ആര്‍ക്കും എങ്ങനെ വേണമെങ്കിലും കയറി കൈവെക്കാവുന്ന അവസ്ഥയാണ് സിനിമയിലും. ആരെങ്കിലുമൊക്കെ വന്ന് അഭിനയിച്ച് കുളമാക്കുന്ന സിനിമകള്‍. പക്ഷേ ദോഷം പറയരുതല്ലോ പരസ്പരസഹായ സംഘങ്ങള്‍ രൂപീകരിച്ച് സിനിമയില്‍ പിടിച്ച് നില്ക്കുന്ന ഇവര്‍ക്ക് കഴിവ് എന്നത് പത്തില്‍ മൂന്നില്‍ താഴെ വരും. പെട്ടുപിഴച്ച് ഒരു വേഷമെങ്ങാന്‍ ക്ലിക്കായാല്‍ പിന്നെ അതും ചുമന്ന് ജീവിത കാലം മുതല്‍ നടക്കും.
പരിമിത വിഭവനായ സുരേഷ് ഗോപി അദ്യം ഷിറ്റ് വിളിച്ച് പരിപോഷിപ്പിച്ചെടുത്ത രാഷ്ട്രീയ, പോലീസ് സിനിമ ശ്രേണിയുടെ തലതൊട്ടപ്പന്‍മാരായിരുന്നു രണ്‍ജി പണിക്കരും, ഷാജി കൈലാസും. തെറിയും, തല്ലും ആവശ്യത്തിന് മിക്സ് ചെയ്ത രാഷ്ട്രീയ വിമര്‍ശന ചിത്രങ്ങള്‍ മുന്‍കാലത്ത് തരംഗം തന്നെ സൃഷ്ടിച്ചു. അത്തരം ചിത്രങ്ങള്‍ ക്ലച്ച് പിടിക്കാതായതോടെ അവര്‍ കളം മാറ്റി. ഇപ്പോള്‍ കളമേയില്ല.
സ്വാഭാവിക അഭിനയം എന്നത് തൊട്ടുതെറിച്ചില്ലാത്ത സുരേഷ് ഗോപി എന്ന നടന്‍ അതോടുകൂടി വളര്‍ന്ന് പന്തലിച്ചു. ഞാനങ്ങ് വളര്‍ന്ന് പോയി എന്ന് ഗോപിയാശാന്‍ തന്നെ പറഞ്ഞ്തുടങ്ങി. ദോഷം പറയരുതല്ലോ മിക്ക ആക്ഷന്‍ പടങ്ങളും നല്ല നേരം പോക്കായിരുന്നു. എല്ലാത്തിനും പ്ലോട്ട് ഒന്നാണെങ്കിലും. സിനിമയില്‍ അഭിനയിച്ച് പിന്നെ ആ കഥാപാത്രത്തെയും ചുമന്ന് നടക്കുന്ന നടന്‍മാര്‍ വളരെ കുറവാണ്. അബദ്ധത്തില്‍ വിജയങ്ങള്‍ ലഭിക്കുന്നവന്‍റെ അല്പത്വം എന്ന് വേണമെങ്കില്‍ അതിനെ പറയാം. പക്ഷേ സുരേഷ് ഗോപി ഇപ്പോഴും കമ്മീഷണറെ ചുമന്ന് നടക്കുന്നു. അത്തരം ചിത്രങ്ങളിലഭിനയിച്ചതുകൊണ്ട് തനിക്ക് ഇപ്പോള്‍ സമൂഹത്തില്‍ പ്രതികരിക്കാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഭാഗ്യം വല്ല ബലാത്സംഗ വീരന്‍റെയും വേഷമായിരുന്നുവെങ്കില്‍ അവസ്ഥ എന്തായിരുന്നേനെ. നേരവും കാലവുമൊത്താല്‍ മെനക്കെടാതെ ദേശിയ അവാര്‍ഡ് വരെ കിട്ടുമെന്നതിന്‍റെ ജീവിക്കുന്ന സാക്ഷ്യമാണ് സുരേഷ് ഗോപി. കളിയാട്ടത്തില്‍ ക്ലീന്‍ ഷേവടിച്ച മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചതിന് അവാര്‍ഡ് വാങ്ങി പോക്കറ്റിലിട്ട ഗോപിയാശാന്‍ അതോടെ ക്ലാസ് നടനായി. പടമില്ലാത്തപ്പോള്‍ പൊതു വേദികളില്‍ വരിക എന്നതാണ് സ്വഭാവം. ആള്‍ രോഷാകുലനായ ചെറുപ്പക്കാരനാണ് പൊതു വേദികളില്‍...ഒന്നും ശരിയല്ല എന്ന മട്ട്. ആള്‍ ഭയങ്കര സാമൂഹ്യ പ്രവര്‍ത്തകനാണ് എന്നാണ് പ്രഖ്യാപനം. പക്ഷേ അത് പുറത്ത് പറയാന്‍ താല്പര്യമില്ല. കോടീശ്വരനിലൊക്കെയാണെങ്കില്‍ അല്പം പറയാം. കോടിക്കണക്കിനാളുകള്‍ കാണുന്നതല്ലേ.
