ജൂലൈ 15, 2012

മറുനാടന്‍ മലയാളി ഉടുത്തതഴിച്ച് കാണിക്കുമ്പോള്‍.......... 1!



മറനാടന്‍മലയാളി എന്നൊരു സൈറ്റുണ്ടെന്ന് സുഹൃത്ത് പറഞ്ഞ്‌കേട്ടാണ് ഞാന്‍ നോക്കുന്നത്. കൊള്ളാം...ബെര്‍ളിയുടെ അളിയനായി വരുമെന്ന് തോന്നി. വിപുലമായ കവറേജ്. എല്ലാ മേഖലകളിലും റിപ്പോര്‍ട്ടര്‍മാര്‍...പോരാത്തതിന് കള്ളുഷാപ്പിലെ തീറ്റമാതിരി എരിവും പുളിയും അല്പം കൂടുതലും. പരസ്യവരുമാനവും ആവശ്യത്തിന്. ഏതോ പ്രമുഖ പത്രത്തില്‍ നിന്ന് പണി നിര്‍ത്തിപ്പോയവനാകണം സൈറ്റ് നടത്തുന്നത്. സാധനം മസാലയാണെങ്കിലും ഒരു പ്രൊഫഷണല്‍ ടച്ചുവരുത്തിയേ വിടൂ. പഴയശൈലിയില്‍ സ്വന്തം ലേഖകനെയും ഇടക്ക് തിരുകും. ചുരുക്കത്തില്‍ സാമാന്യം വലിയൊരു പ്രസ്ഥാനം. പക്ഷേ ബംഗ്ലാവില്‍ താമസിക്കുന്നവന്‍ അടുത്ത് താമസിക്കുന്ന സെന്റുകാരന്റെ പറമ്പിലെ തേങ്ങയെടുത്ത് ചമ്മന്തി അരയ്ക്കുന്ന പരിപാടി മറുനാടന്‍ മലയാളി കാണിക്കുന്നു. പ്രഫഷണലായി മഞ്ഞപ്പത്രം നടത്തുന്നതെങ്ങനെയെന്ന് ഉളുപ്പുള്ളവര്‍ കേരളത്തില്‍ പണ്ടേ കാണിച്ചുതരുന്നുണ്ട്. കല്ലച്ചിലടിക്കുന്ന കാലം മുതലേ തീപ്പന്തം, തുറുക്കുറ്റി, വാണക്കുറ്റി, തുടങ്ങി ഓരോ താലൂക്കിനും ഓരോന്നുവച്ചുണ്ടായിരുന്നു. ഇന്നാണെങ്കില്‍ കോഴിക്കോടിന്റെ സ്വന്തം ക്രൈം വരെയുണ്ട്.
എഴുതുന്നത് കന്നന്തരമാണെങ്കിലും പേരുവച്ചെഴുതാന്‍ ഈ ജാതികള്‍ക്ക് ജന്മസിദ്ധമായ ധൈര്യമുണ്ടായിരുന്നു. അടികൊണ്ടും, പ്രായം ചെന്നും ഇത്തരം മഞ്ഞകള്‍ രംഗം വിടുകയും വെബ് ലോകം വളരുകയും ചെയ്തതുകൊണ്ടാകണം ഇത്തരക്കാരെല്ലാം നെറ്റില്‍ കുടിയേറി. മറുനാടന്‍ മലയാളിക്ക് ലോകമെങ്ങും വായനക്കാരുണ്ടെന്നാണ് ഈ എളിയവന്‍ മനസിലാക്കുന്നത്. പക്ഷേ സ്വന്തം കോണ്‍ടാക്ട് അഡ്രസ്, എന്തിന് ഒരു ഇമെയില്‍ പോലും നല്കാതെ മാധ്യപ്രവര്‍ത്തനം നടത്തുന്ന ഇമ്മാതിരി പ്രസ്ഥാനങ്ങള്‍ ഒരുമാതിരികൂട്ടിക്കൊടുപ്പാണ് നടത്തുന്നത്.
പറഞ്ഞുവന്നത് അതൊന്നുമല്ല...എന്റെ ബ്ലോഗ് ഒരു പ്രസ്ഥാനവുമല്ല...അതിനെ കമന്റ് കിട്ടാനായി ഞാന്‍ തുറന്ന് ഇട്ടിട്ടുമില്ല. എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ്, അറിവുകള്‍ മാത്രമാണ് ഞാന്‍ എഴുതുന്നത്. അതാകട്ടെ ഏതെങ്കിലും ജ്വല്ലറി്കാരന്റെ പരസ്യത്തിന് വേണ്ടിയുമല്ല...(കിട്ടാനുമിടയില്ല....100%!!!)
കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ പോസ്റ്റുകള്‍ തലയും കാലും മാറ്റി മറുനാടന്‍ മലയാളി ഉളുപ്പില്ലാതെ അടിച്ച് മാറ്റുന്നതായി കാണുന്നു. ഒരു തരത്തില്‍ അത് ഒരു ക്രെഡിറ്റായി ഞാന്‍ കാണുന്നു. പക്ഷേ എഴുതാന്‍ ശേഷിയില്ലാത്തവനൊക്കെ വല്ലവന്റെയും മാറ്ററെടുത്ത് സ്വന്തംപോസ്റ്റായി പബ്ലിഷ് ചെയ്യുന്നതിന് നാട്ടില്‍ നാറിത്തരമെന്നാണ് പറയാറ്. കുറഞ്ഞത് എവിടെ നിന്നെടുത്തു എന്നെങ്കിലും പറയാം. ഇനി അഥവാ ചാനല്‍ വാര്‍ത്തകളെഴുതുന്നവന് വിഷയദാരിദ്ര്യം ഉണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.
എന്റെ പണിയും ഇതുതന്നെയാണ്. പക്ഷേ കോപ്പിപേസ്റ്റ് ചെയ്യലല്ല....


1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.