ഒക്‌ടോബർ 10, 2012

ഡിജിറ്റലൈസേഷന്‍ വരുന്നു - ഡിഷ് ടി.വി പുതിയ പാക്കേജുമായി എത്തി





നാല് മെട്രോ സിറ്റികളില്‍ ഈ മാസം കേബിള്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കേബിള്‍ വരിക്കാര്‍ സെറ്റ് ടോപ്പ് ബോക്സ് ഉപയോഗിച്ചാലേ ചാനലുകള്‍ ലഭിക്കൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസ് (കണ്ടീഷണല്‍ ആക്സസ് സിസ്റ്റം) എന്ന പേരില്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പുതിയ ഡിജിറ്റലൈസേഷന്‍ പാരയാവുക വലിയ പ്രേക്ഷകരൊന്നുമില്ലാത്ത പേ ചാനലുകള്‍ക്കാണ്. തുടങ്ങുമ്പോളേ പേ ചാനലായി മറ്റ് പാക്കേജുകളില്‍ തിരുകി കയറ്റി വിടുന്ന പരിപാടി എല്ലാ പ്രമുഖ ചാനല്‍ കമ്പനികളും പയറ്റുന്ന അടവാണ്. ഇത്തരക്കാര്‍ക്ക് ഇത് ക്ഷീണം ചെയ്യും. ചിലപ്പോള്‍ പ്രേക്ഷകര്‍ കയ്യൊഴിയുന്ന ചാനലുകള്‍ പേ മോഡില്‍ നിന്ന് ഫ്രീയായി മാറാനും സാധ്യതയുണ്ട്.
ഈ അവസരം മുതലാക്കാന്‍ ആദ്യമിറങ്ങിയിരിക്കുന്നത് ഡിഷ് ടി.വി യാണ്.തങ്ങളുടെ ഡി.ടി.എച്ച് സര്‍വ്വീസില്‍ നാല് മെട്രോ നഗരങ്ങള്‍ക്കായി പ്രത്യേക പാക്കേജുമായാണ് ഇവരുടെ വരവ്. ബേസിക് ചാനല്‍ പാക്കേജായി 70 ചാനലുകള്‍ ഫ്രീയായി നല്കാനാണ് ഇവരുടെ പദ്ധതി. ഈ ബേസിക് പാക്കേജിന് 100 രൂപമാത്രമാവും നിരക്ക്. കേബിള്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി മറ്റ് ഡി.ടി.എച്ച് കമ്പനികളും ഏറ്റുപിടിക്കാനാണ് സാധ്യത. നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും ഇളവുകള്‍ ഓഫര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ആരംഭത്തില്‍ പുതിയ വരിക്കാര്‍ക്ക് മാത്രമാണ് ഡിഷ് ടി.വി ഓഫറെങ്കിലും വൈകാതെ നിലവിലുള്ളവര്‍ക്കും ലഭ്യമായേക്കും. എന്തായാലും ഡിജി്റ്റലൈസേഷന്‍ രാജ്യം മുഴുവന്‍ വന്നാല്‍ ഗുണം ചെയ്യുക പ്രേക്ഷകര്‍ക്കാണ്. പണികിട്ടുക കാണികളില്ലാത്ത പേ ചാനലുകള്‍ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.