ഓഗസ്റ്റ് 13, 2012

ചാണകത്തിന്റെ ചാനല്‍ ബിസിനസ്



ചാണകമെന്നാല്‍ വളമാണ്. അത് കേരളത്തിലും, ആഫ്രിക്കയിലും ഒരുപോലാണ്. പക്ഷേ ഒരു പ്രശ്നമെന്താണെന്ന് വച്ചാല്‍ അതിന്റെ മണമാണ്. പക്ഷേ കൃഷിക്കാരന് അത് പ്രശ്നമല്ല. കോട്ടിട്ട് ഓഫിസില്‍ പോകന്നവന് പ്രശ്നവും. അടിസ്ഥാന പ്രശ്നം ഓരോന്നും ഇരിക്കേണ്ടിടത്ത് ഇരിക്കണം. ആപ്പിളായാലും അമേദ്യമായാലും. അതിപ്പോള്‍ സുരേഷ്ഗോപിയോട് ചോദിച്ചാലും അങ്ങനെയേ പറയു. പക്ഷേ നമ്മുടെ ചില ലീഡിങ്ങ് ചാനലുകളിലെ ചില പരിപാടികള്‍ കണ്ടാല്‍ ഇവനൊക്കെ തോട്ടിപ്പണിക്ക് പൊയ്ക്കൂടേ എന്ന് തോന്നിപ്പോകും. അതിപ്പം സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ അത് ചെയ്യാനുമാവില്ല. ചാനലിന്റെ തലപ്പത്തിരിക്കുക എന്നത് കേരളത്തിലെ ഏത് മാധ്യ പ്രവര്‍ത്തകന്റെയും ഒരു സ്വകാര്യ മോഹമായിരിക്കും. ചാനല്‍ ചെയര്‍മാന്‍ എം.കെ മുനീര്‍എന്ന് കേള്‍ക്കുമ്പോള്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി മുനീര്‍ എന്ന് കേള്‍ക്കുന്നതിനേക്കാള്‍ ഓളമുണ്ട്. ആഗോള മാധ്യമ ഭീമന്‍, ദേശ വിരുദ്ധന്‍, കാപാലികന്‍, മനോരമയുടെ അച്ചായന്‍ കഴിഞ്ഞാല്‍ വെറുക്കപ്പെടേണ്ടവന്‍ എന്നൊക്കെയാണല്ലോ മര്‍ഡോക്ക് സായാവിനെപ്പറ്റി കേരളത്തിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നത്. കടയില്‍ കൂലിക്ക് നിന്നവന്‍ കടതുടങ്ങിയാല്‍ മുതലാളിയാവുന്നു, ബൂര്‍ഷ്വാ ആകുന്നു എന്നാണല്ലോ പ്രമാണം. കയ്യിലിരുപ്പും കഴിവും കൊണ്ട് ബിസിനസ് നടത്തി മെച്ചപ്പെട്ടാല്‍ തല്ലിക്കൊല്ലേണ്ടവരുടെ ഗണത്തില്‍ പെടുത്തുന്ന ആധുനിക കമ്യൂ...വ്യവസ്ഥിതിയില്‍ ഏറെ വെറുക്കപ്പെടേണ്ട ഒന്നാണ് മാധ്യമ ഭികരത. ആളെ നടുറോഡിലിട്ട് വെട്ടി കശാപ്പ് നടത്താം, അത് റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലിനെ പാര്‍ട്ടി, സാമൂഹ്യ വിരുദ്ധം എന്ന് വിശേഷിപ്പിക്കാന്‍ പ്രത്യേക കഴിവാണ്. പക്ഷേ ചില അവസരങ്ങളില്‍ അണികളെ തന്നെഞെട്ടിച്ച് ചുവന്ന നേതാക്കന്‍മാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആശ്ചര്യപ്പെടുത്തും. എം. മുകുന്ദനെപ്പോലെ കമ്യൂണിസ്റ്റ്കാര്‍ ഭരിക്കുമ്പോള്‍ എല്ലാത്തിലും പ്രതികരിക്കും., അല്ലാത്തപ്പോള്‍ നോവലെഴുതി പ്രതികരിക്കും എന്ന് പറയുന്ന സാഹിത്യസംഘപ്രവര്‍ത്തകര്‍ പോലും അമ്പരന്ന് പോകും. അത്തരമൊരു ഒരുപ്പോക്കായിരുന്നു ബ്രിട്ടാസ് മുതലാളി, കൈരളിയില്‍ നിന്ന് നേരെയിറങ്ങി ഏഷ്യാനെറ്റിലെത്തിയപ്പോള്‍ ഉണ്ടായത്. 