മലയാളത്തിലെ മുന്‍ നിരതാരങ്ങളെ തെറി പറയലാണ് ഈ അഭിനയ കുലപതിയുടെ ഹോബി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരാണ് പ്രധാന ഇരകള്‍. അവര്‍ചെയ്ത അത്ര തൊട്ടി പടങ്ങള്‍ താന്‍ ചെയ്തിട്ടില്ല എന്നാണ് ഗോപിയാശാന്‍ ഈയിടെ പറഞ്ഞത്. ഞാനങ്ങ് വളര്‍ന്ന് പോയില്ലേ എന്ന് ഭാവിച്ച് നടക്കുന്ന ഇദ്ദേഹം ഒരു കാര്യം മറന്നുപോകുന്നു...അവര്‍ക്കൊക്കെ അഭിനയ ശേഷിയുണ്ട്...എന്നും ജീവിക്കുന്ന കുറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയവരാണ്...
ഇന്നും ഏകലവ്യനിലെ മാധവനായി നടക്കുന്ന സുരേഷ് ഗോപിക്ക് ഒരു നടന്‍ എന്ന നിലയില്‍ എന്ത് നിലവാരമാണ് ഉള്ളത്. ചെയ്ത പോലീസ് വേഷങ്ങളുടെ ബലത്തിലാവണം പോലീസുകാരുടെ ചടങ്ങുകളില്‍ മിക്കവാറും കാണാം. സിനിമയിലെ അതിഭാവുകത്വം നിറഞ്ഞ പോലീസ് വേഷങ്ങളുടെ പിന്തുണയോടെ ഉളുപ്പില്ലാതെ സ്റ്റേജിലിരിക്കുന്ന ഈ നടന് എന്ത് യോഗ്യതയാണ് അതിനുള്ളത്. മോഹന്‍ലാലിന്‍റെ മിലിട്ടറി പ്രവേശനം ഒരു തമാശയാണെങ്കിലും അതിനെ പറ്റി സുരേഷ് ഗോപി പറയുന്നത് അത്ര പഥ്യമല്ല. കരുണാകരന് സദ്യ വിളമ്പാന്‍ നടന്ന് പാളിപ്പോയ ഒരു രാഷ്ട്രീയ പിന്നാമ്പുറം ഇങ്ങേര്‍ക്കുണ്ട്. ഒന്നു കയറിപ്പറ്റാന്‍ സാധിക്കാത്തതിന്‍റെ വിഷമത്തിലാവണം അടുത്ത ജന്മത്തില്‍ എല്ലാവരെയും സുഖിപ്പിച്ച് എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ ശ്രമിക്കാം എന്ന് പറയുന്നത്. ആദ്യം ഏതെങ്കിലും ഒരു പണി വൃത്തിയായി ചെയ്യാന്‍ പഠിച്ചാല്‍ പിന്നെ ഈ അലച്ചില്‍ വേണ്ടി വരില്ല എന്നതാണ് ഇങ്ങേര്‍ക്ക് ഇതുവരെ മനസിലാകാത്തത്.
മോഹന്‍ലാല്‍ മൂന്ന് ചിത്രങ്ങളിലെ പട്ടാളവേഷത്തിന് കേണലായെങ്കില്‍, പത്തുമുപ്പത് പോലീസ് വേഷം ചെയ്ത ഗോപിച്ചേട്ടനെ ഒരു ഐ.ജിയെങ്കിലുമാക്കണം എന്ന് ഫാന്‍സ് ക്ലബ്ബുകാര്‍ക്ക് ഒരപേക്ഷ കൊടുക്കാവുന്നതാണ്.
അല്ലെങ്കില്‍ അങ്ങേര്‍ക്കിപ്പം പ്രേക്ഷകരൊക്കെയുണ്ടോ?
ജനുവരിയില്‍ കോടീശ്വരന്‍ വീണ്ടും തുടങ്ങുമെന്ന് കേള്‍ക്കുന്നു. പടമില്ലാത്തവരുടെ ആലംബമായ ചാനലില്‍ ആ പണിയില്‍ ശോഭിക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കട്ടെ. അതോടെ പരാതികള്‍ക്ക് തല്ക്കാലം പരിഹാരമാകുമെന്ന് കരുതാം.
എന്നാലും ... അവതരണം ഒരല്പം റിയലിസ്റ്റിക്കാക്കാന്‍ സാധിക്കുമോ ചേട്ടാ...ഈ റിയാലിറ്റി ഷോയെങ്കിലും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.