സെപ്റ്റംബർ 09, 2012

മാതൃഭൂമിയുടെ കപ്പക്കച്ചവടം

കേരളത്തിലെ മുന്‍നിര പത്രങ്ങളൊക്കെ ചാനലുകള്‍ ലോഞ്ച് ചെയ്യുന്ന തിരക്കിലാണ്. ഇതുവരെയുള്ള ട്രെന്‍ഡ് വച്ച് ചാനല്‍ തുടങ്ങാന്‍ തീരുമാനിക്കുമ്പോഴേ ലോഞ്ചിംഗ് ഡേറ്റ് പ്രഖ്യാപിക്കുന്ന ഒരു പതിവ് കേരളത്തിലുണ്ട്. ചുമ്മാ നാട്ടുകാരെ ഇന്‍ട്രസ്റ്റ് കേറ്റാനുള്ള പരിപാടി. വന്നിട്ടിപ്പം മലയാളത്തിലെത്ര ചാനലുണ്ടെന്ന് ആര്‍ക്കും അറിയാതായി. ടെസ്റ്റ് അടിച്ച് ആയുസ് തീര്‍ന്ന ഭാരതിന്റെ വഴിക്കാണോ കൗമുദിയും, രാജും, മുരളീധരന്റെ ജനപ്രിയയും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ പോയാല്‍ ഏറ്റവും അധികം കാലം പരീക്ഷണ സംപ്രേഷണം നടത്തിയ മലയാളം ചാനല്‍ എന്ന പദവി ഇന്ത്യാവിഷന്‍ കേരള കൗമുദിക്ക് നല്കേണ്ടിവരും. മാതൃഭൂമിയും ഒരു വര്‍ഷത്തിലേറെയായി പരീക്ഷണം തുടങ്ങിയി‌‌ട്ട്. ഇപ്പോഴിതാ മാതൃഭൂമി ന്യൂസ് ചാനല്‍ എന്നും വരും, എന്നു വരും... എന്നറിയാതെ നില്ക്കേ പുതിയൊരു ചാനല്‍ മാതൃഭൂമി ടെസ്റ്റിംഗ് തുടങ്ങിയിരിക്കുന്നു. കപ്പ എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ മ്യൂസിക് ഗണത്തില്‍ പെടും. ഭാവിയില്‍ പേര് പൂള എന്നായിക്കൂടായ്കയില്ല.

 അല്ലെങ്കിലും ഒരുതരം കപ്പകൃഷിയാണല്ലോ മാധ്യമ പ്രവര്‍ത്തനം.
ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ മാധ്യമരംഗം പുനരുദ്ധരിക്കാനുളള എളിയ ശ്രമമാണ് മീഡിയ വണ്‍. മേല്‍ പറഞ്ഞ ചാനല്‍ ലോഞ്ചിംഗ് ഗീര്‍വാണം മാധ്യമവും ഉപേക്ഷിച്ചില്ല. ഓണത്തിന് പ്രസാരണം തുടങ്ങാനിരുന്ന ചാനലിന്റെ പണി നടക്കുന്നതേയുള്ളു. സ്റ്റുഡിയോ കോംപ്ലക്സിന് തറകെട്ടുംമുമ്പേ ചാനല്‍ ലോഞ്ച് പ്രഖ്യാപിക്കാനുള്ള കഴിവ് അഭിനന്ദനാര്‍ഹം തന്നെ. നാട്ടിലുള്ള സകല സംഘടനകളും ചാനല്‍ തുടങ്ങുകയും, അതു മാത്രമേ കാണാവു എന്ന് ഓര്‍ഡറിങ്ങുകയും ചെയ്യുന്ന കാലം വിദൂരമല്ല.

വാല്‍ക്കഷണം - ബ്രിട്ടാസിനെക്കുറിച്ച് അഞ്ചെട്ട് പാരഗ്രാഫില്‍ വിശദീകരിച്ചതായിരുന്നു എന്റെ അവസാന പോസ്റ്റ്. കഷ്ടമെന്ന് പറയട്ടെ ആശാന്‍ നാള്‍ക്കുനാള്‍ വഷളാവുകയാണ്. സെപ്തംബര്‍ 8 ന് രാത്രി പ്രക്ഷേപണം ചെയ്ത നമ്മള്‍ തമ്മില്‍ അല്പനേരം കാണാനിടയായി. സന്തോഷ് പണ്ഡിറ്റിനെക്കൂടി ഇരുത്തി ചര്‍ച്ച. വിഷയം മാറ്റങ്ങളിലെ മാറ്റം എന്നോ മറ്റോ. അത് എന്തോ ആവട്ടെ പണ്ഡിറ്റ് ഏതായാലും തെണ്ടിക്കേറി വന്നതാവില്ല. പരിപാടിക്ക് പുള്ളിംഗ് കിട്ടാന്‍ ക്ഷണിച്ച് കൊണ്ടുവന്നത് തന്നെ. പക്ഷേ പരിപാടി തുടങ്ങുന്നത് തന്നെ പണ്ഡിറ്റിനെ പരാമര്‍ശിച്ചും, ഇടക്കിടക്ക് അധിക്ഷേപിച്ചും. ഇടക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കോ അതെന്ത് എന്ന മട്ടില്‍ പുഛവും. അനന്യയുടെ കേസില്‍ ഫേസ് ബുക്ക് , ഫേസ് ബുക്ക് എന്ന് നൂറാവര്‍ത്തി പറഞ്ഞ ആശാനാണ് ഇത്തവണ ഇങ്ങനെ. പരിപാടിക്ക് പ്രേക്ഷകരെ കിട്ടാന്‍ ഇമ്മാതിരി തറവേലകള്‍ കാണിക്കേണ്ടുന്ന ആവശ്യം ഏഷ്യാനെററ് പോലെ ഒരു ചാനലിനുണ്ടോ? ഇടക്ക് ഡി.എന്‍.എ യെപ്പറ്റി ബ്രിട്ടാസ് പറയുന്നത് കേട്ടു. പണ്ഡിറ്റിന്റെ ഡി.എന്‍.എയെ പറ്റി.
കാഴ്ചക്കാരെ ടെലിവിഷന് മുന്നില്‍ നിന്ന് എഴുന്നേല്‍പിച്ചോടിക്കുന്ന ഇത്തരം ബ്രൂട്ടസ് അവതാരകര്‍ കേരളത്തില്‍ ഏറെയുണ്ടാവില്ല.
അറിയാത്ത പണി ചെയ്യാന്‍ നില്‍ക്കുന്ന ഇവന്‍മാര്‍ക്കൊക്കെ പോയി മിഠായിത്തെരുവില്‍ അണ്ടര്‍വെയര്‍ കച്ചവടം നടത്തി ജീവിച്ചുകൂടേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.