Cartoon :jairajtg.blogspot.com
കൈരളിയുടെ മാനസപുത്രനായി വിജയേട്ടന്റെ ആരോമലായി കൈരളിയില്‍ പണിയെടുത്തിരിക്കേയാണ് കേരളത്തിലെ മര്‍ഡോക്ക് മനോരമ സീരിയല്‍ ചാനല്‍ തുടങ്ങുന്നത്. പണിഅറിയാവുന്ന ആളെകിട്ടുകയാണ് സ്ഥാപനം നടത്താന്‍ ഏറ്റവും ആവശ്യം. അതിനാല്‍ ഏഷ്യാനെറ്റിന്റെ ശ്രീകണ്ഠന്‍ നായരെ തന്നെ മനോരമ വലയിട്ടു. ഇനി വല തേടി അങ്ങേര് വന്നതാണോയെന്നും അറിയില്ല. മര്‍ഡോക്ക് ചാനലെടുത്ത് വൈകാതെയാണ് നായര്‍ മനോരമയിലെത്തിയത്. അപ്പോഴതാ കേള്‍ക്കുന്നു കൈരളിയിലെ ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്കെന്ന്. ഉന്നതമാധ്യബിരുദധാരി ബ്രിട്ടാസ് കൈരളി വിട്ടാല്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ടവന്റെ അവസ്ഥയാകുമെന്ന് കരുതിയവന്‍ ബ്ലീച്ചായി. ഏഷ്യാനെറ്റില്‍ കേറിയാല്‍ കാലുവെട്ടുമെന്ന് വിചാരിച്ച ചുവപ്പ് തീവ്രവാദിയും അന്തം വിട്ടു. കാരണം വിജയേട്ടന്‍ നല്ലൊരു കാറും വാങ്ങി അനുഗ്രഹിച്ചാണ് ശിഷ്യനെ ഏഷ്യാനെറ്റിലേക്കയച്ചത്. ബഹുഭൂരിപക്ഷത്തിനും അതിന്റെ കഥ ഇതുവരെ മനസിലായിട്ടില്ല. ബ്രിട്ടാസ് ചേട്ടന്റെ ഹോബിയെന്നത് താരങ്ങളെ ഇന്റര്‍വ്യു ചെയ്യലാണ്. കൈരളിയിലെ ഹിറ്റ് ഫാരിസ് അബൂബക്കറാണ്. അടിയാണേലിങ്ങനെ വേണം എന്ന് പറഞ്ഞതുമാതിരി ഉഴിഞ്ഞാലിങ്ങനെ ഉഴിയണം. വെളുത്ത് തുടുത്ത ആ കോടീശ്വരനെ ലോകത്തിന് മുന്നില്‍ നിറുത്തി ജ്ഞാനസ്നാനം ചെയ്ത് വിശുദ്ധനാക്കി വളിഞ്ഞൊരു ചിരിയും ചിരിച്ച് ബ്രിട്ടാനിക്ക ദൗത്യം നിറവേറ്റി. പ്രൈം ടൈമിലെ ഇന്റര്‍വ്യ ഹിറ്റ്. അവുക്കറും ഹിറ്റ്. ഈ വെളുത്ത, ആങ്കുട്യേനെപറ്റിയാ ജ്ജ് ഇക്കണ്ട തോന്ന്യാസം പറഞ്ഞേ എന്ന് പാര്‍ട്ടിക്കാര് വരെ ചോദിച്ചുപോയി. ഏഷ്യനെറ്റിലുവന്നിട്ടും മാറ്റമൊന്നും വന്നില്ല. മാധ്യപ്രവര്‍ത്തകന്‍ മറഞ്ഞിരിക്കേണ്ടവനല്ലല്ലോ. സന്തോഷ് പണ്ഡിറ്റ്, പ്രിഥ്വിരാജ് എന്നിവരെ ആദ്യകാലത്ത് തന്നെ കിട്ടി. താനാണ് മുതലാളി, നീ എന്റെ ക്ഷണം സ്വീകരിച്ച് വന്നവനാണ് എന്നൊരു ഭാവമാണ് ഇന്റര്‍വ്യുകളില്‍ മുഖത്ത്. പ്രിഥ്വിരാജിന്റെ ഇന്റര്‍വ്യവില്‍ തരക്കേടില്ലാതെ എതിര്‍ചോദ്യം വാങ്ങിയെടുത്ത ടിയാന്‍ പണ്ഡിറ്റിനെയും വെറുതെവിട്ടില്ല. ഞാന്‍ പറയും നീ കേള്‍ക്ക് എന്ന മാതിരിഭാവവുമായി അവസാനം ചെയ്ത കൃത്യം അനന്യയെ ഭേദ്യം ചെയ്യലാണ്. കൂടെ ഓള്‍ടെ കെട്യോനും. ചാനല്‍ മേധാവിയായതുകൊണ്ടാവും ഓരാഴ്ച നല്ല പബ്ലിസിറ്റി നല്കിയാണ് ഇന്റര്‍വ്യു പ്രക്ഷോഭണം നടന്നത്. കേരളത്തിലെ ജോലിയില്ലാത്ത സ്ത്രീകളൊക്കെ ഞായറാഴ്ച ഏഷ്യാനെറ്റിന് മുന്നിലിരുന്നു കൊടുത്തു. ചോദ്യം തുടങ്ങുന്നത് തന്നെ കേരളത്തിലെ മനോരോഗികളെ തൃപ്തിപ്പെടുത്താനും, വിവരക്കേട് വിളിച്ച് പറയാനുമായാണ്. ആദ്യ ചോദ്യങ്ങളിലൊന്ന് എന്ത് കണ്ടിട്ടാണ് അനന്യ അഞ്ജനേയനെ പ്രേമിച്ചത് എന്നാണ്. ആനയും ആടും പോലുള്ള വലിപ്പ വ്യത്യാസമുണ്ടല്ലോ എന്നും ചോദ്യം. മാന്യമായി വര്‍ത്തമാനം പറയാനറിയാത്ത, ഏതോ പഴയകാല കോണ്‍സ്റ്റബിളിന്റെ പെര്‍ഫോമന്‍സാണ് ടിയാന്‍ കാഴ്ചവെയ്ക്കുന്നത്. ആണ് പെണ്ണിനെയും, പെണ്ണ് ആണിനെയും ഇഷ്ടപ്പെടുന്നത് സൗന്ദര്യം, ശരീര വലിപ്പം എന്നിവ മാത്രം നോക്കിയാണെന്ന് ഏത് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഈ.........പഠിച്ചത്. ഇതേ ചോദ്യം ഇന്റര്‍വ്യുവറിന്റെ ഭാര്യയോട് ചോദിച്ചാല്‍ എന്താവും മറുപടി. അനന്യ രണ്ടാം കെട്ടുകാരനെ കെട്ടിയാല്‍ ഏഷ്യാനെറ്റിന്റെ എന്തെങ്കിലും ഊരിപ്പോകുമെന്ന് ടിയാന്‍ വിചാരിച്ചിട്ടുണ്ടോ? ഇടക്കിടക്ക് ഫേസ്ബുക്കില്‍ കണ്ടു, ഫേസ് ബുക്കില്‍ അങ്ങനെയാണല്ലോ കണ്ടത് എന്ന് പലയാവര്‍ത്തി പറയുന്നതു കേള്‍ക്കാം. ഫേസ് ബുക്കില്‍ വായിച്ച് കോണ്‍ട്രവേര്‍സി തപ്പി ഇര പിടിക്കാനിറങ്ങിയതാവും . എങ്കില്‍ നല്ലൊരിരയായി ഉര്‍വ്വശി ഇപ്പോളുണ്ട്. അടുത്ത ഇന്‍റര്‍വ്യ അവരുമായ് ആകട്ടെ. ഏത് ബ്രാന്‍ഡാണ് കഴിക്കാറ്? മദ്യപാനമല്ലാതെ എന്തൊക്കെയാണ് മനോജ് പഠിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. കോട്ടൂരി ലുങ്കിയും, ചളിപുരണ്ട ഷര്‍ട്ടുമിട്ടാല്‍ വാര്‍ക്കപ്പണിക്കാരനെപ്പലെയാണ് താങ്കളും എന്ന് ആരും തിരിച്ച് പറയാഞ്ഞത് ഭാഗ്യം. മര്‍ഡോക്ക് മുതലാളി അധികം കാലം വാഴിക്കാനും ഇടയില്ല. സീരിയലൊക്കെ പിന്നോട്ടാണ്. പ്രസ്റ്റീജെന്നൊക്കെ പറഞ്ഞ് ആരംഭിച്ച മൂവിചാനല്‍ ആര്‍ക്കും ചെയ്യാവുന്നത് തന്നെ. സാന്‍ഫ്രാന്‍സിസ്കോയില്‍ പഠിച്ചിട്ടും, വിവരമുണ്ടായിട്ടും കാര്യമില്ല പെരുമാറ്റത്തില്‍ കാണണം... (പ്രചോദനം തന്ന മാതൃഭൂമി ട്രൂകോപ്പിക്ക് നന്ദി...രണ്ട് വാക്ക് എഴുതാനിരിക്കുമ്പോളാണ് മാതൃഭൂമിയിലെ വാര്‍ത്ത)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.