന്മാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക് !


മയത്തും അസമയത്തും ചാനലുകളില്‍ അഴിഞ്ഞാടുന്ന ചാത്തന്മാര്‍ക്കും യക്ഷികള്‍ക്കും കേന്ദ്രത്തിന്റെ നിയന്ത്രണം വരുന്നു. വിനോദമേഖലയിലെ ചാനലുകളുടെ എണ്ണം ക്രമാതീതതമായി കൂടുകയും, റേറ്റിംഗ് കിട്ടാന്‍ വേണ്ടി ഏത് പരിധിവരെയും പോകാന്‍ മടിക്കാതെയുമായതിന്റെ പരിണിത ഫലങ്ങളിലൊന്നാണ് ഭൂതപ്രേതപരിപാടികള്‍.
സീരിയല്‍ രൂപത്തിലും, ന്യൂസ് പ്രോഗ്രാം രൂപത്തിലും കുറച്ച് കാലമായി പ്രേതങ്ങളുടെയും യക്ഷികളുടെയും തേര്‍വാഴ്ച ചാനലുകളില്‍ നടക്കുന്നുണ്ട്. മലയാളത്തില്‍ ആ തരംഗം തെല്ലൊന്നടങ്ങിയ മട്ടാണ്. സായിപ്പിന്റെ പടത്തിലെ സീനുകള്‍ യാതൊരു ഉളുപ്പുമില്ലാതെ വെട്ടിക്കേറ്റി കടമറ്റത്ത് കത്തനാരുടെ രണ്ട് ഭാഗങ്ങള്‍ ഏഷ്യാനെറ്റ് സംപ്രേഷണം നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സൂര്യയിലും ഏഴിലംപാല എന്നൊരു സീരിയല്‍ രണ്ട് ഭാഗങ്ങള്‍ വന്നു.
അവധിക്കാലമാകുമ്പോഴാണ് ഇപ്പോള്‍ മലയാളത്തില്‍ കുട്ടിച്ചാത്തന്മാരുടെ വരവ്. കുട്ടിച്ചാത്തനെന്നോ, മായാവിയെന്നോ, ജിംബുംബായെന്നോ പേരിട്ട് കുറെ അമാനുഷിക പരിപാടികള്‍ കാട്ടി കുട്ടികളെ ആകര്‍ഷിക്കുന്ന സീരിയലുകളാണ് ഇവ. ഇരുപത്തൊന്ന് ,ഇരുപത്തിരണ്ട് എന്ന് നൂറ്റാണ്ടുകളെണ്ണുമ്പോഴും മനുഷ്യന്‍ ശാസ്ത്രത്തിന്റെ അങ്ങേയറ്റത്താണ് , ചൊവ്വയില്‍ ഫ്‌ളാറ്റ്‌  പണിതുടങ്ങി എന്ന് പറയുമ്പോഴും, ടെലിഷോപ്പിങ്ങില്‍ കാണിക്കുന്ന മാര്‍വാഡിയുടെ പന്ത്രണ്ട് രൂപയുടെ പ്ലാസ്റ്റിക് ചരട് രണ്ടായിരത്തി നാനൂറ് രൂപകൊടുത്തുവാങ്ങി അരയിലും അസ്ഥാനത്തും കെട്ടുന്നവരാണ് പല ആധുനികന്മാരും. ഷര്‍ട്ടും പാ്ന്റും ഊരിനോക്കിയാല്‍ ചോര്‍ച്ചയുള്ള പൈപ്പില്‍ നാടകെട്ടിയതുപോലാണ് പല ആധുനികോത്തരന്മാരുടെയും ശരീരം. അടിമുടി ചരട് മയം. അതിന് ജാതിഭേദംമതദ്വേഷമില്ല. കാലം മാറിയത് അനുസരിച്ച് ഇതിന്റെ നിര്‍മ്മാതാക്കളായ അപൂര്‍വ്വ ആചാര്യന്മാര്‍ (?) ആധുനിക മാധ്യമങ്ങളുപയോഗിച്ചാണ് വിപണനം. ചാനല്‍, വെബ്‌സൈറ്റ് എന്നിങ്ങനെ.
പഴയകഥകളൊക്കെ എടുത്ത് ഭാവനയുടെ 200 ശതമാനം ചേര്‍ത്ത് തയ്യാറാക്കുന്ന പീറ സീരിയലുകള്‍ മലയാളികള്‍ ഏറെ കണ്ടുകഴിഞ്ഞു. സൂര്യ ടി.വിയിലെ ഇത്തരം അവസാനത്തെ പരിപാടി അല്‍ഫോന്‍സാമ്മ എന്ന സീരിയലായിരുന്നു. ഏത് പ്രശ്‌നവും പരിഹരിക്കാനും, ശത്രുക്കളെ തുരത്താനും ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി. വിശ്വാസത്തെ തന്നെ വ്യഭിചരിക്കുന്ന ഇത്തരം സീരിയലുകള്‍ മുതിര്‍ന്നവരിലല്ല കുട്ടികളിലാണ് സ്വാധിനം ചെലുത്തുന്നത്. വിശുദ്ധയെപ്പോലെയാകാന്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മരണം സ്വീകരിച്ച പത്തുവയസുകാരി. ദൈവത്തിന്റെ അടുക്കലേക്ക് നേരത്തെയെത്താന്‍ മരണമാണ് വഴിയെന്ന് ധരിച്ച കുട്ടി. കഥയല്ല...യാഥാര്‍ത്്ഥ്യമാണ്. തെറ്റായ ഇത്തരം പ്രബോധനങ്ങളും, അന്ധവിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ചാനലുകള്‍ക്ക് തെല്ലും മടിയില്ല.
അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു എന്ന് വാര്‍ത്ത. നിയന്ത്രണങ്ങള്‍ നല്ലതാണ്. ശരിയായവിധം നടപ്പായാല്‍. സിഗരറ്റ് വലിക്കുന്നതിന്റെ മുന്നില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതികാണിക്കുന്നതാണല്ലോ നമ്മുടെ ആരോഗ്യബോധവത്കരണത്തിന്റെ സ്വഭാവം. പ്രൈംടൈമില്‍ കാണിക്കുന്ന സിനിമപ്പാട്ടില്‍ പബ്ലിക്‌പ്ലേസില്‍ അടിവസ്ത്രം മാത്രമിട്ട് കെട്ടിമറിയുന്ന പ്രണയജോടികളുടെ മുന്നില്‍ പൊതുസ്ഥലത്തെ വ്യഭിചാരം കുറ്റകരം എന്നുകൂടി എഴുതികാണിക്കാന്‍ വകുപ്പുണ്ടാക്കിയാല്‍ ഇന്ത്യ സാംസ്‌കാരികമായി ഏറെ മുന്നേറിക്കൂടായ്കയില്ല.
ആയകാലത്ത് ഈ കളിയൊക്കെ കളിച്ച കുമാരിമാരാണല്ലോ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലും, പാര്‍ലമെന്റിലും ഞെളിഞ്ഞിരുന്ന് ഭരിക്കുന്നവരില്‍ പലരും.
പബ്ലിക്‌പ്ലേസില്‍ ചെകിടത്ത് അടിവാങ്ങുന്ന കേന്ദ്രമന്ത്രിയുടെപോലുള്ള സീനുകള്‍ നിയന്ത്രിക്കുന്ന സെന്‍സര്‍ഷിപ്പും അടുത്ത് തന്നെ വന്നുകൂടായ്കയില്ല.
പ്രേതങ്ങളെ നിലക്കുനിര്‍ത്തുന്നതിനേക്കാള്‍  ആവശ്യം ന്യൂസ് സെന്‍സര്‍ഷിപ്പാണല്ലോ....
ഭരണചക്രം പിടിച്ചുതിരിച്ച് ജനത്തെ ഒരു വഴിക്കാക്കുന്നത് ഇന്ദിരാഗാന്ധിയുടെ പിന്‍മുറക്കാരല്ലേ.....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.